രഹന ഫാത്തിമ ഒരിക്കൽക്കൂടി വിവാദത്തിന്‍റെ കണ്ണായിരിക്കുന്നു. മുൻപ് അവരുടെ തുടയായിരുന്നു പ്രശ്നമെങ്കിൽ അതിപ്പോൾ മാറിടമായിരിക്കുന്നു. വിവാദവിഷയമായ വീഡിയോയിൽ രഹനയുടെ മക്കൾ അമ്മയുടെ മാറിടത്തിൽ ചിത്രം വരയ്ക്കുന്നതാണ് കാണുന്നത്. ‘രാഷ്ട്രീയവും ശരീരവും’ എന്ന തലക്കെട്ടോടുകൂടിയാണ് ഈ വീഡിയോ പുറത്തു വന്നത്. അമ്മയുടെ മാറിടം കുട്ടികൾക്ക് പടം വരയ്ക്കാനുള്ളതാണെന്നുള്ള തെറ്റിദ്ധാരണ പരത്തുന്നുവെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ നഗ്നതാ പ്രദർശനത്തിൽ പങ്കാളികളാക്കിയെന്നും പറഞ്ഞു കൊണ്ട് കേരളത്തിന്‍റെ സദാചാരം തകർന്നു എന്ന ആരോപണത്തോടെയാണ് രഹനക്കെതിരെ ഒരു കേസ് തിരുവല്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പതിവു പോലെ വലതുപക്ഷ വാദികളാണ് രജിസ്റ്റർ ചെയ്തത് എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
.
എന്നാൽ ഇത് ഒരു പ്രതിഷേധ കലയാണെന്നാണ് രഹന സൂചിപ്പിക്കുന്നത്. ഒളിഞ്ഞു നോക്കാൻ ഇഷ്ടപ്പെടുന്ന കേരളസദാചാര പുരുഷ സമൂഹത്തിന്റെ മുന്നിൽ തുറന്നു കാട്ടുക എന്ന നിഷേധാത്മകമായ കലാപ്രവർത്തനം ആണെന്നാണ് രഹ്ന പറയുന്നത്. കാതലായ ചോദ്യം ഇതാണ്: ഈ വിവാദത്തിൽ കേരളത്തിലെ ചിന്തിയ്ക്കുന്ന സമൂഹം എവിടെ നിൽക്കണം? എവിടെ നിൽക്കും?
.
ചിന്തിയ്ക്കുന്ന സമൂഹം എവിടെ നിൽക്കണം എന്ന് ആദ്യമേ പറയാം. സമൂഹം രഹനയ്ക്കൊപ്പം നിൽക്കണം. എന്തുകൊണ്ട്? സ്ത്രീയുടെ ശരീരം അവളുടെ സ്വന്തമാണ്. അത് പുരുഷന്‍റെ ആഗ്രഹങ്ങൾക്കും ആജ്ഞകൾക്കും വിധേയമായി മാത്രം സമൂഹത്തിൽ പ്രത്യക്ഷമാകാനുള്ളതല്ല. സ്വാഭാവികമായും, ഇതുപറയുമ്പോൾ സദാചാരവാദികൾക്കു തോന്നാനിടയുള്ള ഒരു കാര്യം, നഗ്നതാപ്രദർശനത്തിനുള്ള ലൈസൻസാണോ സ്ത്രീകൾക്ക് നൽകേണ്ടത് എന്നതാണ്. അപ്പോൾ ചോദിക്കാവുന്ന ഒരു മറുചോദ്യം ഇതാണ്: സ്ത്രീകളുടെ ഉടലിന്‍റെ ആവിഷ്ക്കാരം എന്നത് എന്തുകൊണ്ട് നഗ്നത ആയി? അതിനുത്തരവാദി പുരുഷനാണ്. സ്ത്രീയെ ഉടൽ മാത്രമായി ചുരുക്കി, അവന്‍റെ മാത്രം നോട്ടത്തിലൂടെ സ്ത്രീയെ ആവിഷ്കരിക്കുന്ന ദൃശ്യചരിത്രമാണ് സ്ത്രീയെക്കുറിച്ച് നമ്മുടെ സാമൂഹിക-സാംസ്കാരിക കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. സിനിമകളിലെ ഐറ്റം നമ്പറുകൾ നോക്കുക. അതെല്ലാം പുരുഷന്‍റെ ആസ്വാദനത്തിനു വേണ്ടി അവൻ സ്ത്രീയെ വസ്തുവൽക്കരിച്ചതിന്‍റെ നിദര്ശ‍നങ്ങളാണ്. പാട്ടു പാടുന്നതും ഡാൻസ് ചെയ്യുന്നതുമായ രണ്ടുപേരൊഴിച്ചാൽ ബാക്കിയെല്ലാവരും പുരുഷന്മാരാണ് ഐറ്റം നമ്പറുകളിൽ.
