രചന : രാജു വാകയാട് ✍
ദാസേട്ടന് എഴുപത്തെട്ട് വയസ്സ്
അര മണിക്കൂർ ഇടവിട്ട് ഓരോ പെഗ്
അത് കഴിഞ്ഞ് ജോണിവാക്കർ കൊടുത്താല്യം മൂപ്പര് കഴിക്കൂല അതാണ് ശീലം –
മൂപ്പരെ ഏക മകൻ കടലിൽ മീൻ പിടിക്കാൻ പോകുന്നു – അപ്പോ നിങ്ങളുചോദിക്കും കടലിൽ മീൻ പിടിക്കാനല്ലാതെ പിന്നെ എന്ത് ഒലക്കക്കാ പോകാന്ന്?? എനിക്ക് അങ്ങനെ ചോദിക്കുന്നവരെ വല്യ ഇഷ്ടാണുതാനും
ആ മകൻ കുടുംബമായി വേറെ താമസം – അഛനെയും ഹൃദയ രോഗിയായ അമ്മയെയും തിരിഞ്ഞു നോക്കില്ല – അവിടെയാണ് ആ ആയിരത്തി അറ നൂറിൻ്റെ മഹത്വം – രണ്ടാൾക്കും അത് മുടങ്ങാതെ കിട്ടുന്നുണ്ട്– പിന്നെ ചെറിയ രീതിയിൽ ഒരു ലോട്ടറി പരിപാടിയും – അതിൽ നിന്ന് ഒരു മുന്നൂറ് ദിവസം കിട്ടും —
ചിലർ ചില മഹാൻമ്മാരുമായി ഇടപഴകുമ്പോഴാണ് അവരുടെ ജീവിതം തന്നെ മാറി മറയുന്നത് – ആ മഹാൻ ആരാണെന്ന് നിങ്ങൾക്ക് വൈകാതെ മനസിലാകും എന്ന് വിശ്വസിക്കുന്നു – വിശ്വസിക്കട്ടെ വിശ്വസിച്ചു കൊള്ളുന്നു —
രണ്ട് മാസം മുമ്പാണ് ദാസേട്ടൻ എന്നോട് അതി ഭയങ്കരമായ ഒരു രഹസ്യം പറഞ്ഞത് – മൂപ്പരുടെ ഭാര്യക്ക് ബേപ്പൂർ റോഡ് സൈഡിൽ രണ്ട് സെൻ്റ് സ്ഥലം കിട്ടാനുണ്ട് -രണ്ട് സെൻെ് എന്ന് കേൾക്കുമ്പോ നിങ്ങൾ നെറ്റി ചുളിക്കും എന്നാൽ കേവലം ഒണക്ക രണ്ട് സെൻ്റെല്ല അത് – സെൻ്റിന് ഏഴ് എഴര ലക്ഷം വിലവരുന്ന ഒരു ചുച്ചുടു മുതലാണ് –
ഭാര്യയുടെ ആങ്ങള പന്ത്രണ്ട് ലക്ഷം ബേങ്കിലിട്ട് ദാസേട്ടൻ്റെ ഒരു വാക്കിനായി കാത്തിരിക്കുന്നു – എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി മുപ്പര് വഴങ്ങിയിട്ടില്ല പതിനഞ്ച് ലക്ഷം കിട്ടണം എന്നാൽ ഒപ്പിട്ടു തരാം എന്ന വാശിയിലാണ് –അതിനാൽ ആ അഞ്ച് സെൻ്റ് വരുന്ന ചെറിയ ഓടിട്ട പുരയുള്ള കൂട്ടു സ്വത്ത് അങ്ങനെ തന്നെ കിടക്കുന്നു —
ഇവിടെയാണ് ആ മഹാൻ്റ ഇടപെടൽ
മഹാനും ദാസേട്ടനും തമ്മിൽ താഴെ പറയുന്ന രിതിയിൽ ഒരു സംഭാഷണം നടന്നു —
ഇപ്പം എത്ര വയസ്സായി
78-
ഏറിയാൽ ഇനി നാലോ അഞ്ചോ വർഷം
ഉം
മകൻ?
തിരിഞ്ഞു നോക്കുന്നില്ല –
പതിനഞ്ച് ലക്ഷം നിങ്ങൾ ജീവിച്ചിരിക്കുന്ന സമയം കിട്ടിയില്ലെങ്കിലോ?
അല്ല അത് പിന്നീട് മകന് ഉപകാരപ്പെടും
നിങ്ങളെ തിരിഞ്ഞു നോക്കാത്ത മകനോ?
ഒന്നും മിണ്ടുന്നില്ല
ദാസേട്ടന് ഏത് മീനാ ഇഷ്ടം?
