രചന : വിദ്യാ രാജീവ്✍
തപിക്കും സൂര്യതേജസ്സേ,
നിൻകോപാഗ്നിയിൽ
ഭൂമിമാതിൻ ഹൃദയമെരിയുന്നു!
വ്യാധിയായ് പേമാരിയായ്
കരയുന്നവൾ ദുരന്തമേറെയാൽ!
ദുരന്തപ്പേക്കൂത്തിൽ നിലതെറ്റി പതിച്ചിടുന്നു ജന്മങ്ങളനവധി!
നിറയുന്ന മിഴിനീർ കണങ്ങളാൽ അഴലേറ്റുന്നു പാവനയാം ധരിത്രി!
ശിഥിലമാകുന്നു സ്വപ്ന
കൂടീരങ്ങളെങ്ങും!
അനാഥരാവുന്നു കുരുന്നു
പൂമൊട്ടുകൾ!
പുതയുന്നു മണ്ണിൽ മന്നിൻ മക്കൾ
ഉരുൾപൊട്ടിയൊഴുകുന്ന
വികൃതിക്കുതാഴേ!
വിവശരായ് തീരുന്നു മനുഷ്യരാശി;
ഭയമേറിടുന്നുൾത്തടത്തിൽ
നിൻ ഭാവമാറ്റം കാൺകേ!
ഇതു കലികാലവൈഭവമോ,
അതോ കലിപൂണ്ട പ്രകൃതിതൻ പ്രതിഭാസമോ?
നിശ്ചയമില്ല, മനമേയിതു
വിധിയെന്നോർത്താശ്വസിക്കാം,
തരമില്ല മറ്റൊന്നുമിനിയും
മനസ്സേ പ്രാർത്ഥിച്ചു നില്ക്കാം!