രചന : സജി കണ്ണമംഗലം ✍

പണ്ടുഞാൻ ലൂയിസ് പാസ്ചർ ജനിക്കുന്നതിൻ മുമ്പേ
പേപ്പട്ടിവിഷമേറ്റു മരിച്ചൂ ,വീണ്ടും വന്നു
ഞാനന്നു മരിച്ചിട്ടും മരിക്കാതിരിക്കുന്ന
ജ്ഞാനധാരകൾ പഴഞ്ചൊല്ലുകളായീ മണ്ണിൽ
ഞാനന്നു വിരൽ ചൂണ്ടിയനീതിക്കെതിരായി,
മാനവസമൂഹത്തെക്കണ്ടുഞാൻ പുരാണത്തിൽ
നീതിയുമനീതിയും വേറിട്ടുകാട്ടാൻ കാലിൽ
ഏതൊരു കവി ചിലമ്പണിഞ്ഞു ചൊല്ലൂ നിങ്ങൾ?
അച്യുതൻ തന്നെപ്പോലും വിമർശ്ശിച്ചെഴുതുവാൻ;
പച്ചയും കുത്തീ ഞാനെൻ ദൗത്യത്തെയറിഞ്ഞവൻ
രാജാവുഭരിച്ചപ്പോഴുൾഭയം കൂടാതേഞാൻ
രാജസന്നിധിയിലും വാക്കിന്റെ ശരമെയ്തു
വാഗ്വിലാസത്താൽ വാണീദേവിയെയുപാസിച്ചു
വാക്കിന്റെ ധൂർത്തും നല്ല ശൃംഗാരരസങ്ങളും,
പാടുവാൻ കഴിഞ്ഞില്ല മാനുഷർ നരകിക്കെ
ആടുവാൻ കഴിഞ്ഞില്ല തുള്ളിഞാൻ വിറകൊണ്ടു.
അങ്ങനെ കവികളിലാദ്യത്തെക്കമ്യൂണിസ്റ്റായ്
വിങ്ങലെൻ കരളിനെയങ്ങനെ മഥിച്ചപ്പോൾ;
ആക്ഷേപഹാസ്യം കൊണ്ടു ചിരിക്കാൻ ,ചിന്തിപ്പിക്കാൻ
ആദ്യത്തെത്തുള്ളൽ തുള്ളിയത്തുള്ളലിന്നും തുള്ളാൻ;
ആമയമൊഴിഞ്ഞോരെന്നനുയായികൾ വീണ്ടും
ആ മണിക്കിരീടവും ചൂടിവന്നെത്തീടുന്നോർ.
വീണ്ടുമെന്നാത്മാവിന്റെ ചോദന വികസിക്കേ
വേറിട്ട ജന്മം പൂണ്ടൂ ശാസ്ത്രജ്ഞനായീ ഞാനും!
പേപ്പട്ടി വിഷത്തെയും നീർവ്വീര്യമാക്കാൻ ഞാനെൻ
പ്രേരണാചൈതന്യത്തെയുണർത്താനൊരുമ്പെട്ടു.
ലോകത്തിനായിട്ടെന്റെ കർമ്മവും നിറവേറ്റി
ലോകത്തുനിന്നേപോയിട്ടേറെ നാൾ കഴിഞ്ഞപ്പോൾ;
വീണ്ടുമെൻ പാപം തീരാതങ്ങനെ പിറന്നൂ ഞാൻ
വീണതിക്കുഗ്രാമത്തിൽ , കണ്ണമംഗലത്തല്ലോ.
സ്വാർത്ഥത മാത്രം കണ്ടു വളർന്നു ഞാനും
സ്വതേ ഫേസ്ബുക്കിലെഴുതുവാൻ തുടങ്ങീ പ്രശംസയ്ക്കായ്!
എന്നുടെ ദുഃഖം മാത്രമെന്നുടെ പ്രേമം മാത്രം
എന്നിലേയ്ക്കാഴ്ന്നു ഞാനെൻ നന്മയെ മുക്കിക്കൊന്നു!
ഇന്നെന്റെയാത്മാവിൽനിന്നിറങ്ങിപ്പോയീ കാവ്യം
എന്നെ ഞാനെഴുതുവാൻ തുടങ്ങിക്കഴിഞ്ഞപ്പോൾ
എങ്ങനെ പോകാതൊക്കും സ്വാതന്ത്ര്യം ലഭിച്ചിട്ടും
തിങ്ങിയ ഭയം പൂണ്ടു കവിയായ് ചമയുമ്പോൾ?

By ivayana