രചന : സുധീഷ് കുമാർ മമ്പറമ്പിൽ✍

ചാലിയാർ പുഴയുടെ തീരത്ത് മണൽ തരികൾ വാരിയെടുത്ത് കൈകൾക്കുള്ളിലൂടെ ഒഴുക്കി വിട്ട് സായം സന്ധ്യയുടെ അഭൗമമായ സൗന്ദര്യത്തിലലിഞ്ഞ് എത്രയിരുന്നാലും മതിയാവില്ലായിരുന്നു അവർക്ക്.


അവർ, ജയനും മുംതാസും, ജോലി സ്ഥലത്ത് കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചവർ ബന്ധുക്കളെ ഭയന്ന് കുറച്ചകലെ ചാലിയാർ പുഴയുടെ അടുത്ത് വാടക വീട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട് അധികമായില്ല. പഞ്ചാര മണലിൽ കളിവീടുണ്ടാക്കുകയും ഉടച്ച് മറ്റൊന്ന് പണിതു കൊണ്ടിരിക്കുന്ന ജയന്റെ കൈത്തലം കവർന്ന് അവൾ വിളിച്ചു ” ഇക്കാ, ഇങ്ങക്കെന്നെ വെറുപ്പുണ്ടോ” , ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു കൊണ്ട് അവളെ ശുണ്ഠി പിടിപ്പിക്കുവാൻ അവൻ പറഞ്ഞു, പിന്നില്ലാതെ, എനിക്ക് ഭയങ്കര വെറുപ്പല്ലേ, കയ്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യാണ്ട്, ഇയ്യെന്റെ ചങ്കീ കേറിയിരിക്കല്ലേ ചക്കരേ. ഇതും പറഞ്ഞു അവൻ അവളുടെ ഉള്ളം കൈകളിൽ ഒരു പിടി മണൽ തരികൾ നിറച്ചു.


കൈ പിൻവലിച്ചു അവൾ വീണ്ടും പറഞ്ഞു, അതല്ലിക്കാ, കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞില്ലാതെ, നിക്ക് വല്ലാണ്ടാവ്ണണ്ട്. അയൽപക്കത്തുള്ളോരൊക്കെ ചോദിച്ചു തുടങ്ങി. പിന്നെ ഉമ്മച്ചി, വിളിച്ചപ്പോൾ പറഞ്ഞു, ഒരു കുഞ്ഞുണ്ടായാൽ ബാപ്പച്ചീന്റെ പിണക്കെല്ലാം മാറി കുടീ കേറ്റുംന്ന്. അതാ ഞാൻ… ഒന്നും മിണ്ടാതെ അവളുടെ കൈത്തലം കവർന്ന് ഉമ്മ വെക്കുമ്പോൾ നല്ല കുടുംബത്തിൽ നിന്നും അവളെ അടർത്തിയെടുത്തതിന്റെ കുറ്റബോധം അയാളെ ചൂഴ്ന്നു നിന്നിരുന്നു.
പിന്നെയും രണ്ട് വർഷങ്ങൾക്ക് ശേഷം മോളുടെ പിറന്നാളിനാണ്, പടിക്കൽ ഒരു കാർ വന്നു നിന്നത്. അതിൽ നിന്നും ഇറങ്ങി വന്നവരെ കണ്ട് ഒരു നിമിഷം ഭയന്ന് ജയൻ അകത്തേക്കോടി, മുംതാസിനോട് പറഞ്ഞു, മുത്തൂ, അന്റ ബാപ്പ വന്നേക്കുന്നു. ഒരു മിന്നൽ പിണരേറ്റതു പോലെ നിന്ന അവൾ പെട്ടെന്ന്

