മാത്യുക്കുട്ടി ഈശോ✍

ന്യൂയോർക്ക്: മായാജാല-ഇന്ദ്രജാല മാസ്മരിക ലോകത്തെ മുടിചൂടാ മന്നനായി പ്രശസ്തിയുടെ ഉത്തുംഗശ്രിംഗത്തിൽ എത്തി നിൽക്കുന്ന ലോകപ്രശസ്ത മാന്ത്രികൻ ഇന്ന് കാരുണ്യത്തിന്റെ പര്യായമായി ഇരുന്നൂറിലധികം ഭിന്നശേഷിക്കാരായ കുട്ടികളുടെ അച്ഛനായി വിനയാന്വീതനായി നമ്മുടെ മുന്നിലേക്കെത്തുന്നു. ചെറിയ കുട്ടിയായിരുന്നപ്പോഴേ മായാജാല വിദ്യയിൽ ആകൃഷ്ടനായി ഏഴാമത്തെ വയസ്സു മുതൽ ജാലവിദ്യ അഭ്യസിച്ച് ലോകപ്രശസ്ത മായാജാലക്കാരനായി ഏവരുടെയും അഭിനന്ദനത്തിലും കയ്യടിയിലും മുഴുകി മുന്നോട്ടുപോയ ഗോപിനാഥ് മുതുകാട് കാരുണ്യത്തിന്റെ നിറകുടമായി ഇരുന്നൂറു കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ആശയും അത്താണിയുമായി വരുമെന്ന് ലോകത്തിലാരും പ്രതീക്ഷിച്ചിരുന്നില്ല. ഇതുമൊരു മായാജാലമോ എന്ന് സംശയിച്ചു പോകുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന മാജിക് പ്ലാനറ്റ് (Magic Planet) എന്നും ഡിഫറെൻറ് ആർട്ട് സെൻറർ (Different Art Center) എന്നും പേരിലുള്ള സ്ഥാപനങ്ങളിലൂടെ ലോക വൈദ്യശാസ്ത്രത്തെ വരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ് മുതുകാട്. എന്നും അത്ഭുതങ്ങൾ മാത്രം സമ്മാനിച്ചിരുന്ന കൈകളിലൂടെ ഭിന്ന ശേഷിക്കാരായ 14 മുതൽ 24 വയസ്സുവരെയുള്ള 200 കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിച്ചെടുക്കുന്ന അതികഠിനമായ പ്രയത്നത്തിലാണ് ഗോപിനാഥ് ഇന്ന്.

ഭിന്നശേഷിക്കാരായ കുട്ടികളെ അവരുടെ കഴിവുകൾ കണ്ടെത്തി ആ കഴിവ് വികസിപ്പിക്കുന്നതിനുള്ള യജ്ഞമാണ് മുതുകാട് ഏറ്റെടുത്തിരിക്കുന്നത്. കുറെ കുട്ടികളെ മാജിക് പഠിപ്പിക്കുന്നതിനു മാസങ്ങളുടെ അദ്ധ്വാനത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു. മാജിക് പഠനത്തിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ബുദ്ധി വികസനത്തിൽ ഐ.ക്യു-ഇ.ക്യു (IQ-EQ) ലെവൽ വർദ്ധിപ്പിക്കാമെന്നു ലോക വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തി തെളിയിച്ച് യൂണിസെഫിന്റെ പ്രശംസി നേടിയെടുത്തു.

