രചന : പുഷ്പ ബേബി തോമസ്✍
ചിലപ്പോഴൊക്കെ
നിന്നെ കാത്തിരിക്കുന്ന നിമിഷങ്ങൾക്ക്
യുഗങ്ങളുടെ ദൈർഘ്യമാണ്.
എന്റെ നെഞ്ചിടിപ്പിന്
പെരുമ്പറയുടെ മുഴക്കമാണ് .
നിശ്വാസങ്ങൾക്ക്
ലാവാ പ്രവാഹത്തിന്റെ താപമാണ്.
കാത്തിരിപ്പിനൊടുക്കം
നീയെൻ മിഴികളിൽ നിറയുമ്പോൾ
ആർത്തലച്ച് പെയ്യാൻ വെമ്പുന്ന
നീർക്കണങ്ങളെ
കൺപീലികളാൽ അണകെട്ടി
ഒതുക്കി വയ്ക്കുന്നത്
നീ കാണാറുണ്ടോ കൂട്ടുകാരാ ???
നിൻ മാറിലലിഞ്ഞ്
നീയെന്നിൽ നിറഞ്ഞ്
നിൻ ഗന്ധമെന്നിൽ ആവോളം നിറച്ച്
നാമാവുന്ന ഇത്തിരി നിമിഷങ്ങളുടെ
കരുത്താണ് ….
കരുതലാണ്…..
ഓർമ്മകളാണ് …..
നിനക്കായി കാത്തിരിക്കാൻ ;
നിനക്കായി മാത്രം കാത്തിരിക്കാൻ
എനിക്ക് കൂട്ടാവുന്നത്.