രചന : ജയരാജ് പുതുമഠം✍
തോറ്റ് തൊപ്പിയിടുക എന്നത് അയാളുടെ കർമ്മരംഗത്തെ നിഴൽകൂട്ടായിരുന്നു എക്കാലത്തും.
മരുഭൂമിയുടെ ഊഷരതയിൽനിന്നാരംഭിച്ച ജീവിതയാത്രയിൽ എത്രയെത്ര മായാ ജലാശയങ്ങളിലൂടെയാണ് അയാൾ മുങ്ങിനിവർന്നത്.ഓരോ സ്നാന ഘട്ടങ്ങളിലും പിടിയിലൊതുങ്ങിയ വർണ്ണമുത്തുകൾ യാത്രാമധ്യേ ചോർന്നുപോയതിന്റെ നിരാലംബസ്മരണകൾ പലപ്പോഴും അയാളിൽ ഖിന്ന ഭാവത്തിന്റെ ഇഴകൾ തുന്നിചേർത്തിരുന്നു .
ധനാർജ്ജിത വാണിഭങ്ങളിൽ പൊതുവെ രേഖപ്പെടുത്താറുള്ള സുവർണ്ണമാലകളൊന്നും ചാർത്തപ്പെട്ടിട്ടില്ലാത്ത അയാളുടെ പ്രതിഭാസരണികൾ പലപ്പോഴും ഹരിതാഭയുടെ മിന്നലുകളാൽ സമൃദ്ധമായിരുന്നു.
ഒരോ തോൽവികളുടെയും സ്മരണക്കായി ശിരസ്സിൽ പ്രത്യക്ഷപ്പെട്ട ഇരുണ്ട തൊപ്പികളുടെ കൂമ്പാരം ചുമലിലെ ഭാണ്ഡക്കെട്ടിനുള്ളിൽ കുന്നുപോലെ വളർന്നു വലുതായി ക്കൊണ്ടിരിക്കുന്നതിനോടൊപ്പം തന്നെയാണ് തന്നെക്കാത്തിരിക്കുന്ന പുതിയ തോൽവി സംരംഭങ്ങളുടെ മഞ്ചലിലേറി അയാൾ മുന്നോട്ട് തെളിക്കപ്പെടാറ്.
അങ്ങനെയാണ് മൗലികരുചിയുടെ ചിറകിലേറി വയസ്സാംകാലത്ത് ഒരു അതിജീവന തണലിന്റെ ആലോചനയിലേക്ക് അയാൾ തിരികൊളുത്തിയത്. ജീവനെടുക്കുന്ന ജീവനില്ലാത്ത ജീവിയുടെ രഹസ്യബാന്ധവം നാടിന്റെ സിരകളെ ഞെക്കിപ്പിഴിഞ്ഞപ്പോൾ അയാളുടെ നവ സങ്കൽപ്പങ്ങൾക്കുമേലെയും പൊട്ടിച്ചിതറിയ അഗ്നിപർവ്വത ലാർവകൾ പുണർന്നു ചുംബിക്കുകയായിരുന്നു.
ഇന്നലെ ചാറിയ ചെറുമഴയിൽ മനസ്സ് കുളിർന്നപ്പോൾ ലോക്‌ഡൌൺ ഏകാന്തതയുടെ പടർന്നുപന്തലിച്ച വിരസതയോടൊപ്പം ചാരുകസേരയിലെ ഉച്ചമയക്കത്തിൽ നിന്നായിരുന്നു ഒരു ഇളംകാറ്റുപോലെ പുതിയൊരു ചന്ദനക്കിനാവ് അയാളുടെ മനസ്സിലൂടെ തഴുകിപ്പോയത്.
പ്രതീക്ഷകളുടെ ചിറകറ്റ നൊമ്പരവുമായി മുഖഛായവ്യതിയാനത്തോടെ പ്രത്യക്ഷപ്പെടുന്നവർക്ക് തലയിൽ അണിയാനായി തന്റെ തൊപ്പിശേഖരത്തിലെ എണ്ണിയാലൊടുങ്ങാത്ത തൊപ്പികളുമായി ഒരു ജാലവിദ്യക്കാരനെപ്പോലെ അയാൾ തെരുവിലേക്കിറങ്ങി.