6 ബുക്കുകൾ രചിച്ച മോട്ടിവേഷണൽ പ്രാസംഗികൻ കൂടിയായ മായാജാലക്കാരൻ മാജിക് ലോകത്തെ ഏറ്റവും പരമോന്നത പുരസ്‌കാരമായ മെർലിൻ അവാർഡുൾപ്പെടെ നിരവധി പുരസ്‌കാരങ്ങളാണ് കരസ്ഥമാക്കിയിട്ടുള്ളത്. ഗ്ലോബൽ മാന്ത്രിക സംഘടനയായ ഇന്റർനാഷണൽ ബ്രദർഹുഡ് ഓഫ് മജീഷ്യൻസിന്റെ വിശിഷ്ട അംഗീകാരവും, ഒമാൻ ഗവണ്മെന്റിന്റെ അവാർഡ് ഓഫ് എക്സലൻസ്, കേരള ഗവണ്മെന്റിന്റെ പ്രതിഭ പ്രണാമം, കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ് തുടങ്ങി എണ്ണിയാലൊതുങ്ങാത്തത്ര അംഗീകാരവും അവാർഡുകളും ലഭിച്ചിട്ടുള്ള മുതുകാട് ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമിയുടെ സ്ഥാപകൻ കൂടിയാണ്. ജീവിതാവസാനം വരെ മാജിക്കിലൂടെ മുന്നേറണമെന്ന് ആഗ്രഹിച്ചിരുന്ന ഈ മായാജാല വിദ്യക്കാരൻ ഒരു പ്രത്യേക സാഹചര്യത്തിൽ കാസർഗോഡ് വച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തപ്പെട്ട മാജിക് ഷോയിൽ ചില കുട്ടികളുടെ ദയനീയാവസ്ഥയും അവരുടെ അമ്മമാരുടെ കണ്ണീർവറ്റിയ ദീനരോദനവും കേട്ട് കരളലിഞ്ഞു പോയി. അതോടെ മനസ്സിന് ഒരു വ്യതിയാനം സംഭവിച്ച്‌ മാജിക് ജീവിതം എന്നെന്നേക്കുമായി ഉപേക്ഷിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസ്സിലുറപ്പിച്ചു. അതിനായി സമ്പൂർണ്ണ സമ്പാദ്യവും സ്വന്തം കിടപ്പാടവും വിറ്റ് 23 ഭിന്നശേഷിക്കാരായ കുട്ടികളെ മാജിക് പഠിപ്പിക്കാൻ തുടങ്ങി. ആറ് മാസത്തെ അധ്വാനത്തിന് ശേഷം ആ കുട്ടികളുടെ പുരോഗമനം കണ്ട് കൂടുതൽ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. പിന്നീട് കുട്ടികളുടെ എണ്ണം നൂറിലേക്കും ഇരുന്നൂറിലേക്കും ഉയർന്നു.

ഇപ്പോൾ 2500-ലധികം ഭിന്നശേഷി കുട്ടികളുടെ അപേക്ഷ അദ്ദേഹത്തിന്റെ പക്കൽ തീരുമാനമാകാതെ കിടക്കുകയാണ്. തന്റെ പ്രോജെക്ടിൽ ഭിന്ന ശേഷിക്കാരായ കുട്ടികളെ പരിപാലിക്കുന്നതിനും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിനും ഭാരിച്ച ചിലവാണുള്ളത്. ഈ ചെലവ് നല്ലവരായ മനുഷ്യസ്നേഹികളുടെ സഹായത്താലും പിന്തുണയാലും മാത്രമേ നിർവഹിക്കുവാൻ സാധിക്കുകയുള്ളു എന്ന് തിരിച്ചറിഞ്ഞതിനാൽ മറ്റുള്ളവരിലേക്ക് ആ സന്ദേശം എത്തിക്കുവാൻ അമേരിക്കയിലേക്കു എത്തിയിരിക്കുകയാണ് മുതുകാട്. ന്യൂയോർക്കിലുള്ള പോൾ കറുകപ്പള്ളി എന്ന മനുഷ്യസ്നേഹിയായ സാമൂഹിക പ്രവർത്തകൻറെ നേതൃത്വത്തിലുള്ള ടീം അതിനായി മുതുകാടിനെ സഹായിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പോൾ കറുകപ്പള്ളിൽ, ബിജു ജോൺ കൊട്ടാരക്കര, ജോർജ് ജോൺ കല്ലൂർ, മത്തായി ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഓറഞ്ച് ബർഗിലുള്ള സിത്താർ പാലസ് റെസ്റ്റോറന്റിൽ വച്ച് മുതുകാടിനൊപ്പം നടത്തപ്പെട്ട അത്താഴ വിരുന്നിൽ ഇരുപത്തഞ്ചോളം സഹായ മനസ്കരായ വ്യക്തികൾ സഹായ ഹസ്തം നീട്ടി. ഒരു കുട്ടിയുടെ ഒരു വർഷത്തെ സൻധാരണത്തിനായി ചെലവ് വരുന്ന 2000 ഡോളർ വീതം സ്പോൺസർ ചെയ്ത് അത്താഴ വിരുന്നിൽ പങ്കെടുത്തവർ മാതൃക കാട്ടി. ഇപ്പോൾ 200 കുട്ടികളെ പരിപോഷിക്കുന്നിടത്തു 500 ഭിന്നശേഷിക്കാരായ കുട്ടികളെ വരെ സംരക്ഷിക്കണമെന്നാണ് മുതുകാടിൻറെ ലക്‌ഷ്യം. അതിൽ 100 കുട്ടികളുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കുവാനാണ് കറുകപ്പള്ളി ടീമിന്റെ ഉദ്ദേശം.

ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് സിത്താർ പാലസ് റെസ്റ്റോറന്റിലെ അത്താഴ വിരുന്നിൽ സ്‌പോൺസർഷിപ്പ് നൽകിയ നോഹ ജോർജ്, അരുൺലാൽ മണിലാൽ, സാം മാത്യു, അഭിലാഷ് ജോർജ്, സാജൻ, ശാന്തിഗ്രാം ഡോ. ഗോപിനാധൻ നായർ, കോശി കുരുവിള, ടോബിൻ മഠത്തിൽ, ഹരി സിങ്, സ്റ്റാൻലി മാത്യു, ബാബു ഉത്തമൻ, പാസ്റ്റർ പോൾ ജോൺ, കുഞ്ഞു മാലിയിൽ, ജോൺ തോമസ് പഴയിടത്ത് , ഡോ. വത്സ ജോൺ, മത്തായി പി. ദാസ്, ബേബി മാത്യു, രതീഷ് ആൻഡ് ടീം, ലാലി കളപ്പുരക്കൽ, ജോർജ് ജോൺ, കോരസൺ വർഗ്ഗീസ്, ജോൺസൺ ശാമുവേൽ, മത്തായി ചാക്കോ, ബോബി, ജോയി ഇട്ടൻ, തോമസ് കോശി, പവൻ ജോൺ എന്നിവർക്ക് പോൾ കറുകപ്പള്ളിൽ പ്രത്യേക നന്ദി പ്രകാശിപ്പിച്ചു. ജോർജ് ജോൺ കല്ലൂർ, അഡൽഫി യൂണിവേഴ്സിറ്റിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനം നടത്തുന്ന പ്രൊഫ. ഡോ. പവൻ ജോൺ ആൻറണി, ബിജു കൊട്ടാരക്കര തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ഇ-മലയാളി പത്രത്തിൻറെ പ്രസാധകൻ ജോർജ് ജോസഫ്, പ്രവാസി ചാനൽ ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ, ഏഷ്യാനെറ്റ് ന്യൂയോർക്ക് റീജിയണൽ ഡയറക്ടർ മാത്യുക്കുട്ടി ഈശോ എന്നീ മാധ്യമ പ്രവർത്തകരും യോഗത്തിൽ സന്നിഹിതരായിരുന്നു.

പ്രൊഫ. മുതുകാടിൻറെ ഭിന്നശേഷിക്കാരായ മജീഷ്യൻ കുട്ടികളുടെയും മറ്റു കലാപ്രകടനം നടത്തുന്ന കുട്ടികളുടെയും സ്റ്റേജ് പ്രോഗ്രാം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ അടുത്ത വർഷം കാഴ്ച വയ്ക്കാൻ തയ്യാറെടുക്കുകയാണ് എന്ന് പോൾ കറുകപ്പള്ളി പ്രസ്താവിച്ചു. ഡിഫറൻറ് ആർട്ട് സെൻററിലെ കുട്ടികളുടെ വിവിധ പ്രകടനങ്ങളടങ്ങിയ വിഡിയോയും ചടങ്ങിൽപ്രദർശിപ്പിച്ചു. കേരളത്തിലെ കോവിഡ് കാലത്തു രോഗം ബാധിച്ചവരുടെ കണക്കുകൾ ഒരു തെറ്റും കൂടാതെ കേരള ചീഫ് സെക്രട്ടറി, മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ, ആരോഗ്യ സെക്രട്ടറി എന്നിവരുൾപ്പെടെയുള്ള വൻ സദസ്സിനു മുന്നിൽ കഴിഞ്ഞ ദിവസം അവിശ്വനീയ പ്രകടനം കാഴ്ച വച്ച രംഗനാഥൻ എന്ന കുട്ടിയുടെ വീഡിയോയും എല്ലാവരുടെയും മുന്നിൽ മുതുകാട് പ്രദർശിപ്പിച്ചു. പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ സേവന പ്രോജെക്ടിൽ ചേർന്ന് സഹായിക്കണമെന്ന് താല്പര്യപ്പെടുന്നവർ പോൾ കറുകപ്പള്ളിയുമായോ (845-553-5671) ബിജു ജോൺ കൊട്ടാരക്കരയുമായോ (516-445-1873) ബന്ധപ്പെടാവുന്നതാണ്.

By ivayana