രചന : പാപ്പച്ചൻ കടമക്കുടി ✍

എനിക്കു നിന്നടുത്തു വന്നിരിക്കണം
നിനച്ചതൊക്കെ കാതിലിന്നു പെയ്യണം
നനുത്തു പുഞ്ചിരിച്ചു നിന്റെ ചുണ്ടിനാൽ
എനിക്കൊരിഷ്ടരാഗമുദ്ര നല്കണം.
തിളച്ചിടുംമനസ്സു മൂടിവയ്ക്കിലും
മുളച്ചു പൊന്തിടുന്നു മോഹമെന്തിനോ?
തെളിഞ്ഞുദിച്ചിടുന്നു സൗരമണ്ഡലം
കുളിർന്നു പാടിയുള്ളിലിന്നു പൈങ്കിളി.
അകന്നകന്നു നാമടുത്തിരിക്കണം
അകംനിറഞ്ഞു കാവ്യമാല കോർക്കണം
വിടർന്നിടുന്നൊരായിരം ദലങ്ങളിൽ
തുടുത്തവീണ പോലെയിന്നു പാടണം
പയസ്സുപോലെ ശുഭ്രമായ് പരസ്പരം
ലയിക്കണം നമുക്കൊരേ സ്വരങ്ങളായ്
എഴുന്നുനില്ക്കണം ഹൃദത്തിലെപ്പൊഴും
എഴുത്തുപോൽ, വിളക്കുപോലെ കാന്തമായ്.

പാപ്പച്ചൻ കടമക്കുടി

By ivayana