‘തോറ്റ് തൊപ്പിയിട്ടവൻ’ എന്ന് വശ്യമായ വർണ്ണത്തോടെ ലിഖിതവും കോറോണയുടെ ആകർഷകമായ മുൾമുഖ മുദ്രയും അതിന്മേൽ നെയ്തുതീർക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .
“തൊപ്പിവേണോ.. തൊപ്പി..
തോറ്റ് തൊപ്പിയന്വേഷിച്ചു നടക്കുന്നവർക്കും,
തോറ്റ് തൊപ്പിയിടുവാൻ കാ ത്തിരിക്കുന്നവർക്കും,
തോറ്റ് എന്തുചെയ്യണമെന്ന പരിഭ്രാന്തിയിൽ അലയുന്നവർക്കും അനുയോജ്യമായ തൊപ്പികൾ..”
മുറിപ്പാടുകൾ ഏറെ സമ്മാനിച്ച ജീവിതപൻഥാവിലൂടെ ഭയപ്പാടുകളില്ലാതെ കാൽവരി പള്ളി ചത്വരത്തിൽ നിന്നാരംഭിച്ച യാത്ര പുരാതനവും ഗതകാല പ്രൌഢിയുടെ ഓർമ്മകൾ ചുമലിലേറ്റി ക്ഷീണിച്ചതുമായ വഞ്ചിക്കുളത്തിന്റെ ഓരത്തെത്തിയപ്പോൾ ഉരഗങ്ങളും നാൽക്കാലികളും പറവകളും അടങ്ങിയ ഭൂമിയുടെ പങ്കാളികൾ ഏകതാളത്തിൽ അവരവരുടെ സഹജമായ വികാരാഖ്യാനങ്ങളോടെ അയാളുടെ ഉദ്യമത്തിന് അഭിവാദ്യങ്ങൾ നേർന്നു. പണ്ട് കനോലി കനാലിലൂടെ നിറഞ്ഞ ഭക്ഷ്യശേഖരവുമായി ഓളങ്ങളുടെ വളകിലുക്കത്തോടെ കൊച്ചിത്തുറമുഖത്തേയ്ക്ക് ഗ്രാമങ്ങൾതാണ്ടി മദാലസയായി ഒഴുകിയിരുന്ന അതിന്റെ മഹിമകൾ ഇന്ന് അയാളുടെ വരണ്ട ജീവിതംപോലെ കേവലം ഓർമ്മകളുടെ കുടീരമായി അവശേഷിച്ചിരിക്കുന്നു.
റെയിൽവേ മേൽപ്പാലവും തരണം ചെയ്ത് മുന്നോട്ട് നീങ്ങവേ ഒന്നുരണ്ട് മുഖകാന്തി മങ്ങിയവർ അയാളുടെ തൊപ്പിശേഖരത്തിൽ നിന്ന് അനുയോജ്യമായവ വാങ്ങി സംതൃപ്തിയോടെ ശിരസ്സിലണിഞ്ഞു.
“ജാതി മത ഭേതമെന്യേ ഏവർക്കും അണിയാനുള്ള മിന്നുന്ന തൊപ്പികൾ..
സ്ത്രീ-പുരുഷ, ധനിക-ദളിദ..
വിദേശവാസം ഇച്ഛിക്കുന്നവർക്കും വിദേശത്തുനിന്ന് പുച്ഛിച്ചു വരുന്നവർക്കും..”
പാസ്പോർട്ട് ഓഫീസിന്റെ വരാന്തയിൽ വിയർപ്പുതുടക്കുന്നവരിലേക്ക് അയാളുടെ തൊപ്പികൾ മന്ദഹാസത്തിന്റെ പൂവമ്പുകളെറിഞ്ഞു.
