രചന : സിജി സജീവ് വാഴൂർ✍
ആ വെള്ള ബോർഡിലെ കറുത്ത അക്ഷരങ്ങളിലേക്ക് വെറുപ്പോടെയും പുച്ഛത്തോടെയും മാത്രമേ നോക്കിയിരുന്നുള്ളൂ,, പുളിച്ചു തികട്ടുന്ന ഒരു ഗന്ധം എപ്പോഴും അന്തരീക്ഷത്തിലങ്ങനെ കറങ്ങി നിൽക്കും പോലെ,,
ഷാപ്പ് പടി ഒരു വളവിലാണ്… വളവെത്തും മുന്നേ കാലുകൾആഞ്ഞു വലിച്ചുവെച്ചു നടക്കുന്നതൊരു ശീലമായി മാറിയിരുന്നു.
എന്നാൽ ഈയിടെയായി എന്റെ ചിന്തകൾ ഷാപ്പിനുള്ളിലേക്ക് ഇടിച്ചു കയറുന്നുണ്ട് യാദൃശ്ചികമായി കേട്ടൊരു നിലവിളിയും തേങ്ങി കരച്ചിലും ആണ് അതിനു കാരണം,,,
“പൊന്നുപോലെ വളർത്തിയതാ,,,,,
പരുന്തിൻ കാലിൽ പോയല്ലോ,,,, “
എന്നു പറഞ്ഞാണ് കരച്ചിൽ… എന്റെ സ്വതവേയുള്ള നടപ്പിന്റെ വേഗത അന്ന് കുറഞ്ഞു..ഏതൊരു പെണ്ണിനെപ്പോലെയും അറിയുവാനുള്ള ഒരു ആഗ്രഹം ഉള്ളിൽ പുളിച്ചു തികട്ടി വന്നു…
പക്ഷേ ആഗ്രഹം മാത്രം ബാക്കിയായി ആരാണ് പറഞ്ഞതെന്നോ കരഞ്ഞതെന്നോ അറിയാൻ കഴിഞ്ഞില്ല.എന്നാലെന്റെ ചിന്തകൾ സഞ്ചരിക്കുകയായിരുന്നു മനസ്സിനൊപ്പം.
ടിൻ ഷീറ്റ് മറച്ച വഴിയിലൂടെ ഷാപ്പിനുള്ളിൽ കടന്നപ്പോൾ എന്നെ എതിരേറ്റത് മണിച്ചേട്ടന്റെ മനോഹരമായൊരു നാടൻ പാട്ടാണ് ..
“”വരുത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ നിന്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടി തങ്കമ്മേ,,,
“”
കള്ളു പത പറ്റിപ്പിടിച്ച ഈച്ച പറക്കുന്ന ഡെസ്കിൽ താളം പിടിച്ചു മറിയുകയാണ് ഒന്നു രണ്ടുപേർ,..അവരത് ഏറ്റുപാടുന്നു..
അവ്യക്തമായ ഒരു മായക്കാഴ്ചയിൽ അവിടെ ആ ബെഞ്ചുകളിൽ ചില രൂപങ്ങൾ വരികയും ഇരിക്കുകയും കള്ളുമോന്തുകയും പറയുകയും കരയുകയും ഉച്ചത്തിൽ ചീത്ത പറയുകയും ചെയ്യുന്നു,,,
ആരൊക്കെയോ വേച്ചുവേച്ച് എഴുന്നേറ്റു പോകുന്നു….
അധികം ചീത്ത പറഞ്ഞവനെ അടുക്കളപ്പുറത്തുനിന്നും കറുത്തു തടിച്ചൊരു കട്ട മീശക്കാരൻ വന്ന് കുത്തിന് പിടിച്ചു പുറത്താക്കുന്നു…
ചിലർ സംഘം ചേർന്ന് ഇരിക്കുന്നു.. ശ്രദ്ധിച്ചപ്പോൾ മനസ്സിലായി അവരൊക്കെയും കുടിക്കുന്നതിന് കാരണക്കാർ അവരുടെ വീട്ടിലെ പെണ്ണുങ്ങൾ ആണെന്ന്.. ഒന്നുകിൽ അമ്മ അല്ലെങ്കിൽ ഭാര്യ… മദ്യപിച്ചിട്ട് ചെന്ന് കഴിയുമ്പോൾ അവരുണ്ടാക്കുന്ന പുകിലുകൾ വഴക്കുകൾ സഹി കെടുമ്പോൾ ഭാര്യയേയും അമ്മയേയും അറിയാതെ തല്ലി പോവുകയും ചെയ്യും.. നമ്മൾ പണിയുടെ ക്ഷീണം മാറാൻ അല്പം ഒന്ന് കുടിച്ചാൽ ഇവർക്ക് ഒന്ന് ക്ഷമിച്ചാൽ എന്താ,,,
ചോദ്യശരങ്ങൾ ഉയർക്കുന്നു,,, അതില്ല,,, ഇതില്ല,,,,മരുന്നില്ല,, മന്ത്രമില്ല,, എങ്ങനെയുണ്ടാകാനാ,,, ഐശ്വര്യമുള്ള പെണ്ണുങ്ങൾ കുടുംബത്തിൽ ഉണ്ടെങ്കിലേ കുടുംബം നന്നാവു, നമുക്ക് കുടിക്കാതിരിക്കാൻ തോന്നു…. അപ്പോൾ വീട്ടിലെ ദാരിദ്ര്യം മാറും….കുടിക്കണ്ടെന്നൊക്കെ ഓർക്കും പക്ഷേ ഈ പെണ്ണുങ്ങളുടെ അഹങ്കാരം… അവളുമാരു പറയുന്നത് അനുസരിക്കാൻ പോയാൽ ഈ ജന്മം അവരുടെ അടിമയായി നമുക്ക് കഴിയേണ്ടി വരും… സംഘം ചേർന്നിരിക്കുന്നവർ കാര്യങ്ങളെ കയ്യടിച്ചു പാസാക്കുന്നു..
