രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍️

അക്ഷരമറിവായ്നാമെന്തിനുനേടി-
യിന്നവനിയിലൊരഗ്നിയായി
ജ്വലിപ്പതിനെന്തേ..യാവതില്ല?!
ആണ്ടുപോകുന്നുവോനമ്മൾ?
അന്ധരായ് മൂകരായി!?
അനീതികൾ കൊടികുത്തിവാഴവേ!


അക്ഷരം ചൊല്ലികൊടുക്കുവോർ ,
അധർമ്മവും ധർമ്മവും പഠിപ്പിച്ചിടേണ്ടവർ,
അരുമക്കിടാങ്ങളിൻ,
അരയഴിച്ചാനന്ദമേറുന്നു!


നീതിയും നിയമവും ന്യായവും,
നിലമറന്നൊറ്റുകാരാകുന്നു!
വാക്കൊന്നു പ്രവർത്തിമറ്റൊന്നാകവേ,
വാക്കിനുവിലയെന്തെന്നറിയാതുഴലുന്നു!


വിശപ്പിൻബീജമുള്ളിൽവളരവേ,
വിധിയെന്തെന്നു നിനച്ചിടാതെ,
വിഹരിച്ചൊരുവൻ കാടിറങ്ങി.. പിന്നെ,
നാട്ടുകൂട്ടത്തിൻവിധിയിലൊടുങ്ങിപോയവൻ!!
ഇന്നലെകണ്ടൊരാമുഖംഓർമ്മയില്ലെന്നുചൊല്ലി!
സാക്ഷികളേറയും”സാക്ഷ”യിട്ടുമറയുന്നു!
(കൂറു)കുറഞ്ഞവർ(മാറി)നിന്നീടുന്നു!


ഒരുപിടിയന്നത്തിനായ് ഉയിരുപൊലിഞ്ഞാരാ,
ഒന്നുമില്ലാത്തവനു ഉലകിലിന്നും..നീതിയില്ലേ?!
അവിശുദ്ധബന്ധത്തിനർത്ഥം,
അളന്നുവാങ്ങിയക്കങ്ങളിരട്ടിച്ചിടുന്നു നീതി!


ഇനിയുംജനിക്കും പുതുതലമുറക്കേകുവാൻ,
ഇനിയെന്തുനന്മകൾ നമ്മളിൻകൈയ്യിൽ?!
ആണ്ടുകളായ് അഭ്യസിച്ചിരുന്നവൻ,
ആ മത്സരേജയിച്ചതില്ല!
അക്ഷരമറിയാതരളിയിൽ വളർന്നവൻ!
ആ നാട്ടുപാട്ടിൽ ജയിച്ചതോകുറ്റം!?
അവനിലെ കറുപ്പും വെളുപ്പും കുലവും,
ഭാഷയും വേഷവും തിരയുന്നു!


അവനാദരമെന്തിനേകണം?
അതിനർഹതയവനുണ്ടോ?!
ആർത്തട്ടഹസിച്ചുറഞ്ഞു തുള്ളുന്നു!
അവനെ അപമാനിച്ചടങ്ങാതെ!
ഇല്ലായിവിടൊരുപുതുസന്ദേശവും,
ജനിമൃതികൾക്കേകുവാൻ!
ഇവിടമിന്നു ചെകുത്താൻ,
വാഴുന്ന നാടല്ലോ!!
അക്ഷരം അറിവായി നാം എന്തിനു നേടി?!!

ബി.സുരേഷ് കുറിച്ചിമുട്ടം

By ivayana