അങ്ങനെ വൈവിധ്യസമൃദ്ധവും കാലവിളമ്പരങ്ങളുടെ കറയേറ്റ് കണ്ണീരറ്റ് കരഞ്ഞുമങ്ങിയതുമായ ഉടലുകൾക്ക് അനുയോജ്യമായ തൊപ്പികളുമായി അയാൾ തെരുവിന്റെ മാറിലേക്ക് ദൃഢഭാവത്തിൽ തോറ്റ് തൊപ്പിയിട്ട ശിരസ്സുയർത്തി.
പത്തേമാരികേറി ജീവൻ പണയം വെച്ച് ദുബായ് കടലിടുക്കിൽ നിന്ന് നീന്തിക്കയറി ജീവിതം കെട്ടിപ്പൊക്കിയവരുടെ പിൻഗാമികളും, ഉള്ളതും പെറുക്കിയെടുത്ത് കടമ്പകളേറെ കടന്ന് വിചിത്രഭാവുകത്വം തുന്നിച്ചേർത്ത മനസ്സുമായി ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരും കൂട്ടത്തിൽ വിരളമായിരുന്നില്ല.
പടിഞ്ഞാറൻ കടലോരഗ്രാമങ്ങളിലേക്ക് ചീറി പാഞ്ഞിരുന്ന അവരുടെ വാഹനവ്യൂഹങ്ങൾ അയാളുടെ അരികത്തു വന്ന് ഇഴഞ്ഞു. ഇനിയുള്ള ശേഷിച്ച ജീവിത വ്യാപാരങ്ങളെ നേരിടാനുള്ള പ്രതിരോധമെന്നോണം ഏതാനും തൊപ്പികൾ തെരഞ്ഞെടുത്ത് തലയിലേറി അവരും യാത്രതുടർന്നു.വിലപേശലുകൾക്കു വേണ്ടി സമയം കൂടുതൽ നഷ്ടപ്പെട്ടെങ്കിലും പ്രത്യാശകളുടെ പ്രകാശം തെളിഞ്ഞ മനസ്സോടെ അയാളുടെ സൈക്കിൾ ചക്രം കയറ്റങ്ങളെ വകവെക്കാതെ നിഷ്പ്രയാസം മുന്നോട്ടുരുണ്ടു.
തേക്കിൻക്കാടിനുചുറ്റുമുള്ള സ്വരാജ് വളയത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പുതന്നെ കാലികസമൂഹത്തിന്റെ ഒഴിച്ചുകൂടാനാകാത്ത അപരിചിതയാഥാർഥ്യം തിരിച്ചറിഞ്ഞ് കച്ചവടം തുടങ്ങിയ തന്റെ ദീർഘവീക്ഷണത്തിൽ അയാൾക്ക് അഭിമാനം വർദ്ധിച്ചിരുന്നു.
അവശ്യ വസ്തുക്കളുടെ വിതരണത്തിന് കോവിഡ് പ്രോട്ടോകോൾ അനുവാദം നൽകിയിരുന്നതുകൊണ്ട് നിയമപാലകരുടെ കാരുണ്യത്തിൽചാലിച്ച അനുമതി അയാളുടെ സേവനത്തിന് ഹരിതപരവതാനി ഒരുക്കികൊടുത്തു.ഒന്നുരണ്ട് തൊപ്പികൾ ഭാണ്ഡത്തിൽനിന്ന് കൈയ്യിട്ടുവാരിയ കാക്കിക്കാരുടെ കുലസ്വാഭാവത്തിൽ പരിഭവിക്കാതെ നഗരത്തിന്റെ ശുഷ്‌ക്കമായിപ്പോയ പാതയോരത്തുകൂടി അത്യുച്ചത്തിൽ തൊപ്പിവിശേഷങ്ങളുടെ സംഗീതാലാപനവുമായി തൊപ്പിക്കാരന്റെ കാലുകൾ തുരുമ്പെടുത്ത സൈക്കിൾ പെടലുകളിൽ ശക്തിയോടെ അമർന്നു.
