രചന : കുന്നത്തൂർ ശിവരാജൻ✍
കാറ്റ് വീശി…
പുരയോട് തൊട്ടു ചേർന്നു നിൽക്കുന്ന തെങ്ങിൻ പൂക്കുലയിലെ
മച്ചിങ്ങകൾ ഓടിനു മീതേ വീണു കലപിലശബ്ദിച്ചു.
ശേഖരൻ മറുവശം ചരിഞ്ഞു കിടന്നു. നെഞ്ചിലെ വേദനയ്ക്കു ഒട്ടും ശമനമില്ല.
“കുറെ ഇഞ്ചി ചതച്ചു നീര് തരാം “
വാസന്തി ചൂട് വെള്ളം നിറച്ച കുപ്പി
ഭർത്താവിന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു. അയാൾ ചൂട് പിടിച്ചു
നോക്കി.
ഭാര്യയോട് എങ്ങനെ പറയും
തന്റെ പിതാവിനും ഇതൊക്കെത്ത
ന്നെയായിരുന്നു ലക്ഷണമെന്ന്.
അറ്റാക്ക്.
താൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന
കാലത്താണ് അച്ഛന്റെ മരണം . തനിക്ക് മൂത്തതും ഇളയതു
മായി ആകെ അഞ്ചു പേർ. പട്ടിണി മാറ്റാൻ അമ്മ തല്ലിയ ചീക്കത്തൊ
ണ്ടിനു കണക്കില്ല. കയർ പിരിക്കാൻ വണ്ടി കറക്കി തന്റെ രണ്ടു കയ്യിലും
തഴമ്പ് കട്ട പിടിച്ചതിനാൽ മാഷന്മാ
രുടെ അടിയുടെ ചൂട് അത്രയ്ക്കങ്ങു
ഏശിയില്ല. പത്താംതരം തോറ്റു
പഠിത്തം നിർത്തി.
ഇപ്പോൾ തന്റെ മൂത്തമകൾ
പത്താംതരം തോറ്റു പഠിത്തം നിർത്തിയിട്ട് അഞ്ചു കൊല്ലങ്ങൾ കഴിഞ്ഞു. പെണ്ണിനു ലേശം ശരീര
വാശികൂടുതൽആണ്.ആലോചനക്കാർ വന്നു തുടങ്ങുന്നു.താഴോട്ടും രണ്ടു പെണ്ണ്.വയസ്സ് കാലത്തു
നമ്മളെ നോക്കാനാരാടി… ഒരു
ആൺ തരി വേണ്ടേ?
അങ്ങനെ നാലാമത് വന്നത്
ആൺതരി തന്നെ.
ഇപ്പോൾ തനിക്കെന്തെങ്കിലും
സംഭവിച്ചാൽ…..?
തന്റെ വിചാരത്തെ ശരിവച്ച്
ഇടയ്ക്കിടെ ഗൗളി ശബ്ദിക്കുന്നുണ്ട്.
ജനാലയിലൂടെ പുറത്തേക്കുനോക്കിയാൽ പുഴ കാണാം. തന്റെ
തെങ്ങുകൾ പാലം മാതിരി ആറ്റിലേക്കു വളഞ്ഞു വളർന്നു നിൽക്കുന്നു. പുഴയോരത്തു ചൂണ്ടയിട്ടു
കൊണ്ടിരിക്കുന്നത് പുത്രനാണ്.മണക്കടക്കായലിൽ നിന്ന് ചീക്കത്തൊണ്ട് കൊണ്ട് വന്നു
വള്ളത്തിൽ നിന്ന് ഇറക്കിയിടുന്നത്
മാധവേട്ടനും ഭാനുവും കൂടിയാണ്.തനിക്കു നെഞ്ചു വേദന തോന്നിയ തിനാലാണ് ഇന്നു ഭാനുവിനെക്കൂടി
വിളിച്ചത്.
അതിനരുകിൽ നാലഞ്ച് സ്ത്രീകൾ തൊണ്ട് തല്ലുന്നുണ്ട്. ആ കളത്തിൽ നിന്നാണ് ഇപ്പോൾ വാസന്തിഎണീറ്റ് വന്നത്.
കയർ വ്യവസായവും തകർച്ചയിലാണ്. മുറ്റത്തെ വണ്ടികളിൽ
കയർ പിരിക്കാൻ നിൽക്കുന്നതിൽമൂത്തവളോടൊപ്പം രണ്ടാമത്തെമകളുമുണ്ട്.
