ചരിത്രം വിചിത്രമാക്കുന്ന കാലത്ത്
പക്ഷം ചേർക്കപ്പെട്ട ചരിത്രം
പാരമ്പര്യത്തെ തിരസ്ക്കരിക്കും.

നിർമ്മിതചരിത്രങ്ങൾ
വിദൂരമല്ലാത്ത ഭാവിയിൽ
മുഖത്ത് തുപ്പും

അന്ന് ചരിത്രം തേടിയുള്ള അന്വേഷണങ്ങൾ
ചിതലുതിന്നാറായ പുസ്തകങ്ങളിൽ
ചെന്നിരിക്കും.
വാഴ്ത്തപ്പെട്ട ആത്മകഥകൾ
ഏകാധിപതികളുടേത് മാത്രമായി
ചുരുക്കപ്പെടും

ഇതിനിടയിൽ നമ്മുടെ ചരിത്രങ്ങൾ പേറിയ
വിലാപയാത്രകൾ
നഗരങ്ങളിൽ നിന്നും കുടിയിറക്കപ്പെടും
രാജാവിനെ ജനങ്ങൾ
കെട്ടിത്തൂക്കിയ ചരിത്രങ്ങൾ മാത്രം
നിലനില്ക്കും.

നിൻ്റെ ചരിത്രം
നിന്നിൽ മരിച്ച്
നിന്നിൽ മദിച്ച്
നിന്നിൽ ഭ്രമിച്ച്
നിന്നെയെല്ലവരും ചേർന്ന്
നീയല്ലാതാക്കിയിരിക്കുന്നു

നിൻ്റെ പേരിപ്പോൾ
എങ്ങുമില്ല.
നീ ജനിച്ചുമില്ല, നീ മരിച്ചുമില്ല.
ജീവിച്ചിരുന്നപ്പോൾ ആവിയായിപ്പോയ
ഒരു പുട്ടുകുടം മാത്രം
എത്ര പുട്ടുകൾ വെന്താലും
നിനക്കെന്ത്?

തിന്നവൻ തീൻമേശ തുടയ്ക്കാത്ത രാജ്യത്ത്
ചരിത്രമേ…? നിനക്കെന്ത്?
ചരിത്രം.

എല്ലാ ചരിത്രവും അടക്കപ്പെടും
പുതിയ ചരിത്രങ്ങൾ പുതുക്കപ്പെടും
തിരസ്ക്കാരങ്ങളിൽ നിന്നും വിപ്ളവത്തിൻ്റെ
വേരുകൾ കുഴിച്ചെടുക്കും

“ഇന്നു ഞാൻ നാളെ നീ “
എന്ന ബൈബിൾ വാചകം ഓർക്കപ്പെടും.

…………….. താഹാ ജമാൽ

By ivayana