.
‘വിഷ്വൽ പ്ലെഷർ ആൻഡ് നറേറ്റിവ് സിനിമ’ (ദൃശ്യ സുഖാനുഭൂതിയും സിനിമാ ആഖ്യാനവും) എന്ന ലേഖനത്തിൽ [ 1975 ] ലോറാ മുൾവേ എന്ന ബ്രിട്ടീഷ് സിനിമാ സൈദ്ധാന്തിക, പുരുഷ നോട്ടത്തെ സിനിമയുടെ ആഖ്യാനത്തിന്‍റെ കേന്ദ്രബിന്ദുവായി സ്ഥാപിയ്ക്കുന്നു. സിനിമയുടെ നോട്ടം പുരുഷന്‍റെ നോട്ടമാണെന്നും അത് സമൂഹത്തിലെ തന്നെ അസന്തുലിതമായ അധികാര വ്യവസ്ഥയുടെയും പ്രയോഗങ്ങളുടെയും സിനിമയിലെ ആവിഷ്കാരമാണെന്നും മുൾവേ പറയുന്നു. അതായത് ഏതൊരു സിനിമയും പുരുഷന്‍റെ കണ്ണിലൂടെ കാണപ്പെടുന്നു എന്നു പറയാം. അതിനെതിരെയാണ് സ്ത്രീകളുടെ സിനിമാ സംഘങ്ങൾ ലോകത്തെമ്പാടും ഉണ്ടായിട്ടുള്ളത്. കേരളത്തിൽ പോലും ഇപ്പോൾ അത് സജീവമാണ്. ആർ നന്ദകുമാർ, സിനിമാ ആഖ്യാനത്തിൽ പുരുഷൻ തന്‍റെ കുറ്റബോധത്തിൽ നിന്ന് രക്ഷപ്പെടുന്നതെങ്ങനെ എന്നു കൂടി വിശദീകരിച്ചുകൊണ്ട് മുൾവേയുടെ സിദ്ധാന്തത്തെ വിപുലീകരിക്കുന്നുണ്ട്. കാബറേ നൃത്തം കാണാനിരിക്കുന്നത് കൊള്ളസംഘത്തലവനും കൂട്ടാളികളുമാണ്. കറുത്തവരും ക്രൂരന്മാരുമായ അധമപുരുഷന്മാർ ആണ് അവർ. അവരുടെ കണ്ണുകളിലൂടെയാണ്ക്യാമറ നർത്തകിയുടെ ഉടലിനെ നോക്കുന്നത്. അത് കാണികളായ മധ്യവർഗ്ഗ പുരുഷനെ ആ കുറ്റബോധത്തിൽ നിന്ന് പുറത്താക്കുന്നു. നൃത്തം തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ വില്ലന്‍റെ കണ്ണ്/ക്യാമറ ഹാളിനുള്ളിലെ അജ്ഞാതരായ പുരുഷന്മാരുടെ കണ്ണുകൾ കൂടിയാകുന്നു.
.