മുൻവശത്തേക്കോടിയെത്തുമ്പോഴേക്കും അവർ മുറ്റത്തെത്തിയിരുന്നു. ഉമ്മയെ കണ്ടതും ഒന്നും ഓർക്കാതെ ഓടിച്ചെന്ന് കെട്ടി പിടിച്ചു. കുറെ നേരത്തെ കരച്ചിലിനും ഉമ്മ വെക്കലിനും ശേഷമാണ് ബാപ്പയെ ശ്രദ്ധിക്കുന്നത്. കണ്ണുകൾ ഈറനണിയിച്ചു മോളെ തന്നെ നോക്കി നിൽക്കുകയായിരുന്നു, അത്രയും നേരം. അപ്പോഴേക്കും ജയൻ വന്ന് കൈപിടിച്ച് അവരെ വീട്ടിലേക്ക് കേറ്റി.
കോരിച്ചൊരിയുന്ന മഴയുണ്ടായിരുന്നു. പിറന്നാളാഘോഷം തുടങ്ങുമ്പോൾ. ഇടക്ക്, ജയന്റെ കൂട്ടുകാരിലൊരാൾ വിളിച്ചു പറഞ്ഞു, മലയിലെവിടെയോ നമ്മുടെ ഭാഗത്ത് നിന്നും വലിയ അകലെയല്ലാതെ ഉരുൾ പൊട്ടിയിട്ടുണ്ട്. പഞ്ചായത്ത് മെമ്പർ എല്ലാവരോടും കരുതിയിരിക്കാൻ പറഞ്ഞിട്ടുണ്ട്. മോളുടെ പിറന്നാളാഘോഷത്തിനിടക്കാണ് ഉരുൾ പൊട്ടലിന്റേയും മലവെള്ളപ്പാച്ചിലിന്റേയും ഫ്ളാഷ് ന്യൂസ് ടീവിയിൽ ഹെഡ്ലൈനുകളായി തെളിഞ്ഞത്.

അപ്പോഴേക്കും വണ്ടിയുടെ ഡ്രൈവർ ഓടിയെത്തി പറഞ്ഞു, റോട്ടിൽ മുഴുവൻ വെള്ളം കയറി തുടങ്ങി, വേഗം പോകാം. മനസ്സില്ലാ മനസ്സോടെ ഉപ്പയും ഉമ്മയും മോൾക്ക് ചക്കരയുമ്മയും കൊടുത്ത് യാത്ര പറഞ്ഞിറങ്ങി. അവരെ യാത്രയാക്കാൻ മുംതാസ് ഗേറ്റ് വരെ പോയി, മോളെ മതിലിൽ ഇരുത്തി കാറിന് ടാറ്റാ കൊടുത്ത്, അടുത്ത വീട്ടുകാരോട് മഴയുടെ വിവരങ്ങൾ അന്വേഷിക്കുമ്പോഴാണ് വീടിന് മുന്നിലെ മരം വീണ് മതിൽ തകർന്നതും മലവെള്ളം പാഞ്ഞെത്തിയതും. മതിലിൽ ഇരുത്തിയ മോളെ പിടിച്ച കൈയ്യിൽ നിന്നും എടുത്തെറിഞ്ഞതു പോലെ മോൾ മലവെള്ള പാച്ചിലിലേക്ക് വീണു, കൂടെ അവളും.


ഒരു നിമിഷം സ്തംഭിച്ചു നിന്ന ജയനും അയൽവാസികളും നാട്ടുകാരും മലവെള്ള പാച്ചലിനിടയിലും അവരെ രക്ഷിക്കാൻ ശ്രമിച്ചു. കുറെ നേരത്തെ തിരച്ചിലിനൊടുവിൽ ഒഴുകി വന്ന മരത്തടിയിൽ പിടിച്ച് ബോധമില്ലാതെ കിടന്ന മുംതാസിന്റെ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി, ആശുപത്രിയിൽ എത്തിച്ചു. പക്ഷേ മോളെ അപ്പോഴും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.


