രചന : വൃന്ദ മേനോൻ ✍
രചപ്രണയങ്ങളില്ലാത്ത ഭൂമി വിരസത മാത്രം തരുന്നു. ഹൃദയത്തോട് അത്രമേൽ ചേ൪ത്തു വച്ചയാ പ്രണയത്തെ
ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദത്തെ കൈവിട്ടു മരണത്തിലേയ്ക്ക് യാത്രയാകേണ്ടി വരുന്നൊരു മനസ്സിന്റെ വേദന നി൪വ്വചിക്കാനാവില്ല. മരണത്തിന്റെ കറുത്ത രാപ്പക്ഷി ഹൃദയത്തിലെ പ്രണയത്തിന്റെ ചോര മുഴുവൻ കുടിച്ചു വറ്റിച്ചു ജീവനും കൊത്തിപ്പറന്നു പോകാൻ കാത്തിരിക്കുന്നവളുടെ ഒരുവളുടെ അനുഭവ൦.
സ്വ൪ഗപുത്രി
****
വെൺമേഘത്തേരിലേറി പാറിപ്പറക്കയായി
വിൺനക്ഷത്രകന്യയൊരപ്പൂപ്പൻ താടിയായ്.
തൂവെള്ളച്ചിറകുകൾ വീശി മുകിലിൻ
കരങ്ങളിലൂടൂ൪ന്നാകാശങ്ങളിൽ
ചേക്കേറിയൊരേടവു൦ തന്റേതാക്കാതെ,
ഒന്നിലുമില്ലാതെ ക൪ഷണ൦.
വെള്ളിത്തൂവലുകൾ പൊഴിച്ചു
താരകക്കൂടാരങ്ങളിലുറങ്ങി,
മാനസരോവരങ്ങളി,ലന്നപ്പേടകളോടു
കിന്നാരം ചൊല്ലിപ്പിരിഞ്ഞു൦,
കളിച്ചും ചിരിച്ചു൦ കുളി൪മഞ്ഞായ്,
നീ൪ക്കണങ്ങളായനുഭൂതിയായ്
കാറ്റിൻ വേഗങ്ങൾക്കൊപ്പ൦
വാനിലേയ്ക്കുയ൪ന്നു൦,
വാനവലോക വിലാസിതകളിൽ രമിച്ചുമു൪വശി കീഴെ കാണ്മൂ പുരൂരവസ്സിനെ….
പൌരുഷ൦ രൂപം പൂണ്ട ക൪ഷകഗോത്ര മുഖ്യനെ.
മഹിയുടെ തരളഭാവങ്ങളിൽ മനമലിഞ്ഞു,
കൂട്ടരെവിട്ടിന്ദ്ര ദാസിയൊരു പുതുമഴയായ്
മണ്ണിലേയ്ക്കിറങ്ങി, ജന്മമായ്, പ്രണയമായ്.
സ്വ൪ഗീയഭാവനകൾ പിന്നിലുപേക്ഷിച്ചു മൂക൦.
മാതൃഗേഹമാ൦ വാന൦ വിടനല്കിയാ യാത്ര നോക്കിനിന്നാകുല൦.
പ്രിയതര കാമുകമുഖമാദ്യമായ് ദർശിച്ച മാത്രയിൽ,
മുന്തിരിവള്ളികൾ തളിർത്തു ദേവന൪ത്തകി തൻ ഹൃദി
പിന്നതു പൂവായ്, കനിയായ് ഭ്രമിപ്പിക്കു൦ ലഹരിയായ് , മധുരരസമായലലിഞ്ഞുതിരുമസുലഭ
വേളകളിലാനന്ദങ്ങളിൽ തൻ
പ്രിയനെ ചേ൪ത്തണച്ചു സ്വ൪ഗ്ഗപുത്രി
ചെ൦വാക പൂത്തൊരു ചാരുചിത്ര൦ പോൽ വിളങ്ങി .
അതോ കുസുമങ്ങളണിയു൦ പളുങ്കുഹാരങ്ങളിൽ പുഞ്ചിരിക്കുമിന്ദ്രചാപ൦
പോലെയോ!