ആകോലി –
വിട്ടിൽ ഒരഞ്ഞൂറ് വാങ്ങി കൊണ്ട് പോയി രാത്രി ഭാര്യയോട് വർത്തമാനങ്ങളും പറഞ്ഞ് പൊരിച്ച ആകോലിയും കൂട്ടി രണ്ടണ്ണം അടിക്കുന്നതിന് വിരോധമുണ്ടോ??
ഇല്ല –
ന്നാ- ഇപ്പം തന്നെ പോയി ആ പന്ത്രണ്ട് ലക്ഷം വാങ്ങി ദാസേട്ടൻ്റ പേരിലിട്-
മക്കൾ തിരിഞ്ഞു നോക്കാത്ത ഒരഛനമ്മമാരും അവരുടെ മക്കൾക്ക് വേണ്ടി ഒന്നും സമ്പാതിക്കണ്ട – സ്വത്തുള്ളവർ അത് വേഗം വിറ്റ് ശിഷ്ട ജിവിതം ഉഷാറാക്കണം —
ദാസേട്ടനും അത് തന്നെ ചെയ്തു — വലിയ പുയ്യാപ്ലകോര പൊരിച്ചു രണ്ട് പെഗും കൂട്ടി അടിച്ച ഏതോരു രാത്രിയിൽ ദാസേട്ടന് തൻ്റെ ജീവിതംമാറ്റിമറിച്ച ആ മഹാനെ ഓർമ്മ വന്നു
ഗുരുദക്ഷിണയായി ഒരു ഫുൾ ഓൾഡ് മങ്ക് ആ മഹാൻ്റ കാലിൽ വച്ച് അനുഗ്രഹം വാങ്ങാനും അദ്ദേഹം മറന്നില്ല,,, —
ചെവി കേൾക്കാത്തോൻ
ഏറെ മനോഹരമായ ഒരു പേരുണ്ടായിട്ടുകൂടി
കൂട്ടുകാരവനെ അങ്ങനെയാണ് വിളിച്ചത്….
ക്രമേണ നാട്ടുകാരും അങ്ങനെ തന്നെ വിളിച്ചു…
സത്യത്തിൽ അവന്റെ പേരെന്തായിരുന്നു…. ?
ഹോ …മറന്നുപോയി
ഞാനുമവനെ അങ്ങനെ തന്നെയായിരുന്നല്ലോ വിളിച്ചിരുന്നത് …
പഠനം പാതി വഴിയിൽ നിന്നിരുന്നുവെങ്കിലും
അവൻ നല്ലൊരു ശില്പിയായിരുന്നു ….
അവന്റെ തഴക്കമാർന്ന കൈവിരലുകളാൽ
രൂപഭംഗിയാർന്ന ഒട്ടേറെ ദൈവരൂപങ്ങൾ പിറവി കൊണ്ടു ….
കൗതുകമെന്നു പറയട്ടേ
അവൻ തീർത്ത ശില്പങ്ങൾക്കെല്ലാം
മനോഹരങ്ങളായ വലിയ കാതുകൾ ഉണ്ടായിരുന്നത്രേ ….
അവനും ഒരുവളുണ്ടായി
പ്രണയം കൊണ്ടവനെ ചേർത്ത് പിടിച്ചവൾ…
അവന്റെ ഭാര്യ ആയതിൽ പിന്നെ
അവളും സ്വന്തം പേര് മറന്നു കാണണം …
അവളിപ്പോൾ ചെവി കേൾക്കാത്തോന്റെ ഭാര്യ….
അവർക്കൊരു മകൻ പിറന്നപ്പോൾ
അവൻ ചെവി കേൾക്കാത്തോന്റെ മോൻ …
അവനും കേൾവി ഇല്ലെന്നറിഞ്ഞ
അന്ന് വൈകീട്ടാണ്…
അവൻ തന്റെ ജീവിതത്തിൽ നിന്നും
നെഞ്ചും വിരിച്ചുകൊണ്ടങ്ങിറങ്ങിപ്പോയത് ..
ചില ഇറങ്ങിപ്പോകലുകൾ പലപ്പോഴും
സുന്ദരങ്ങളായ ചില വെല്ലുവിളികളാണത്രേ…
മരിച്ചുകിടക്കുമ്പോഴും അവന്റെ ചുണ്ടുകളിലെ
ലോകത്തോടുള്ള പുച്ഛം ഞാൻ കണ്ടതാണ് ..
മുഷിഞ്ഞ സാരിത്തലപ്പിനിടയിലൂടെ
എന്റെ നേർക്ക് നീളുന്ന ഉള്ളുലയ്ക്കുന്നയാ പിഞ്ചുനോട്ടങ്ങളിൽ
നിന്നും
ഞാനൊന്ന് ഒളിച്ചോടട്ടെ…
അവനിലൂടെ ചരിത്രമിനിയും ആവർത്തിക്കുമോ …?
ചോദ്യം നിങ്ങളോടാണ്
നിങ്ങളോട് മാത്രം….