രചന : ടി.എം. നവാസ് വളാഞ്ചേരി. ✍
ജീവിതത്തിന്റെ രസതന്ത്രം മനസ്സിലാക്കാതെ ആ രസച്ചരട് സ്വയം പൊട്ടിച്ചെറിഞ്ഞ് കപടതയുടെ അന്ധവിശ്വാസത്തിന്റെ നൂലാമാലകളിൽ പെട്ട് ജീവിതം കുടുസ്സായി മാറുകയാണിവിടെ. വെറുമൊരു ചരടിൽ ജീവിതത്തെ കുരുക്കിയ ഒട്ടേറെ
പേരുണ്ട്നമുക്കിടയിൽ . ജീവിതത്തിന്റെ ശോഭ കെട്ടു പോയവർ .
കെട്ടഴിക്കുമ്പോൾ
ജനിച്ച് വീണൊരു നാളത് മുതലേ
ചൊല്ലി പലരും
ചരടത് കെട്ടാൻ
കയ്യിൽ അരയിൽ പിന്നെ കഴുത്തിൽ
കെട്ടുകളങ്ങിനെ കെട്ടി മുറുക്കി
പലവർണത്തിൽ ചരടത് കെട്ടി
വരിഞ്ഞ് മുറുക്കാനായൊരു കൂട്ടർ
കുറുവഴി തേടി
മറുകര ചാടാൻ
വരിയായ് നിന്നു ചരടിൽ തൂങ്ങാൻ
ദുരിതമകറ്റാൻ
കരകേറിടാൻ
പല വഴി താണ്ടി പെരുവഴിയായോർ
പല വേഷക്കാർ രംഗത്തെത്തി
പണമത് നേടാൻ ചൂഷകരായി
ചുളുവിൽ പണമത് വേഗം നേടാൻ
വേണ്ടത് ചരടും തകിടേലസ്സും
പലവർണത്തിൽ ചരടത് കെട്ടി
പലരേം പല വഴി പെരുവഴിയാക്കി
തകിടത് നിറയെ കോറി വരച്ചു
തകിടത് കാട്ടി തരികിട കാട്ടി
അയലത്തുള്ള സുഹൃത്തിനെയൊക്കെ
അകലത്താക്കാൻ അരിശം കേറ്റി
മംഗല്യത്തിൻ ചരടത് കെട്ടാൻ
ഏറെ കൊതിച്ച് നടന്നൊരു കൂട്ടർ
പിന്നെ മൊഴിഞ്ഞു കൈകാൽ കെട്ടി
എന്നിട്ടാകെ കെട്ടു പിണഞ്ഞു.
ജീവിതമെന്നൊരു തോണിയെ നമ്മൾ
വെറുമൊരു ചരടിൽ കെട്ടീടാതെ
സ്നേഹച്ചരടിൽ കെട്ടുക നമ്മൾ
സ്നേഹത്തോണി തുഴയുക
നമ്മൾ .
കാണാചരടുകൾ കെണികളതൊക്കെ
പൊട്ടിച്ചെറിയാൻ പഠിക്ക നമ്മൾ .
കെട്ടുകൾ മൂന്നും കെട്ടും മുമ്പ്
കെട്ടുകളൊക്കെ പൊട്ടിച്ചെറിയാം.