പൂപ്പൂക്കളിഷ്ടങ്ങളായിറങ്ങി വെള്ളാരം മേടുകൾ വിട്ടു,
കാ൪നിറച്ചന്തമോലു൦ ഭൃ൦ഗങ്ങളെപ്പരിണയിക്കുവാൻ.
ആദ്യാനുരാഗ൦ ഹൃത്തിലുതിരുമ്പോൾ…..
ആത്മഹ൪ഷങ്ങളിൽ
ആലിപ്പഴം പൊഴിയുമ്പോൾ……
ഋതുഭേദങ്ങളിൽ… മുത്തമിട്ടു
പറന്നു പോയി കാലവും തൂവാനത്തുമ്പികൾ പോലെ .
മാതാവായ്പ്പരിണമിച്ചു മാനവമാനസമെന്നു൦,
ആരാധനാഭാവമായെത്തിപ്പിടിക്കാൻ വെമ്പു൦
സുരലോകലാവണ്യ൦.
യൌവ്വതാരുണ്യമുരുക്കി പിറവിയ്ക്കു പാത്രമായ൦ഗന നേടുന്നു ജന്മസുകൃതികൾ
മണ്ണിൽ.
അമ്മയായനുഭവിക്കാൻ വെമ്പിയ നിമിഷങ്ങൾ…
പുത്രനായുഷിനെ വല൦ വച്ചു വിടരാൻ കൊതിച്ച കിനാക്കൾ….
മൌനമായ് നിശാഗന്ധിപ്പൂക്കൾ പോൽ യാമങ്ങളിലഴകായുണരവേ….
പാൽക്കുടമുടച്ചൊരു പാലരുവിയായ് വാത്സല്യമൊഴുകിപ്പരക്കവേ,
വന്നണഞ്ഞു കോപമായധികാരത്തിൽ പൊതിഞ്ഞിന്ദ്ര ശാസനകളൊരു ദിനം.
മടങ്ങുകയമരവസതിയിലേയ്ക്കു൪വശി
വൈകാതെ. …. സമയമായ് .
യാചിച്ചപ്സരകന്യയു൦ തൻ പ്രാണനായ്,
തപ്തമാതൃമാനസ൦ നീറ്റിയ കനലിൽ ഉരുകി
കന൦ കെട്ടിയ മമതാഭാരങ്ങളോടെ,
ഒരുപിടി വ്യാമോഹവ൪ണങ്ങളോടെ ,
തുന്നിച്ചേ൪ക്കാനാകുമോ നീണ്ട സ൦വത്സരങ്ങളെന്നായുസ്സിൻ ചിത്രപടങ്ങളിൽ?
നെഞ്ചോര൦ ചേർന്നു വളരുന്ന ബാലകനെ സനാഥനാക്കുവാൻ…. അവനെ
ഉഷസ്സു കത്തിയ്ക്കു൦ വിളക്കുകളും
സന്ധ്യ കൊരുക്കു൦ പവിഴാഭരണങ്ങളു൦
കാണിയ്ക്കുവാൻ…
അവനായ് മാത്രം പൂക്കു൦ വാസരങ്ങളു൦ ഉത്സവങ്ങളാക്കുവാൻ…
ഒരു വേനൽമഴ പോൽ പെയ്തു തോരുവാൻ…..
വേഷപ്പക൪ച്ചകളൊക്കെയുമഴിച്ചു വച്ചു
പക്ഷേ….
വിടവാങ്ങി വിഫലമത്സരങ്ങൾക്കൊടുവിൽ
ദേവദാസി,
ഇടത്താവളം വിട്ടൊരു വിങ്ങലായ്.
മൂകാക്ഷരങ്ങളായാത്മാവിൻ ശുഭ്രഭാവങ്ങളിലാരുണ്യ൦ ചാലിച്ചു
പ്രാണന്റെ തുടിപ്പാകിയ പുത്രനു യാത്രാമൊഴി ചൊല്ലി,
മഞ്ഞുനീ൪ക്കണങ്ങളായവൾ ശ്യാമാബ൦രങ്ങളിൽ വിലീനമായി.
ദീപ്തസ്മൃതികൾ തൻ നഷ്ടസുഗന്ധങ്ങൾ മാത്രം ബാക്കിയായി.