മുറിയിൽ അട്ടിയിട്ടു വച്ചിരിക്കുന്ന കയർ നാളെ ആലപ്പുഴയിൽഎത്തിക്കണം. മാധവേട്ടനെ എല്ലാംഏർപ്പാടാക്കണം.
“മാധവേട്ടനോട് എന്നെ കണ്ടിട്ടേപോകാവൂന്നു പറഞ്ഞേര്. മേശയിൽ
ആയിരത്തിയഞ്ഞൂറു രൂപയേയിരിപ്പുള്ളു. ഭാനുവിനു കൂലി കൊടുത്തോളാൻ പറ. ഏട്ടന്റെ കണക്കൊക്കെപിന്നെയാട്ടെ. ഇഞ്ചിച്ചാറിലിത്തിരി
പഞ്ചസാര ചേർക്കാഞ്ഞതെന്തു?”
“ഓ.. ഇനി ഷുഗർ കൂട്ടാത്തതിന്റെ കുഴപ്പമേയുള്ളു. വാസുകണി
യാരുടെ വീട്ടിലേക്കു ചെക്കനെ പറഞ്ഞു വിടാം. ഇത്തിരി കഷായമോ
മറ്റോ വാങ്ങി കൊണ്ടു വരട്ടെ.”
“എന്നാ വിട് “
വലതു കയ്യിലെ മണിബന്ധത്തിൽ വിരലുകളമർത്തി അയാൾ ഇടക്കൊക്കെ ഹൃദയമിടിപ്പിന്റെതോത് പരിശോധിക്കുന്നുണ്ട്.
“ഇപ്പോൾ പൾസ് റേറ്റ് കുറെ ഡൗൺ ആയി. ആകപ്പാടെ ഇർറെഗുലർ…. അരമണിക്കൂർ മുൻപ് കൂടുതൽ ആയിരുന്നു.”
അയാൾ സ്വയം പിറുപിറുത്തു.പുരയിടമാകെ ഒരടിക്കനത്തിൽ
ചകിരിച്ചോറ് നിരത്തിയിട്ടിരിക്കുകയാണ്. നടക്കുമ്പോൾ പദങ്ങൾ പുതഞ്ഞു പോകും. അവിടെ ഒരടി താഴ്ത്തിയാൽ ഇപ്പോൾ വെള്ളം കിട്ടും. പുഴയുടെ ജല നിരപ്പിനു സമമാകും.
പിന്നെ എങ്ങനെയാണ് തന്നെഅടക്കാൻ കുഴി എടുക്കുക?
വർഷകാലത്തു വെള്ളം വന്നു മൂടുന്ന പുരയിടം. ചില പെരുമഴക്കാലങ്ങളിൽ മുറിക്കുള്ളിൽ ഒരാൾ പൊക്കം വെള്ളം കയറും.
പിന്നീട് കിണറും വീടും വൃത്തിയാക്കുന്നത് തന്നെ എത്ര വലിയ പണിയാണ്.
ഇത്ര കാലവും എല്ലാപ്പണികളുടെയും മുക്കാൽ പങ്കും താൻതന്നെയാണ് ചെയ്തു പോന്നത്…..
താൻ മരിച്ചാൽ പിന്നെ….?
അവളും തന്റെ അമ്മയെപ്പോലെ…!?
അയാളുടെ നെഞ്ചിനു ഭാരം തോന്നി.
പുറത്ത് ഉച്ചവെയിൽ കത്തി
നിൽപ്പുണ്ട്.
“നിങ്ങൾ എന്തെങ്കിലും വന്ന്
കഴിക്ക്.. അധികം വിശന്നാലും വയറ്റിൽ ഗ്യാസ് ഉണ്ടാകും.”
അവൾ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു.
“അച്ഛാ… ഇന്ന് നല്ലപോലെ മീൻകിട്ടി.”
നാലഞ്ചു പള്ളത്തികളെ ഈർക്കിലിൽ കൊരുത്തു ചൂണ്ടയുമായി ലോകം കീഴടക്കിയ യോദ്ധാവിനെപ്പോലെ മകൻ വരുന്നത് കണ്ടപ്പോൾ അയാൾക്ക് വല്ലാത്തൊരു വീർപ്പു
മുട്ടൽ ഉണ്ടായി.
അവനെ അരുകിൽ വിളിച്ചു മാറോട് ചേർത്ത് കെട്ടിപ്പുണർന്നു.
ഭാര്യ ആശ്ചര്യത്തോട് ചോദിച്ചു.
“നിങ്ങക്കിതെന്തു പറ്റി?”
“ഒന്നുമില്ല “
അയാൾക്ക് ഒന്ന് പൊട്ടിക്കരയണമെന്നു തോന്നി!!