അവ്യക്തമായ ഏതോ അന്യഭാഷയിൽ ഒരുത്തൻ അയൽപക്കക്കാരനെ ചീത്തപറയുന്നു…. ഷർട്ടിന്റെ കൈകൾ മുട്ടിനു മുകളിൽ തെറുത്തു വെച്ച് ബട്ടൺസുകൾ പകുതിയൂരിയിട്ട് വസൂരിക്കലയുള്ള ഒരാൾ ലോകരെ മുഴുവൻ വെല്ലുവിളിക്കുന്നു…. എനിക്ക് ആരെയും പേടിയില്ല,,, ധൈര്യമുള്ളവൻ വാടാ,,,, എന്നു പുട്ടിന് പീരയെന്നപോലെ പറയുന്നുണ്ട്… ശാന്ത മുഖവുമായൊരാൾ മുറിയുടെ മൂലയിലെ ബെഞ്ചിലിരുന്ന് എന്തോ പിറുപിറുക്കുന്നു…. അടുത്ത് ചെന്ന് ശ്രദ്ധിച്ചപ്പോൾ ആളോട് അല്പം ബഹുമാനമൊക്കെ തോന്നി.. ആഗോളവൽക്കരണവും പെട്രോൾ വിലയും സ്വർണ വിലയും കരണ്ട് ബില്ലും കെഎസ്ആർടിസി നഷ്ട കണക്കും എന്ന് വേണ്ട പാർലമെന്റിലെ അന്നത്തെ ചർച്ച വരെ,,, ആർക്കെങ്കിലും വേണമെങ്കിൽ കേട്ടോട്ടെയെന്ന മട്ടിൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു…
തലയിൽ കെട്ടും മുറിബീഡിയും പുകച്ച് അർദ്ധനഗ്നനായയൊരു കരിവീട്ടിയാൻ തനിയെ ചിരിക്കുകയും ഇടയ്ക്കിടയ്ക്ക് കണ്ണുകൾ മിഴിച്ച് മുകളിലേക്ക് നോക്കിയിരിക്കുകയും കരയുകയും ചെയ്തു പോന്നു…. നീണ്ടുവളരുന്ന ചെമ്പൻ താടിയിൽ ഉഴിഞ്ഞു കൊണ്ട് മണലുവിരിച്ച തറയിലേക്ക് അയാൾ നീട്ടി തുപ്പി.
വീണ്ടും കറുത്തു തടിച്ച കൊമ്പൻ മീശക്കാരൻ പ്രത്യക്ഷപ്പെട്ട് അവന്റെ കരണത്തൊന്നു കൊടുത്തു…. ഒരു പൂച്ച കുഞ്ഞിനെ പോലെ അയാൾ മൂലയിലേക്ക് ചുരുണ്ടു കിടന്ന് കരയുന്നു… ചെളിപുരണ്ട വസ്ത്രങ്ങളുമായിരിക്കുന്ന അവരിൽ ഓരോരുത്തരിലേക്കും ഞാൻ മാറിമാറി നോക്കി.. നവരസങ്ങൾ മിന്നി മറയുന്ന കുറേയധികം മുഖങ്ങൾ..
അവരൊക്കെയും സന്തോഷവും സങ്കടങ്ങളും ആപുളിച്ചു നാറുന്ന ബഞ്ചിലും ഡസ്കിലും താളം പിടിച്ചും തലയിട്ടടിച്ചും പറഞ്ഞും പറയാതെയും കരഞ്ഞും ചിരിച്ചും ആഘോഷിക്കുന്നു..
പിന്നിൽ അവരെ ഉപേക്ഷിച്ച് ടിൻഷീറ്റ് മറ കടന്നു പോരുമ്പോൾ വീണ്ടും ആ നിലവിളി കേട്ട പോലെ..
“പൊന്നുപോലെ വളർത്തിയതാ,,,
പരുന്തിൻ കാലിൽ പോയല്ലോ….”