രചന : ഫർബീന നാലകത്ത് ✍
ഓണത്തിന്റെ പത്തവധിയും
കുളിച്ചു കേറി ഒരുങ്ങിയുടുത്തൊരു
തിങ്കളാഴ്ച്ച നാലാം പിരീയഡിലാണ്
വളച്ച ചൂരലും കെട്ടിയ പേപ്പറും മടക്കി
വിരട്ട്ചൂടൻ കണക്ക് മാഷ്
കലിപ്പ് കാട്ടി കേറിവന്നത്.
ഞാനപ്പോൾ ഏഴാം ക്ലാസ്സിലെ പിൻബെഞ്ചിലിരിക്കുന്ന
കൂറക്കറുപ്പുളള ചുരുണ്ട മുടിച്ചി.
”എന്റെ മുത്തപ്പോയ്
എന്നെ ജയിപ്പിക്കണേ..
എന്റെ ദേവ്യയ് ബെല്ലിപ്പോൾ അടിക്കണേ..”
അടുത്തിരുന്ന് അശ്വതി ജപിച്ചുവിയർത്തു.
”നിനക്ക് പേടിയില്ലേടി”യെന്ന്
പൈഥഗോറസും ആർക്കമിഡിസും
എന്റെ ചെവിക്കുളളിൽ കൂക്കി.
”നിങ്ങളെന്റെ കൂട്ടക്കാരെ”ന്നും
പറഞ്ഞ് ഞാനവരെ പിടിച്ചു മടിയിലിരുത്തി.
”ഇനിയാർക്കേലും
പേപ്പർ കിട്ടാനുണ്ടോ”ന്ന്
ചൂടൻ മാഷ് ചൂരൽ മേശയിലടിച്ച് പെരുമ്പറകൊട്ടി.
”നിനക്ക് കിട്ടിയില്ലല്ലോ”ന്ന് അശ്വതി.
ഞാനെണിറ്റു.
എൺപത്തിനാല് കണ്ണും
ചൂരൽ തുമ്പും എന്നെനോക്കി.
എനിക്കാണ് ഏറ്റവും കൂടുതൽ
മാർക്കെന്ന് മാഷ്.
എല്ലാവരും ഓമനിച്ചു വളർത്തുന്ന വെളുത്ത
മുയലിനേക്കാൾ മാർക്ക് .
ഒരു ചെറുചിരി മൊട്ട്
എന്റെ ചുണ്ടിൻ പൊട്ടും മുന്നേ
കൈകൾ നീട്ടാൻ അയാൾ.
നിർത്താതെ അടികൾ..
കോപ്പിയടിച്ചതാണെന്ന്.
അല്ലെന്ന് ഒച്ചയിട്ടപ്പോൾ
മറുതലം പറഞ്ഞതിന്
തലങ്ങും വിലങ്ങും വീണ്ടും
ആഴത്തിൽ അടിയുമ്മകൾ.
കണ്ണിൽ നിന്നും മലവെള്ളപ്പാച്ചിലോട്ടം.
എന്തിനാണ് ഞാൻ കരയുന്നത്!
വേദന കൊണ്ടാണോ!!
അല്ല.
ചെയ്യാത്ത കുറ്റത്തിന്റെ
വിഴുപ്പുകെട്ടാണ്
തല നിറയെ,
കൈനിറയെ ,
കൺ നിറയെ.
പിന്നെ ഞാൻ മിണ്ടിയില്ല.
അതിനു ശേഷമാണ്
സാമൂഹ്യപാഠത്തിലെ
അടിമകളുടെ ചരിത്രമെല്ലാം
വായിച്ചു നോക്കാതെ
എനിക്ക് മനസ്സിലായത്.
അതിനു ശേഷമാണ്
മലയാളം ടീച്ചർ പറയുന്ന
അവസാന ബെഞ്ചിലെ ടോർച്ചടിച്ചാൽ കാണുന്ന ആത്മാവ് മാത്രമായി
ഞാൻ പരിണമിച്ചത്…
(വാക്കനൽ)