രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍

ശുഭ്ര ശോഭയാർന്ന നറു പൂക്കളാൽ
നിത്യ ശുദ്ധിയാർന്നയെൻ ഗൃഹാങ്കണം
ശ്രാവണപ്പുലരികളിൽ പൂക്കളം
തൃത്തമാടിയെഴുതും പാലമരപ്പൂവഴക്.
എൻ്റെ ഹൃത്തിലാടിപ്പാടുന്ന മോഹപ്പെണ്ണഴക്!

പുലരിയുണർന്നെഴുന്നേൽക്കും മുമ്പേ
കുളിച്ചീറൻ പുഞ്ചിരിക്കതിർ തൂകി
മുകർന്നുണർത്തുമെൻ പ്രിയസഖി നീ
മനം മയക്കും മധുവിധുഗന്ധം!

സ്വപ്ന നിലാ മന: മണൽക്കരയിൽ
കല്പന വെല്ലും കമനീയ രാവിൽ
ആപാദം പൂവാംഗന നീ നിൽക്കുന്നു
അപ്സരസേ കൈയ്യിൽ പൂമാലയുമായ്.

യമുനാതീരത്തൊരു രാജനെന്നോ
യദുകുലനാഥൻ പോൽ പ്രണയാദ്രൻ
താജ്മഹളാം പ്രേമ സൗധമൊരുക്കി
പ്രണയത്തിന്നപൂർവ്വമാം നിർവ്വചനം പോലെ!
പാലമരപ്പൂവിനീ, ഗാനശില്പസൗധമെൻ!

രാജശേഖരൻ ഗോപാലകൃഷ്ണൻ

By ivayana