രചന : ചെറുകൂർ ഗോപി✍️
ജനി തൻ മാറിലായ്
തലചായ്ച്ചുറങ്ങണം
മുദിതമായ് മാലേയ
സംവൃതയാകണം….!
വൃജനമാം ദേഹിയും
വ്യർത്ഥ സങ്കല്പമായ്
മന്വന്തരങ്ങളായ്
മായതൻ മറവിലും….!
കലുഷിതമായ്ക്കൊണ്ടു
ആബധ്യനായതും
കർമ്മ ഭോഗത്തിൻ
കനൽച്യുതിയാമതു……!
പക്വമാം വാക്കുകൾ
നിഷ്ഠയാം ജീവിതം
മൃത്യു തൻ സത്യവും
ഗമനീയമാകണം………!
തർപ്പണം ചെയ്തു
മനസ്സും നിറയണം
ഛായാതരുക്കളിൽ
സ്നാനം ചെയ്യണം…….!
തിലകാണ്ഡമായൊരു
സൂനമായ് നിന്നുടെ
മാറിലെൻ കർമ്മമാം
ഭാണ്ഡമിറക്കണം………!!