ഇതിനിടയിൽ തൊപ്പിമാഹാത്മ്യത്തിന്റെ അലയടികൾ നഗരപ്രാന്തങ്ങളിലൂടെ ഒഴുകി.കുനിഞ്ഞ ശിരസ്സ് കാൽമുട്ടിലമർത്തി വിഹ്വലതയെ താലോലിക്കുന്ന ജനിതകസ്വഭാവമാറ്റം സംഭവിച്ച വരേണ്യവർഗ്ഗ മുദ്രകളണിഞ്ഞ പരാജിതപ്രമാണിമാരുടെ മട്ടുപ്പാപാവുകളിലും അയാളുടെ വാണിഭധ്വനികൾ പ്രതീക്ഷകളുടെ പൂമഴ തീർത്തിരുന്നു.
നേരം സന്ധ്യയോടടുത്തപ്പോൾ തന്റെ ലക്ഷ്യസാഫല്യത്തിന്റെ സംതൃപ്തിയോടെ മുഖത്തെ വിയർപ്പുകണങ്ങളൊപ്പി പൂരപ്പറമ്പിലെ വിദ്യാർഥി കോർണറിനരികെയുള്ള പ്രാവുകൾ കുറുകിയണയാറുള്ള മാഞ്ചോട്ടിൽ വിശ്രമിക്കാമെന്നുകരുതി ഭാണ്ഡക്കെട്ട് താഴെവെക്കാനൊരുങ്ങിയപ്പോൾ.. ദിക്കുകൾ പൊട്ടുമാറ് അന്തരീക്ഷത്തിൽ മുഴങ്ങിയ ഇരമ്പലിൽ ഞെട്ടിതിരിഞ്ഞ് കണ്ണുകൾ വിഭ്രാന്തിയോടെ വടക്കുന്നാഥന്ചുറ്റും പ്രദക്ഷിണംതീർത്തനേരം അയാളറിഞ്ഞു,
സ്വരാജ് വളയത്തിൽനിന്ന് സമസ്ത ഭൂകണ്ഡങ്ങളിലേക്കും ഒഴുകുന്ന പതിനെട്ടു വഴികളുടെയും ഉത്ഭവമുഖതാരിൽ
ആർത്തിരമ്പി കുതിച്ചണയുന്ന കടൽമാലകൾ കണക്കെ തിങ്ങിനിറഞ്ഞ അനന്തകോടി ശിരസ്സുകളും വേദനയോടെ അയാൾക്കുനേരെ നീണ്ടുവന്ന് ഒരേ പ്രാണസ്വരത്തിൽ യാചിക്കുന്നത്.
“തോറ്റവർ ശിരസ്സിലണിയുന്ന തൊപ്പിയുണ്ടോ..?
തിടുക്കത്തിൽ വിറയാർന്ന കൈകൾ തന്റെ അക്ഷയ തൊപ്പിശേഖരത്തിലേക്ക് പാഞ്ഞു പരതിയെങ്കിലും സംഭവപര മ്പരകളുടെ അത്ഭുതങ്ങളെ ഗർഭത്തിൽ വഹിച്ചിരുന്ന ആ ഭാണ്ഡക്കെട്ട് അനന്തതയിലേക്ക് പറന്നുയർന്ന് പടിപടിയായി അലിഞ്ഞില്ലാതാകുന്നത് പ്രകമ്പനം കൊള്ളുന്ന ഭൂമിയിൽ നിന്നുകൊണ്ട് അയാൾ ഖേദത്തോടെ ദർശിച്ചു.
വിണ്ണിലെ കൗമുദിയും മൂടുപടമില്ലാതെ കലങ്ങിയ കണ്ണുകളോടെ ആ വിചിത്ര ഭാണ്ഡകെട്ടിലേക്ക് ആർത്തിയോടെ കണ്ണെറിയുന്നത് അയാൾക്ക് വിദൂരതയിൽ കാണാമായിരുന്നു.