രചന : ബിന്ദു ബാലകൃഷ്ണൻ ✍
ഏറെ മനോഹരമായ ഒരു പേരുണ്ടായിട്ടുകൂടി
കൂട്ടുകാരവനെ അങ്ങനെയാണ് വിളിച്ചത്….
ക്രമേണ നാട്ടുകാരും അങ്ങനെ തന്നെ വിളിച്ചു…
സത്യത്തിൽ അവന്റെ പേരെന്തായിരുന്നു…. ?
ഹോ …മറന്നുപോയി
ഞാനുമവനെ അങ്ങനെ തന്നെയായിരുന്നല്ലോ വിളിച്ചിരുന്നത് …
പഠനം പാതി വഴിയിൽ നിന്നിരുന്നുവെങ്കിലും
അവൻ നല്ലൊരു ശില്പിയായിരുന്നു ….
അവന്റെ തഴക്കമാർന്ന കൈവിരലുകളാൽ
രൂപഭംഗിയാർന്ന ഒട്ടേറെ ദൈവരൂപങ്ങൾ പിറവി കൊണ്ടു ….
കൗതുകമെന്നു പറയട്ടേ
അവൻ തീർത്ത ശില്പങ്ങൾക്കെല്ലാം
മനോഹരങ്ങളായ വലിയ കാതുകൾ ഉണ്ടായിരുന്നത്രേ ….
അവനും ഒരുവളുണ്ടായി
പ്രണയം കൊണ്ടവനെ ചേർത്ത് പിടിച്ചവൾ…
അവന്റെ ഭാര്യ ആയതിൽ പിന്നെ
അവളും സ്വന്തം പേര് മറന്നു കാണണം …
അവളിപ്പോൾ ചെവി കേൾക്കാത്തോന്റെ ഭാര്യ….
അവർക്കൊരു മകൻ പിറന്നപ്പോൾ
അവൻ ചെവി കേൾക്കാത്തോന്റെ മോൻ …
അവനും കേൾവി ഇല്ലെന്നറിഞ്ഞ
അന്ന് വൈകീട്ടാണ്…
അവൻ തന്റെ ജീവിതത്തിൽ നിന്നും
നെഞ്ചും വിരിച്ചുകൊണ്ടങ്ങിറങ്ങിപ്പോയത് ..
ചില ഇറങ്ങിപ്പോകലുകൾ പലപ്പോഴും
സുന്ദരങ്ങളായ ചില വെല്ലുവിളികളാണത്രേ…
മരിച്ചുകിടക്കുമ്പോഴും അവന്റെ ചുണ്ടുകളിലെ
ലോകത്തോടുള്ള പുച്ഛം ഞാൻ കണ്ടതാണ് ..
മുഷിഞ്ഞ സാരിത്തലപ്പിനിടയിലൂടെ
എന്റെ നേർക്ക് നീളുന്ന ഉള്ളുലയ്ക്കുന്നയാ പിഞ്ചുനോട്ടങ്ങളിൽ
നിന്നും
ഞാനൊന്ന് ഒളിച്ചോടട്ടെ…
അവനിലൂടെ ചരിത്രമിനിയും ആവർത്തിക്കുമോ …?
ചോദ്യം നിങ്ങളോടാണ്
നിങ്ങളോട് മാത്രം….