രചന : കൃഷ്ണ മോഹൻ കെ പി ✍
വിസ്തൃതാകാശ വീഥിയിലെന്മനം
വിസ്തരിച്ചു പറന്നു നടക്കവേ
വിസ്മരിച്ചുവോ മിന്നാമിനുങ്ങുകൾ
വിശ്വരശ്മികൾ കാണുന്നുമില്ലയോ
വേറെയേതൊരു ലോകത്തു നില്പു നീ
വേറിടുന്നതിൻ സങ്കടം പേറിയേ
വേണ്ടവേണ്ടയെനിക്കു നിൻ നൽപ്രഭ
വേണമെന്നുമിനിയുമേ കാണണം
വേദന പൂണ്ടു പ്രാണിവർഗങ്ങളീ
വേദിയിൽ നിന്നു മാറിനിന്നീടുകിൽ
വേദനിച്ചുപോം സത്ചിത്ത വാഹകർ
വേണ്ട നീയും തിരികെയെത്തീടണം
വാസയോഗ്യമല്ലാതെ ഭൂമിയെ
വാതരോഗിയായ് മാറ്റുന്ന നാളിലീ
വാനിലൊന്നങ്ങുയർത്തുവാൻ മെല്ലവേ
വാനിൽ നീയും പറന്നു കളിക്കണം
വഞ്ചനപേറും ജീവിതയാത്രയിൽ
വാഹിനിയെപ്പതിയെക്കടക്കുവാൻ
വഹ്നിവാഹികയായിട്ടു വന്നു നീ
വഞ്ചി തന്നുടെ മാർഗ്ഗത്തെക്കാട്ടണം
വല്യജീവിയതല്ലെങ്കിലും നിൻ്റെ
വമ്പെഴുന്ന വെളിച്ചമീ രാത്രിയിൽ
വാർമതിത്തിങ്കൾ രശ്മിയായ്മാറവേ
വാക്കുതിർക്കുവാൻ സാമർത്ഥ്യം പോരെടോ🙏🏿