തലേ ദിവസം രാത്രി തുടങ്ങിയ മഴയും മലവെള്ള പാച്ചലിന്റെ ശക്തിയും രാവിലേക്ക് കുറഞ്ഞിരുന്നു. ഒരുപാട് വീടുകളും കൃഷിയും കന്നുകാലികളും എന്ന് വേണ്ട സകലതും തകർത്തെറിഞ്ഞ പ്രകൃതിയുടെ താണ്ഡവം തന്നെയായിരുന്നു തികച്ചും അപ്രതീക്ഷിതമായി യാതൊരു മുന്നറിയിപ്പും ഇല്ലാത്ത മലഞ്ചെരുവിൽ നിന്നും അകലെയായി ചാലിയാറിന്റെ തീരത്ത് താമസിച്ചിരുന്നവർക്ക് സംഭവിച്ചത്.
എങ്ങും സർവ്വതും നഷ്ടപ്പെട്ട്, ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരുടെ കരളലിയിക്കുന്ന കാഴ്ചകൾ മാത്രം. മനസ്സും ശരീരവും മരവിച്ച നിമിഷങ്ങളിലും തളരാതെ കോരിച്ചൊരിയുന്ന മഴയിലും നാട്ടുകാർ ഒന്നായി കാണാതായവരുടെ ഒരു ചെറുവിരലനക്കമെങ്കിലും കൊതിച്ച് ചെളിയിൽ പുതഞ്ഞ പോയ ഓരോ ഭാഗവും കയ്യിൽ കിട്ടിയ വടിയും ആയുധങ്ങളും ഉപയോഗിച്ച് മാറ്റി തിരഞ്ഞു കൊണ്ടിരുന്നു.

രാവിലെ സ്കൂളിലെ സ്കൗട്ട് ടീം കുട്ടികളും നാട്ടുകാരോടും സന്നദ്ധ പ്രവർത്തകരോടുമൊപ്പം കൂടി കാണാതായവരെ തിരയാൻ തുടങ്ങി, മുംതാസിനെ കണ്ടെടുത്ത ഭാഗത്ത് വളരെയടുത്ത് കൈയെത്തും ദൂരത്തു നിന്നും മോളുടെ ചെളിയിൽ പുതഞ്ഞ ശരീരം കണ്ടെടുക്കുമ്പോൾ ജയനോടൊപ്പം നാടൊട്ടുക്കും നടുങ്ങി വിറങ്ങലിച്ചിരുന്നു.


അപ്പോഴും ചാനൽ ചർച്ചകളിൽ തുടർ കഥയാകുന്ന മഴക്കെടുതികളും പരിഹാര മാർഗ്ഗങ്ങളേയും പറ്റി ഘോരം ഘോരം പ്രസംഗിച്ചു കൊണ്ട് ഭരണവർഗ്ഗവും പ്രതിപക്ഷവും പരസ്പരം ചെളി വാരിയെറിയുന്നുണ്ടായിരുന്നു. ഒരിക്കലും പഠിക്കാത്ത അനുഭവങ്ങളിൽ വിറങ്ങലിച്ചു നിസ്സഹായരായി നിൽക്കേണ്ടി വരുമ്പോഴും, ഒരു അനുശോചനക്കുറിപ്പിലൂടെ, ഒരു സഹായ ധനത്തിലൂടെ എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടി, തിളങ്ങുന്ന പച്ചനോട്ടുകളിലെ “ഗാന്ധിസത്തിൽ” മയങ്ങി രാഷ്ട്രീയ പ്രമുഖർക്ക്, പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പോലും മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും കാറ്റിൽ പറത്തി മരം മുറിക്കാനും മണലൂറ്റുവാനും, ക്വാറികൾക്കും പാറമടകൾക്കും അനുമതി നൽകുവാൻ അച്ചാരം വാങ്ങിയവരാണ് അവർ.

(മലവെള്ള പാച്ചിലിൽ ജീവൻ പൊലിഞ്ഞ രണ്ടര വയസ്സുകാരി നുമ മോൾക്കും മറ്റനേകം ജീവനുകൾക്കും വേണ്ടി പ്രാർത്ഥനയോടെ.)

By ivayana