രചന : മധു മാവില✍️

കറുത്ത വാവ് കഴിഞ്ഞു… മഴ മാറി നിന്നിട്ടും ആകാശം വേണ്ടത്ര തെളിഞ്ഞതായ് തോന്നിയില്ല..
രാവിലത്തെ ആകാശമല്ലല്ലോ വൈകീട്ട് .
സൂര്യമാനസം പൂചൂടിയാലും അത്രക്ക് ഭംഗിയാവുന്നില്ല. വെയിൽചൂട് കൂടിയെങ്കിലും ഒരു മഴ പെയ്താൽ വീണ്ടും മണ്ണ് പെണ്ണായ് മാറും… അവളുടെ കാർമേഘങ്ങൾ
മൂടിക്കെട്ടിയ മനസ്സ് അന്നും തെളിഞ്ഞ് കാണില്ല. നിസ്സാര സംഭവമായിട്ടും വല്ലാതെ വേദനിക്കുന്നു. അതു കൊണ്ടാകാം കുറെയായിട്ട് ഒന്നിലും ഒരുത്സാഹം തോന്നുന്നില്ല.. ആരോടും പരിഭവവുമില്ല പിണക്കവുമില്ല..

പക്ഷെ പണ്ടുണ്ടായിരുന്നെന്ന് നാം തെറ്റിദ്ധരിച്ച പലതും പൊള്ളയായിരുന്നു എന്ന് മനസിലാക്കിത്തരാൻ ആ സംഭവം ഒരു നിമിത്തമായി.. തെറ്റിദ്ധാരണകൾ തിരുത്താനും തെറ്റുകൾ കഴുകി എടുത്ത് ഓർമിക്കാനും ഇനിയും തെറ്റ് പറ്റാതിരിക്കാനും പലകുറി മനസ്സ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. വയസ്സിത്രയായിട്ടും
എന്തേ താനിങ്ങനെയെന്ന് എന്നോട് ഞാൻ തന്നെ ചോദിക്കുന്നു.. മൗനമാണുത്തരം .. ന്യായീകരണങ്ങളില്ല.


പറ്റിയ അബദ്ധങ്ങളിൽ നിന്ന് സ്വയം മോചനം നേടാൻ മനസ്സ് പലവട്ടം രാത്രിയുടെ ഇരുട്ടിൽ ചാടി മറിഞ്ഞു.
തിരിഞ്ഞും മറിഞ്ഞും കിടന്നു. ഏകാന്തമായ മൗനത്തിൻ്റെ ദ്വീപിലേക്ക് കടത്തു തോണിയും കാത്ത്, എല്ലാത്തിൽ നിന്നും അകന്ന് മാറി ശാന്തമായ രാത്രിയിൽ കടൽക്കരയിലിരുന്നു… കടലിനും കലിയായിരുന്നു. തിരയുടെ രൂപത്തിൽ കടലും ഗർജിച്ചു.. അവസാനം കടലിലിറങ്ങി നിന്നുകൊടുത്തു ..എന്നിട്ടും തിരയടങ്ങിയില്ല തീരത്ത് കയറിവന്ന് കരയിലുള്ളവരിലേക്ക് പതഞ്ഞൊഴുകി.
കാൽക്കീഴിൽ നനഞ്ഞു പോയ കടലിലൂടെ നടന്നു നടന്നു മറുകരയിലെ കൊടുംകാട് കയറിയപ്പോൾ ചിന്തകൾ ഒറ്റക്കായിരുന്നു.


നടന്ന് തളർന്നപ്പോൾ കാട്ടരുവിയുടെ കരയിലിരുന്നു കൈ വെള്ളയിൽ വെള്ളം കോരിക്കുടിച്ചു. കാട്ടരുവിയും എന്നോട് ആ ചോദ്യങ്ങൾ ചോദിച്ചു. തനിക്കിതിൻ്റെ ആവശ്യമുണ്ടായിരുന്നോ…! ആർക്കും വേണ്ടാത്തത് എന്തിന് ചെയ്തു….! അത് ചെയ്യുന്നതിന് മുന്നെ വിവരമുള്ളവരോടെങ്കിലും പറയാമായിരുന്നില്ലേ..! തനിക്ക്
നിസ്സാരമെന്ന് തോന്നുന്നത് മറ്റുചിലർക്ക് വലിയ കാര്യമായിരിക്കും . ഇങ്ങോട്ട് ഏത് സമയത്തും എങ്ങിനെയും പെരുമാറിയവർ ഓർക്കാതെ പോയതും… അത് തന്നെയെന്ന് ഒരു കുരങ്ങൻ അടുത്ത് വന്ന് പറഞ്ഞിട്ട് അടുത്ത മരത്തിലേക്ക് ചാടിക്കയറി.


