രചന : രേഷ്മ ജഗൻ✍️

ശ്ശെടാ ഇതൊരു വല്ലാത്ത
ചെയ്‌ത്തായി പോയി.
ഇറങ്ങിപോവുമ്പോഴോരു വാക്കുമിണ്ടണ്ടേ.
തിരിച്ചേൽപ്പിക്കാനായ് ചിലതുണ്ടായിരുന്നു.
പൊതിഞ്ഞെടുക്കുമ്പോൾ ഇതും കൂടി എടുക്കാൻ പറയണമായിരുന്നു.
വേറൊന്നുമല്ല
എന്റെ ഹൃദയം നിറഞ്ഞു നീ തന്ന ചിരി.
ഒരുമിച്ചുണ്ട രുചി.
ചങ്കിലെ പിടയ്ക്കുന്നൊരു കടൽ
എന്റെ നെഞ്ചിലേക്കിറക്കിവച്ച ഭാരം.
വല്ലാത്തൊരു ചെയ്ത്തായെടോ
എന്റെ ചങ്കു പറിച്ചോണ്ട് പോയാമതിയായിരുന്നു.
ഇതിപ്പോ ഇവിടെ കിടന്ന് വല്ലാത്തൊരു പിടപ്പാ
എന്റെ കണ്ണാണേൽ ചങ്കിലെ കടല് വഴിതിരിച്ചു വിട്ടപോലാ.
ഈ കരളു പറിച്ചു തരാനാവാത്തതവിധം ഉള്ളം കലങ്ങിപോവുന്നു.
മരണത്തിന്റെ കുന്നു കെറുമ്പോഴേല്ലാം
ജീവിതത്തിന്റെ മിടിപ്പുമായി ഞാനിവിടുണ്ടെന്നു നീയറിഞ്ഞില്ലല്ലോ.
കവർന്നെടുക്കും മുൻപ് പോകുന്നോരെല്ലാം പൊതിഞ്ഞു കൊണ്ടുപോണം
പരസ്പരം പങ്കിട്ടതോരോന്നും.
കൊളുത്തിവയ്‌ക്കരുതൊരിക്കലും കണ്ണിലും കരളിലും ഓർമ്മകളുടെ ഒരു കണികപോലും.
ചുമക്കാനാവുന്നില്ലെടോ
നെഞ്ചിലെ നിന്റെ ഓർമ്മയുടെ ഭാരം.

By ivayana