രചന : പള്ളിയിൽ മണികണ്ഠൻ✍
എത്രയെത്ര
ചുംബനങ്ങളാണ്
നീയെനിക്ക് നൽകിയിട്ടുള്ളത്.
കണ്ണിൽ,
കവിളിൽ..
കഴുത്തിൽ…
ചെവികളിൽ.
ചുണ്ടുകളിൽ..
മാറിടങ്ങളിൽ…..
താഴോട്ട് താഴോട്ടങ്ങനെ…..
ഉഷ്ണങ്ങളിൽ
നിനക്കുവേണ്ടി
അസഹ്യതയുടെ കുപ്പായമൂരിവച്ച്
വിധേയത്വത്തിന്റെ വിരിപ്പിൽ
നിന്നോട് ഒത്തുപോയവളാണ് ഞാൻ.
വീർപ്പുമുട്ടലുകളുടെ
അസ്വസ്ഥതയ്ക്കിടയിൽ
പലപ്പോഴും നിന്റെ ചുംബനങ്ങളെന്നെ
ഉണർത്തിയിട്ടുണ്ടെങ്കിലും…
ചുംബനച്ചൊരിച്ചിലിനൊടുവിൽ
മനുഷ്യസഹജമായ
‘എരിവും പുളിവു’മെല്ലാം
ഞാനറിഞ്ഞിട്ടുണ്ടെങ്കിലും…….
തുരുതുരെ ചുംബിക്കാറുള്ള
നിന്റെ ചുണ്ടുകളിതേവരെ
എന്നിലെ എത്തേണ്ടിടത്തേക്ക്
എത്തിയിട്ടില്ല.!
രതിഭാവമുള്ള
നിന്റെ ചുണ്ടുകൾകൊണ്ട്
നീയെന്നെ കീഴ്പ്പെടുത്താറുണ്ടെങ്കിലും..
‘വിയർപ്പ് മണ’മില്ലാത്ത
നിന്റെ ചുംബനം കൊതിച്ച്
എന്നിൽ ഒരിടം ഇപ്പോഴും ബാക്കിയുണ്ട്.
പ്രിയനേ……
ഉടലാകമാനം
ചുംബനം ചൊരിയുന്ന
നിന്റെ ചുണ്ടുകളിന്നേവരെ
എന്റെ മൂർദ്ധാവിലേക്ക് മാത്രം എത്താതെപോയതെന്തേ.?