രചന : റസിയ അബ്ബാസ് കല്ലൂർമ്മ✍

നിദ്രയില്ലാതെ
നിശയുടെ യാമങ്ങളിൽ
ജനലഴികളിൽപിടിച്ച് പുറത്തേക്ക് നോക്കിനിൽക്കുകയാണ് ഞാൻ.
നിറംമങ്ങിത്തുടങ്ങിയ ഓർമ്മകൾക്കുമേലുള്ള
ഇളംകാറ്റിന്റെ
തലോടലാകാം ആ ദിനങ്ങളെക്കുറിച്ചുള്ള നേർത്ത നൊമ്പരം എന്നിൽ നിറച്ചത്.
നേരിയ ചാറ്റൽമഴയുടെ കുളിരിനെ വരവേറ്റ് വഴിയിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു ഞാൻ.
അപ്പോഴാണ്
…”മോനേ വഴിതെറ്റി വന്നതാണ്
എനിക്ക് ഇച്ചിരി വെള്ളം തരൂ”… എന്ന്
മുത്തശ്ശിയുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു സ്വരം കേട്ടത്.
ഞാൻ വേഗംചെന്ന് ഒരു പാത്രംനിറയെ ഇളംചൂടുള്ള വെള്ളമെടുത്ത് അവർക്ക് നൽകി.
എത്രയോദൂരം നടന്നുവന്നതിൻ്റെ
ദാഹംകൊണ്ടാവാം…..
വെള്ളം ഒറ്റശ്വാസത്തിൽ അവർ അകത്താക്കി.
“ഇവിടെ എങ്ങനെ എത്തി അമ്മേ.?
അമ്മ തനിച്ചാണോ ?
തുടർന്നുള്ള എന്റെ ചോദ്യങ്ങൾക്കുമുമ്പിൽ അവരുടെ നയനങ്ങൾ ഈറനണിഞ്ഞു.
പിന്നെ,
ജീവിതത്തിലെ ഏകാന്തതയെകുറിച്ചും,
ഒറ്റപ്പെടലിൻ്റെ ,
അനാഥത്വത്തിൻ്റെ ;
നൊമ്പരത്തിൻ്റെ; വിശപ്പിന്റെ…..
അങ്ങനെ എല്ലാ കാര്യത്തെക്കുറിച്ചും വിശദമാക്കി അവർ പറഞ്ഞുതുടങ്ങി.
.”എൻ്റെ ഭർത്താവ് നഷ്ട്ടപ്പെട്ടു.
എനിക്ക് താലോലംപാടി ഉറക്കാനായി
കാരുണ്യവാൻ നൽകിയ നാലുമക്കളിൽ രണ്ടുപേരെ മരണം തൊട്ടുണർത്തികൊണ്ടുപോയി.
ബാക്കി രണ്ടുമക്കൾ….
അവർ ഉള്ളതും ഇല്ലാത്തതും ഒരുപോലെയാണ് ”.
90ാംവയസ്സിലും ആ അമ്മയെ കണ്ടപ്പോൾ, അവരുടെ കഥകൾ കേട്ടപ്പോൾ
എന്റെ കണ്ണുകളും ഈറനണിഞ്ഞു.
“കരുതലും താങ്ങുമാകേണ്ട മക്കൾ….
അവർക്ക് ഇന്ന് ഞാൻആരുമല്ലാതായി കുഞ്ഞേ” എന്ന അവരുടെ വാക്കുകൾക്കിടയിലും,
തളരില്ല എന്ന നിശ്ചയദാർഢ്യം അവരിലുണ്ടായിരുന്നത് ഞാൻ അറിഞ്ഞു..
ഇത്തിരിനേരത്തെ വിശ്രമത്തിനൊടുവിൽ യാത്രപറയുമ്പോൾ
യൗവനത്തെ കാർന്നുതിന്ന് ചുക്കിച്ചുളിഞ്ഞ ആ കൈകളിൽ ഞാനൊരു നൂറുരൂപനോട്ട് വച്ചുകൊടുത്തപ്പോൾ
അനുസരണയുള്ള ഒരു കുഞ്ഞിനെപ്പോലെ ഞാൻ നീട്ടിയ ആ നോട്ട് വാങ്ങി ചുരുട്ടിപിടിച്ച് നൊമ്പരത്തിന്റെ നെടുവീർപ്പിമിട്ട്
അവർ നടന്നകന്നു.
ആ അമ്മയെ നോക്കിനിൽക്കവേ..
എന്നെ ജീവന്റെ ജീവനായി സ്നേഹിച്ച എന്റെ പൊന്നമ്മയെ
മരണത്തിന്റെ കൈകൾ ചേർത്തുപിടിച്ച വേദനിപ്പിക്കുന്ന ആ ദിനം കൺമുമ്പിലെന്നപോലെ എന്റെ മനസ്സിൽ തെളിഞ്ഞു.
സ്നേഹമായും ,
സ്വാന്തനമായും,തണലായും നിലവിളക്കായും അമ്മ
നിറഞ്ഞുനിന്നിരുന്ന ആ കാലം എന്റെ ജീവിതത്തിലെ സുവർണകാലമായിരുന്നു.
എന്നും എന്നെനോക്കി ചിരിക്കുന്ന
തിങ്കൾകലയിലും സൂര്യരശ്മിയിലുമൊക്കെ എൻ്റെ അമ്മയുടെ മുഖവും സ്നേഹവും നിഷ്കളങ്കതയും ഞാൻ കാണുന്നു.
“ഉറങ്ങുന്നില്ലേ”?
ഓർമ്മകൾക്ക് തിരശ്ശീലയിടാനെന്നവണ്ണം പ്രിയതമയുടെ ചോദ്യം.
പൊടുന്നനെയാണ് ഞാൻ അമ്മയോർമ്മയെന്ന സ്നേഹത്തിൽവലയത്തിൽനിന്നും മോചിതനായത്.
ദൂരെയെവിടേയോ ഒറ്റപ്പെട്ട് കഴിയുന്ന ആ അമ്മയുടെ
ശോഷിച്ച കരങ്ങളും ഇടറിയ വാക്കുകളും ഈറനണിഞ്ഞ കണ്ണുകളും നേർത്തനൊമ്പരമായി എന്നിൽനിറയുന്നു.
പാതിചാരിയ ജനൽപാളിയിലൂടെ എന്നെ തഴുകിയെത്തിയ ഇളംതെന്നലിന്റെ തലോടലിൽ എന്റെ മിഴികൾ എപ്പോഴോ മെല്ലെ അടഞ്ഞു…….
മോനേ… മോനേ.. എന്ന സ്നേഹപൂർണ്ണമായ വിളികൾ ആ ഇളംകാറ്റിലുണ്ടായിരുന്നു.

By ivayana