എന്തുകൊണ്ടാണ് ലോകത്ത് മഹതികളായ കലാകാരികൾ ഇല്ലാത്തത് എന്ന ഒരു ചോദ്യം, ലിൻഡാ നൊക്ളീൻ എന്നു പേരായ അമേരിക്കൻ ഫെമിനിസ്റ്റ് സൈദ്ധാന്തിക 1971 -ൽ, ആ ചോദ്യം തന്നെ ഒരു ലേഖനത്തിന്‍റെ തലക്കെട്ടാക്കിക്കൊണ്ട്, ചോദിക്കുകയുണ്ടായി. വിവിധതലങ്ങളിൽ സാര്‍ത്ഥകമായി സ്ത്രീകൾക്ക് കലാപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയാതെ പോയി എന്നത് നൊക്ളീൻ ഉദാഹരണങ്ങളിലൂടെ വെളിപ്പെടുത്തുന്നു. സ്ത്രീകൾ ഒന്നുകിൽ പുരുഷന്‍റെ മ്യൂസ് അഥവാ ഉത്തേജകസ്വരൂപം ആയി വർത്തിയ്ക്കും, അല്ലെങ്കിൽ മോഡൽ ആയി, അതുമല്ലെങ്കിൽ കാമുകിയായോ വെപ്പാട്ടിയായോ. ഇനി ഈ സ്ത്രീകളെല്ലാം തന്നെ അവരവരുടെ നിലകളിൽ കലാകാരികളാണെങ്കിൽ കൂടി പ്രസ്ഥാനങ്ങളുടെയും പുരുഷകലാകാരന്മാരുടെയും ചരിത്രം എഴുതുന്നവർ (പുരുഷന്മാർ) ആ സ്ത്രീകളുടെ സംഭാവനകളെ എടുത്തുപറയാതെ പോകും. ലിൻഡാ നൊക്ളീൻ, തുടർന്നു വന്ന വിറ്റ്നി ഷാഡ്വിക്ക് എന്നിവരാണ് കലാരംഗത്ത് സ്ത്രീകളുടെ തികച്ചും അഗണ്യമായ അവസ്ഥയെ തുറന്നു കാട്ടിയതും, കൂടാതെ ഇമ്പ്രെഷനിസ്റ്റ് കാലഘട്ടത്തിൽ കലാകാരന്മാരുടെ വെപ്പാട്ടിമാരായി അറിയപ്പെട്ടിരുന്ന ബെർത്ത് മോറിസോട്ട്, മാരി കസാറ്റ് തുടങ്ങിയ കലാകാരികൾക്ക് ചരിത്രത്തിൽ ഇടം നൽകിയതും. തുടർന്നുണ്ടായ പഠനങ്ങളിൽ, ലോകത്തെ എല്ലാ മ്യൂസിയങ്ങളിലും ഇരിക്കുന്ന സ്ത്രീകളുടെ നഗ്നതയെ ആസ്പദമാക്കിയുള്ള ചിത്രങ്ങളെല്ലാം വരച്ചത് പുരുഷന്മാരാണെന്ന് തിരിച്ചറിയപ്പെട്ടു. ഒന്നാലോചിച്ചു നോക്കുക! സ്വന്തം ശരീരത്തിനുമേൽ സ്ത്രീകൾക്ക് അശേഷം അധികാരം ഇല്ലായിരുന്നു എന്നതിന്‍റെ ഏറ്റവും ഞെട്ടിപ്പിക്കുന്ന തെളിവാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽപ്പോലും ഒരു സ്ത്രീയുടെ നഗ്ന ചിത്രം കണ്ടാൽ അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് സ്ത്രീകൾക്ക് തന്നെയും അറിയില്ല എന്ന് എഴുത്തുകാരിയായ മാര നസെല്ലി പറയുന്നു.
.
