രചന : കൃഷ്ണമോഹൻ കെ പി ✍
✍️ഇഞ്ചി കടിച്ച കപിവരൻ പോലെയാ
മഞ്ചത്തിലേറുന്ന പഞ്ചമിയിൽ
സഞ്ചാര നാഥനാം നാരദമാമുനി
സഞ്ചയത്തോടെ മനസ്സിലെത്തീ
അഞ്ജലീബദ്ധനായ് വന്ദിച്ച നേരത്ത്
സഞ്ചാരിയാകുമാ മാമുനിയോ
അഞ്ചാതെ വാക്കിൻ്റെ വീഥിയിൽത്തന്നെ നീ
സഞ്ചരിച്ചീടുകയെന്നു ചൊല്ലീ
കഞ്ചാവടിക്കാതെ ലോകരെയെല്ലാമേ
കിഞ്ചിലാ ഭാവനാ ലോകതത്വം
ചിഞ്ചിലമോടൊന്നുകാട്ടാൻ വരികൾ തൻ
മൊഞ്ചൊന്നു കാണട്ടെയെന്നു മാത്രം
കൊഞ്ചുന്ന കുഞ്ഞിൻ്റെ വാക്യാമൃതങ്ങൾ പോൽ
സഞ്ചരിച്ചീടട്ടെ വായനകൾ
മഞ്ജരിയാകട്ടെ നിന്നുടെ വാക്കുകൾ
പഞ്ചബാണൻ തൻ ശരങ്ങളെപ്പോൽ
മഞ്ജരിയെന്നതു വൃത്തമല്ലെന്നങ്ങു
മഞ്ജുളചിന്തയിലോർത്തുകൊണ്ടേ
സഞ്ചരിച്ചീടുക മന്ദാകിനിയുടെ
പുഞ്ചിരി കണ്ടുകണ്ടേകനായീ
പഞ്ചാരയല്ലതിൻ കൂലങ്ങളിൽക്കാണും
മൺചിരാതല്ലയീ ജീവിതത്തിൻ
പഞ്ജരം തന്നിലെ ദീപമാണെന്നു താൻ
ചഞ്ചലചിത്തരേയോർത്തു നില്ക്കേ
കുഞ്ജകുടീരത്തിലേറുവാനായുള്ള
സഞ്ചാരപാത തുറന്നുവെന്നായ്
സഞ്ചാരി തന്നുടെ വാക്കുകൾ കേട്ടഥ
പുഞ്ചിരി തൂകിക്കിടന്നൂ അവൻ🪶