എല്ലാവർക്കും സ്വന്തം ഇഷ്ടങ്ങളുണ്ടാകുമെന്ന് ഒരു വേള നാം നമ്മുടെതെന്ന് കരുതിയവർ എന്തായാലും എത്രയൊക്കെയായാലും നമ്മുടെതല്ലെന്ന്
ഓർമ്മിപ്പിച്ചത്, അന്നെല്ലാം തനിക്കും തൻ്റെതായ ഇഷ്ടങ്ങൾ ഉണ്ടായിരുന്നില്ലേ എന്തേ പറഞ്ഞില്ല .. അരുവിക്കരയിൽ നിന്ന് അടുത്തേക്ക് വന്ന ചെമ്പോത്ത് ഓർമിപ്പിച്ചു. ഇനി മറക്കരുത്.


ഇത്രയൊന്നും ഓർക്കാതെ ഒരാവേശത്തിന് ചെയ്തതാണ്… മനസ്സിനോട് പലവട്ടം ക്ഷമ ചോദിച്ചു… തണുത്തുറഞ്ഞ് പോയ മൗനത്തിൻ്റെ ചെപ്പിൽ കയറി എത്രയോ ദിവസങ്ങൾ ധ്യാനം ചെയ്തു. ആൾകൂട്ടങ്ങളിൽ നിന്ന് റോഡിലേക്ക് വീണുപോയ ചുകന്ന മഞ്ചാടിക്കുരുവിലേക്ക് നൂഞ്ഞ് കയറിയൊളിച്ചു.. പാതിരാത്രിയിലെ ഇരുട്ടിനോട് ഇതുവരെ പറ്റിയ എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞു.. എന്നിട്ടും കുറ്റബോധം ഉറങ്ങാൻ സമ്മതിക്കുന്നില്ല. ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റ് യേശുവിനോട് യൂദാസ് പോലും ചെയ്യാത്ത അപരാധമാണിതെന്ന് മനസ്സിൻ്റെ നിഴലുകൾ കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.


എത്രയോ രാത്രികൾ ഉറക്കം കൂടെവരാതെ പിണങ്ങി നിന്നു. അരുതാത്തത് , ശകുനി പോലും പറയാൻ മടിക്കുന്ന കാര്യം ചെയ്തതിൽ .,മറ്റുള്ളവർക് ഇഷ്ടമല്ലാത്തത് തണുത്ത കാറ്റിനോട് ചെവിയിൽ പറഞ്ഞതിന് പിണക്കമാണ് എല്ലാവർക്കും .. മരുഭൂമിയിലെ കാറ്റിനും കടലിനും തിരമാലകൾക്കും
കറുത്തവാവിലെ ബലികർമങ്ങൾ കൊണ്ടും മോക്ഷം കിട്ടാതെ അലഞ്ഞു തിരിയുന്ന ആത്മാക്കളെന്നെ നോക്കി വെറുതെ ചിരിക്കുന്നത് ഞാൻ കണ്ടു..
കർമ്മദോഷങ്ങൾ കുത്തിനോവിക്കുന്ന
മുറിവുകളിൽ നിന്ന് ചോര പൊടിയുമ്പോഴും കുറ്റബോധം കളിയാക്കി ചോദിക്കുകയാണ്.


വേണ്ടാത്തതിന് പോയിട്ട് എന്ത് കിട്ടി…. മിണ്ടാതിരുന്നൂടെ ഇനിയെങ്കിലും …
കടലിനക്കരെയും പ്രതിദ്ധ്വനിക്കുന്ന ചോദ്യം.
എന്തു നേടി..?..
ആൽപ്പസ് പർവതത്തിൻ്റെ അടിവാരത്തിൽ, വൻ മരങ്ങൾക്കിടയിലേക്ക് ഊർന്ന് വീണ വാക്കുകൾ.
തലയുയർത്താനാവാത്ത ജാള്യതയിൽ
തലതാണു പോയി.


പലതരം അസഹ്യമായ പൊട്ടിച്ചിരികൾ ഇരു കാതിലും കുത്തിക്കയറുന്നു..
എല്ലാവർക്കുമുള്ളത് പോലെയുള്ള തൻ്റെ ഇഷ്ടങ്ങളും
ആർക്കും കൊടുക്കാതെ
ആരെയും കാണിക്കാതെ
കടലാഴങ്ങളിലെ സ്വർണ നിറമുള്ള വലംപിരി ശംഖിൽ സൂക്ഷിക്കണം.. കേട്ടോ..
….അശരീരി പോലെ …
പിന്നിൽ നിന്ന് ആരോ പറയുന്നത് കേട്ടു…
കാട്ടുചോലക്കരികിൽ നിന്ന് എണിറ്റ്
ശബ്ദം കേട്ട ദിക്കിലേക്ക് വേഗത്തിൽ നടന്നു. ശീതക്കാറ്റിൻ്റെ മൂളൽ മാത്രം കാതിൽ ബാക്കിയായ്…

മധു മാവില

By ivayana