ഈയൊരു സൈദ്ധാന്തിക-സാമൂഹിക-സാംസ്കാരിക വ്യവഹാരത്തിന്‍റെ ഭാഗമായിട്ടാണ് ‘റീക്ലെയിമിങ് ദി ബോഡി’ അഥവാ സ്വന്തം ശരീരത്തിനു മേലുള്ള അധികാരത്തെ തിരിച്ചു പിടിക്കൽ എന്ന പ്രസ്ഥാനം ഫെമിനിസ്റ്റ് ചലനങ്ങളുടെ ഭാഗമായി സിനിമയിലും നാടകത്തിലും ചിത്രകലയിലും ഫാഷനിലും പ്ലാസ്റ്റിക് സർജറിയുടെ രംഗത്തും ഒക്കെ ഉണ്ടായത്. അതുകൊണ്ടു തന്നെ സ്ത്രീകൾ സ്വന്തം നഗ്നതയെ ആവിഷ്കരിക്കുന്ന ചിത്രങ്ങളും ശില്പങ്ങളും ആഖ്യാനങ്ങളുമൊക്കെ ഉണ്ടാകാൻ തുടങ്ങി. തിരിച്ചടി- ഫെമിനിസത്തിന്‍റെ വക്താക്കളും പുരുഷാധിപത്യസമൂഹവുമൊക്കെ അപ്പോൾ ചോദിച്ച ചോദ്യം ഇതാണ്: പുരുഷന്മാർ വരച്ച നഗ്നതയെ സ്ത്രീ വരയ്ക്കുമ്പോൾ അതിന്‍റെ വസ്തുവൽക്കരണം എങ്ങനെയാണ് ഇല്ലാതാവുക? അതിനുള്ള ഉത്തരം പല തലങ്ങളിലാണ് നൽകപ്പെട്ടത്. അതായത്, അന്നു വരെ സ്ത്രീയുടെ ശരീരത്തിൽ നഗ്നത എന്ന ആദർശ രൂപത്തെ പുരുഷന്‍റെ കണ്ണിലൂടെ മാത്രം കാണുന്ന രീതിയെ അട്ടിമറിച്ചു കൊണ്ട്, പുരുഷൻ കാണാത്ത സ്ത്രീശരീര ഘടനയെ സ്ത്രീകൾ വെളിപ്പെടുത്താൻ തുടങ്ങി. സ്വന്തം ശരീരത്തിലെ സ്രവങ്ങൾ, മറുകുകൾ, കുറവുകൾ, കൂടുതലുകൾ ഒക്കെയും അവർ അതേപടി വരച്ചു വെച്ചു. പുരുഷൻ സ്ത്രീയുടെ ഉടലിനെ വസ്തുവൽക്കരിക്കുകയായിരുന്നെങ്കിൽ സ്ത്രീ അവളുടെ ഉടലിന്‍റെ ഉണ്മയെ തുറന്നു കാട്ടുകയായിരുന്നു. അതാണ് പുരുഷൻ വരയ്ക്കുന്ന നഗ്ന സ്ത്രീരൂപവും സ്ത്രീ വരയ്ക്കുന്ന സ്ത്രീരൂപവും തമ്മിലുള്ള വ്യത്യാസം.
.
