രചന : പാപ്പച്ചൻ കടമക്കുടി✍
വാർദ്ധയിൽ
വാർദ്ധക്യത്തിന്റെ തൂണുചാരി
വാക്കുരിയാടാതൊരു വൃദ്ധനിരുന്നു
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ
ശ്വാസംമുട്ടി, ഒറ്റക്കമ്പൂന്നി
വേച്ചുവേച്ചു നടക്കുന്നു വൃദ്ധൻ.
ആത്മാവിൽ തൊടാത്ത
പ്രതിജ്ഞകളുടെ കരിയിലകൾ
കൊടിക്കൂറയുടെ വർണ്ണങ്ങളിൽ തട്ടിത്തടഞ്ഞ്
പൈപ്പിന്റെ ചോട്ടിലെ
വറകുടങ്ങളിൽ വീണെരിഞ്ഞു.
ഗ്രാമങ്ങളുടെ ശവങ്ങളിൽ കെട്ടിയുയർത്തിയ
പിരമിഡുകളിൽ കയറിനിന്ന്
പിച്ചുംപേയും പുലമ്പുകയാണ്
നിയമനിർമ്മാണക്കാർ.
ഉപ്പിലിട്ട ജനാധിപത്യം
പുഴുവരിച്ചുതുടങ്ങിയിരിക്കുന്നു.
ഗ്രാമ സ്വരാജിന്റെ
ചിറകരിഞ്ഞ ചോരമോന്തി
രാഷ്ട്രീയ സത്വം ഉറഞ്ഞാടുന്നു ‘
സദാചാരം വരുന്നതുംകാത്ത്
മദ്യസാഗരത്തിലാണ് അധികാരികൾ
കപ്പലോടിക്കുന്നത്.
അഗ്നിവർണ്ണന്മാർ നമുക്കെന്തിനെന്ന
ആലോചനയുടെ
നാല്ക്കവലയിലാണ് ജനങ്ങൾ.
കോടികളുടെ കൂരകൾക്കു കീഴേ
ദാരിദ്ര്യവ്യാധികളിൽ
വീടും ജീവിതവും സ്വപ്നമായവർക്കു മുന്നിൽ
നിറചിരിയും കൂപ്പുകൈയും
പശവടിവാക്കിയ ഖദറുമണിഞ്ഞ്
ജാടയൊളിപ്പിച്ച അതിവിനയത്തോടെ
ആഡംബരത്തേരിലിറങ്ങി
ന്യായപ്രമാണങ്ങൾ
വിളമ്പുകയാണ് ഹെരോദോസുമാർ.
വികസനവും ദുരിതവും യുദ്ധവും
കുടിച്ചു മലച്ചവരെ
ചായപ്പാത്രത്തിൽ വീണുചത്ത
ഈച്ചയെപ്പോലെ
തോണ്ടിയെറിയുകയാണധികാരം.
നാവില്ലാതെ വാക്കും
നട്ടെല്ലില്ലാതെ ശരീരവും
നാണമില്ലാതെ താഴ്മയും പ്രകടിപ്പിച്ച്
നാടാകെ അഴുകുകയാണ്.
കാലിഡോസ്ക്കോപ്പിലേതുപോലെ
അബ്സേഡ് ചിത്രങ്ങളായി രാഷ്ട്രീയം.
ഇടവും വലവും നേരെയും
ചാഞ്ഞും ചരിഞ്ഞുമിരുന്നിട്ടും
അടുത്തിരിക്കുന്നവനോടും
കുറുക്കന്റെ ബുദ്ധി,
പുരവിഴുങ്ങിയ
ഭൂതത്തിനെന്തു പടിപ്പുര ….!
ഈ ശാന്തിയും നിസ്സംഗതയും സഹനവും
ഹൃദയത്തിലഗ്നികത്തുന്ന
ഭൂമിക്കുമേലെയാണ്..
മുറിവിന്റെ ഏതു മൃദുലമുഖമാണ്
വോൾക്കാനയാവുന്നതെന്നാർക്കറിയാം. .?
മധുരംചാലിച്ച വിഷവിദ്യ കണ്ട്
മനസ്സും മാനവും കറുത്തു.
കരിഞ്ഞോരരയാലിലക്കറ
ദൂതനേകിയ സ്നേഹഭാഷ
ഉച്ചരിക്കുവാനിന്നാരുണ്ട്?
ഉപ്പുകൊണ്ട് കടലു കുറുക്കിയ
ശാന്തിനീരുറവയും വരണ്ടുണങ്ങിയോ…!
ഒറ്റമുണ്ടുടുത്ത സാഹോദര്യത്തിന്റെ
സാന്ത്വന ഹൃദയവും വികൃതമായോ. — ?
ജാതിമതങ്ങളും വർഗ്ഗീയതയും
നീതിധർമ്മങ്ങളും അത്യാർത്തിയും
അധികാരത്തിന്റെ യജ്ഞശാലയിലാണ്.
സഹധർമ്മിണിയെപ്പോലെ
ഇടതുവശമലങ്കരിക്കാൻ
ഞങ്ങൾക്ക് പ്രതിമാഗാന്ധി മതി.
ഇതു രാമരാജ്യമല്ലേ..
വേണമെങ്കിൽ പ്രതിമ
സുവർണ്ണമാക്കിയേക്കാം…….. പോരേ?