രചന : സന്തോഷ് പെല്ലിശ്ശേരി ✍

മണ്ണിൽ നിന്നെന്റെ കരളുമായ് ദൂരെ ,
വിണ്ണിലെത്തിയ പൊന്നോമനേ..
കണ്ണിലുണ്ണിയായ് തീർന്നിടും നീയാ
വിണ്ണവർക്കുമതിവേഗത്തിൽ … !

മാഞ്ഞു പോയി നീ ,മാരിവില്ലുപോൽ
കുഞ്ഞു പൂവേ ,നീയിതെന്തിന്…?
തേഞ്ഞു തീർന്നെന്റെ ചിന്തകൾ മെല്ലെ
മഞ്ഞുതുള്ളീ നിന്നോർമ്മയിൽ…!

നിൻചിരിയ്ക്കു സമാനമാകില്ലീ
പുഞ്ചിരിയ്ക്കുന്ന പൂക്കളും…
സഞ്ചിതമെന്റെ ചിന്തകൾക്കിന്ന്
മഞ്ജുഭാഷിണീ നിൻമുഖം..!

പൂഞ്ചിറകുകൾ വീശി പൂമ്പാറ്റ
കൊഞ്ചിയെത്രയണഞ്ഞാലും ,
നെഞ്ചിലേശില്ലയോമനെ , നിന്റെ
കൊഞ്ചലോളമെൻ കാതലേ…

തേന്മൊഴി പാടും പൂങ്കുയിലുകൾ ,
നിന്മൊഴിയ്ക്കൊപ്പമാകുമോ…?
വന്മതിലുപോൽ പൊങ്ങിനിൽപ്പാണു
നിന്മിഴികളിലെ ചാരുത….!

നൊന്തുപോകുന്നെൻ മാനസം സദാ
വെന്തുരുകുന്നൂ ഏകയായ്…
ചിന്തയിൽ സദാ , നിദ്രയിൽപ്പോലും,
ചന്തമാർന്ന നിൻ പൂമുഖം..!

മണ്ണിൽ നിന്നെന്റെ കരളുമായ് ദൂരെ ,
വിണ്ണിലെത്തിയ പൊന്നോമനേ..
വിണ്ണവരൊത്ത് കേളിയാടുമ്പോഴും
ഉണ്ണുവാനെന്നുമോർക്കണേ…

അമ്മയില്ലിനി , തെല്ലു മാത്രം നിൻ
സമ്മോദമൊട്ടു കുറഞ്ഞിടും…!
പമ്മി വന്നുപോം കാലദൂതനെ
അമ്മ കാത്തിരിപ്പാണെന്നും…!

വന്നുചേർന്നിടാം നിന്റെ ചാരെ ഞാൻ
ഒന്നുചേർന്നിനി വസിച്ചിടാം…
നിന്നെക്കാണാതെയൊച്ച കേൾക്കാതെ
അന്യമമ്മയ്ക്കീ ഭൂതലം…!

By ivayana