ലൈംഗികോപകരണം എന്നതിൽ കവിഞ്ഞ ഒരു അസ്തിത്വം സ്ത്രീയ്ക്കുണ്ട് എന്നാണ് തങ്ങളുടെ കലയിലൂടെ സ്ത്രീകൾ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത്. മേരി കെല്ലി എന്ന ചിത്രകാരി ചെയ്തത് തന്‍റെ പ്രസവാനന്തര വിഷാദാത്മകതയെയും ശിശുവിനെ പരിചരിക്കുന്നതിനെയുമെല്ലാം അതേപടി വരച്ചും എഴുതിയും വെക്കുകയാണ്. തന്‍റെ പോസ്റ്റ് പാർട്ടം എന്നു പേരിട്ട പരമ്പരയിൽ, അവർ മലം പുരണ്ട ഡയപ്പറുകൾ പോലും പ്രദർശനത്തിനായി വെച്ചു.സ്ത്രീയെ വീനസായും മഡോണയായും മർലിൻ മൺറോ ആയുമൊക്കെ ചിത്രീകരിച്ചിരുന്ന പുരുഷകലാകാരന്മാരുടെ മുഖത്തേറ്റ അടിയായിരുന്നു അത്തരത്തിലുള്ള കാലാവസ്തുക്കൾ. ചില കലാകാരികൾ ആർത്തവരക്തം കൊണ്ട് ചിത്രം വരച്ചു. പുരുഷൻ വരയ്ക്കുന്ന സ്ത്രീനന്ഗ്നതയിൽ അദൃശ്യമാക്കപ്പെട്ടതെല്ലാം അവർ പുറത്തു കൊണ്ടു വന്നു. ഏറ്റവും ഒടുവിൽ രൂപീ കൗർ എന്ന കവി, ആർത്തവരക്തം പുരണ്ട തന്‍റെ പൈജാമ ധരിച്ചു കൊണ്ടുള്ള ചിത്രം നെറ്റിൽ പോസ്റ്റു ചെയ്തുകൊണ്ട് സ്ത്രീയുടെ ഉടൽ അതുകൂടിയാണെന്ന് തെളിയിച്ചു. പുരുഷൻ മർദ്ദകനാണെന്ന് തെളിയിക്കുന്ന ആത്മകഥാപരമായ നോവലിലൂടെ മീനാ കന്ദസാമി പുരുഷന്‍റെ അടിയേറ്റു തകർന്നു പോയ ഉടലിനെ വരച്ചു കാട്ടി. ജൂഡി ചിക്കാഗോ എന്ന അമേരിക്കൻ കലാകാരി വിവിധതരത്തിലുള്ള യോനികളുടെ പോർസ്ലൈൻ പകർപ്പുകളെടുത്ത് ത്രികോണാകൃതിയുള്ള ഒരു മേശമേൽ നിരത്തിക്കൊണ്ട്, അതിനെ ‘ഡിന്നർ പാർട്ടി’ എന്ന് വിളിച്ചു. ഇവാ എൻസ്ലർ എന്ന അമേരിക്കൻ നാടകകൃത്ത് ‘യോനീഭാഷണം’ അഥവാ വജൈന മോണോലോഗ് എന്ന പ്രകടനത്തിലൂടെ സ്ത്രീയെ യോനിയാക്കി ചുരുക്കിയ പുരുഷ സമൂഹത്തിനോട് യോനിയിലൂടെ തന്നെ സംസാരിച്ചു.
.
തന്‍റെ ഉടലിനെ ആഘോഷമാക്കിയ കലാകാരിയായിരുന്നു അമൃതാ ഷെർഗിൽ. സ്വവർഗ്ഗാനുരാഗത്തോളം എത്തുന്ന രീതിയിൽ അവർ സ്വന്തം ഉടലും കൂട്ടുകാരികളുടെ ഉടലും വരച്ചിട്ടു. പ്രമുഖ മെക്സിക്കൻ കലാകാരിയായ ഫ്രിഡ കാഹ്ലോ തന്‍റെ ഉടലിനെ രതിയുടെയും നഗ്നതയുടെയും ആഘോഷമാക്കി. ഒരു ബസ്സപകടത്തിൽ തകർന്നു പോയ തന്‍റെ ഉടലിനെ കേവലം ഒരു മാവേലിക്കര പൊന്നമ്മയോ, കവിയൂർ പൊന്നമ്മയോ പണ്ഡരിബായിയോ അവതരിപ്പിക്കുന്ന അലൈംഗിക സ്വഭാവമുള്ള കഥാപാത്രങ്ങളെപ്പോലെ ആക്കാതെ, അതിന്‍റെ കാമനകളെ, അതിന്‍റെ തകർച്ചകളെ വരച്ചിട്ടു. എഴുപതുകളോടെ ശക്തമായ ആശയവാദപരമായ കലയിലൂടെ കലാകാരികൾ സ്വന്തം ഉടലിനെ തിരികെ പിടിക്കാൻ ആ ഉടലുകൾ ഉപയോഗിച്ചു കൊണ്ട് പ്രകടന കലാവിഷ്കാരങ്ങൾ നടത്തി. മറീനാ അബ്രമോവിക്ക് എന്ന സെർബിയൻ പെർഫോമൻസ് ആർട്ടിസ്റ്റ് തന്‍റെ ശരീരത്തെ പൂർണ്ണമായും വരുതിയിലാക്കിയ ശേഷം അത് സമൂഹത്തിന്‍റെ അക്രമത്തിനായി തുറന്നിട്ടുകൊടുത്തു. റിഥം ഓ 1974 എന്നറിയപ്പെടുന്ന പ്രകടനത്തിൽ നഗ്നയായി, നിശബ്ദയായി നിന്ന അവരുടെ ഉടലിനെ 72 മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് ആക്രമിക്കാൻ കാണികളോട് ആവശ്യപ്പെട്ടു. അല്പം ശങ്കിച്ചു നിന്ന ആളുകൾ പിന്നീട് അവരുടെ ശരീരത്തെ അതിക്രൂരമായി ആക്രമിച്ചു. കരോളീ ശ്ലീമാൻ എന്ന പെർഫോമൻസ് കലാകാരി തന്‍റെ യോനിയ്ക്കുള്ളിൽ നിന്ന് കവിതയുടെ ഒരു ചുരുൾ നിവർത്തി വായിച്ചു.
.
അതൊക്കെ നടന്നത് പടിഞ്ഞാറൻ രാജ്യങ്ങളിൽ ആണെന്നും ഇന്ത്യ എന്നാൽ ഋഷിപാരമ്പര്യത്തിന്‍റെയും ചാരിത്ര്യവതികളായ വനിതകളുടെയും രാജ്യമാണെന്നും പറയാൻ തുടങ്ങുന്നവരുണ്ടെങ്കിൽ അല്പം ഒന്ന് നിൽക്കുക. 1996 -97 കാലത്തിലാണ് ഇന്ത്യൻ കലാകാരിയായ സോണിയാ ഖുറാന പരിപൂർണ്ണ നഗ്നയായി ഒരു പെട്ടിയുടെ പുറത്തു കയറി നിന്ന് പറക്കാൻ ശ്രമിക്കുന്നതു പോലെ അഭിനയിച്ച, ‘ബേർഡ്’ എന്നു പേരിട്ട, പെർഫോമൻസ് ചെയ്തത്. 2005 -മാണ്ടിലാണ് ശന്തനു ലോധ് -മൻമീത് ദമ്പതികൾ പരിപൂർണ്ണ നഗ്നരായി നാലുമണിക്കൂറോളം ഡൽഹിയിലെ ഖോജ് ഇന്‍റെര്‍നാഷണലിൽ ‘ഹമാം മേ സബ് നൻഗേ ഹെ ലേകിൻ ഹമാം ഹേ കഹാം’ (പൊതു കുളിയിടങ്ങളിൽ എല്ലാവരും നഗ്നരാണ് പക്ഷെ ആ ഇടങ്ങൾ എവിടെ?’) എന്ന പെർഫോമൻസ് കാഴ്ച വെച്ചത്. പരിപൂർണ്ണ നഗ്നയായി നേഹ ചോക്സി എന്ന കലാകാരി ഡൽഹിയിൽ 2009 -10 കാലയളവിൽ പെർഫോമൻസ് നടത്തുകയുണ്ടായി. ഇതെല്ലാം സ്ത്രീശരീരത്തെ തിരികെ പിടിക്കുന്നതിനു വേണ്ടിയായിരുന്നു. രഹനഫാത്തിമ ചെയ്തതും ഇത്തരത്തിൽ ഒരു കലാപ്രകടനം തന്നെയാണ്. അവരുടെ ശരീരത്തിന്‍റെ അധികാരി അവർ തന്നെയാണ്. അവരുടെ മക്കളാണ് അവരുടെ ശരീരത്തിൽ ചിത്രം വരച്ചിരിക്കുന്നത്. അവർക്ക് അന്യമായ ഒരു ശരീരമല്ല അവരുടെ അമ്മയുടേത്.
