രചന : ടി എം. നവാസ് വളാഞ്ചേരി✍
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ …..
സ്വതന്ത്ര ഭാരതം സ്നേഹഭാരതം
പുണ്യ ഭാരതം എന്റെ ഭാരതം
ചരിതമേറെ പിറവി കൊണ്ട എന്റെ മണ്ണ് ഭാരതം
ദുരിതമേറെ താണ്ടി വന്ന ജൻമനാട് ഭാരതം
വീരരന്ന് ചോര നൽകി നേടി തന്ന ഭാരതം
ഹിംസകർക്ക ഹിംസകൊണ്ട് തല്ലു നൽകി ഭാരതം
പിറന്ന മണ്ണിൻ പുണ്യമേറെ ചൊല്ലി തന്ന ഭാരതം.
വർണ വർഗ ജാതി മത ചിന്തകളതൊക്കെയും
മാറ്റി വെച്ച് മാറ്റുരച്ചു മാനമൊന്ന് കാക്കുവാൻ
അരുമയാകും മക്കളെ അണച്ചു കൂട്ടി ഭാരതം
കൂട്ടു ചേർന്നു ഒരുമയാലെ തോളുരുമ്മി നിന്നവർ
ലക്ഷ്യമൊന്ന് നാടിതിന്റെ മോചനത്തിനായവർ
ഒരുമ കൊണ്ട് നാടിതിൽ പെരുമ തീർത്തു പൂർവ്വികർ
അതിശയത്തിൻ ഗാഥ പാടി തലയുയർത്തി ഭാരതം
പന്തലിച്ചു പൂമരങ്ങൾ നാടിതിന്റെ ഭൂവിതിൽ
നെഞ്ചകത്തിലേറ്റി വർണ്ണ വർഗ വേഷമഖിലവും
പുണർന്നുവന്ന് നൻമ പുക്കും പൂമരങ്ങളൊക്കെയും
കൂടിനിന്ന് ചേർന്നു നിന്ന് കാവലായി നിന്നിടാം
കാർന്നുതിന്നിടാൻ വരുന്ന ക്രൂരരെ തുരത്തിടാം
അഹിംസയെന്ന സ്നേഹമന്ത്രം നെഞ്ചകത്തിലേറ്റിടാം
ഭാരതത്തെ കാത്തിടുന്ന
വൻ മരങ്ങളായിടാം.