.
വിലകുറഞ്ഞ പ്രസിദ്ധിയ്ക്കു വേണ്ടിയാണ് രഹന ഇങ്ങനെ ചെയ്തതെന്ന് ഒരാരോപണമുണ്ട്. അങ്ങനെയാണെങ്കിൽ നാമെല്ലാം ഫേസ്ബുക്കിൽ ചിത്രങ്ങളിടുന്നതും അഭിപ്രായങ്ങൾ എഴുതുന്നതുമൊക്കെ വിലകുറഞ്ഞ പ്രചരണത്തിനായിട്ടാണെന്ന് കരുതേണ്ടി വരില്ലേ? ആരെങ്കിലും നമ്മോട് അഭിപ്രായം ചോദിച്ചിട്ടാണോ നാം വളരെ പ്രകോപനപരമായ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ എഴുതുന്നത്.? അപ്പോൾ ഉത്തരം അത് നമ്മുടെ ഫേസ്ബുക് പേജ് ആണെന്നുള്ളതാണ്. അതിനേക്കാളേറെ അധികാരം നമുക്ക് നമ്മുടെ ഉടലുകളുടെ മേൽ ഇല്ലേ? അത് ആരെങ്കിലും അനുവദിച്ചു തരേണ്ടതാണോ? രഹന അവരുടെ ശരീരം ഉപയോഗിച്ചു നടത്തിയ പെർഫോമൻസ് കൊണ്ട് ആരുടെ സദാചാരമാണ് നഷ്ടപ്പെടുന്നത് എന്ന് നാം മറുചോദ്യം ചോദിക്കണം. അപ്പോഴാണ് വികലമായ കുറെ മൂല്യങ്ങളെ പൊക്കിപ്പിടിച്ചു നടക്കുന്ന വികൃതമനസ്സുകളായ വലതുപക്ഷ തീവ്ര പാരമ്പര്യവാദികളുടെ സദാചാരസങ്കല്പമാണ് പൊളിയുന്നത് എന്ന് മനസ്സിലാകുക. അവർക്ക് സമൂഹത്തിന്‍റെ മൊത്തം മൂല്യത്തിന്‍റെ അധികാരികളാകാനുള്ള അവസരം നല്കാതിരിക്കുകയാണ് നാം ചെയ്യേണ്ടത്. രഹനയുടെ ഉടൽ അവരുടേതു മാത്രമാണ്. അതിൽ അവർക്കു തോന്നുന്നത് ചെയ്യാനുള്ള അധികാരമുണ്ട്. അത് യൂട്യൂബിൽ ഇട്ടാൽ അത് കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം നമ്മുടേതാണ്.അതിൽ ഒതുങ്ങേണ്ട വിഷയമാണിത്.
.
……. അതിനാൽ രഹനയെ അവരുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ അനുവദിക്കുക. അവരുടെ മേലുള്ള കേസുകൾ പിൻവലിക്കുക. ഒരു ജനാധിപത്യ രാജ്യത്ത് ആർക്കും കലാപ്രവർത്തനങ്ങളുടെ പേരിലായാലും മറ്റെന്തിന്‍റെ പേരിലായാലും അവരുടെ ശരീരത്തിന് മേൽ പൂർണ്ണമായ അധികാരം ഉണ്ട്. അത് ചോദ്യം ചെയ്യുന്നവരെയാണ് സ്വൈരജീവിതം തടസ്സപ്പെടുത്തുന്നു എന്നതിന്‍റെ പേരിൽ പിടിച്ചകത്തിടേണ്ടത്.

By ivayana