രചന : വിദ്യ പൂവഞ്ചേരി✍
അയാളൊരു പക്ഷിസ്നേഹിയാണ് .
പക്ഷിസ്നേഹിയായ കവിയാണ് .
ചിലപ്പോൾ
പക്ഷി തന്നെയാണ് .
ഞാനിതു പ്രത്യേകം പറയുന്നുണ്ടെങ്കിലും
പക്ഷികളെക്കുറിച്ച് അയാളിതുവരെ
ഒരു വരിപോലും എഴുതിക്കണ്ടിട്ടില്ല .
ഒരു പക്ഷിത്തൂവൽ പോലും
അയാൾ തൊട്ടു കണ്ടിട്ടില്ല .
അയാളുടെ കവിതകൾക്കു വേണ്ടി ഞാൻ
ഒറ്റക്കു നില്ക്കുന്ന മരങ്ങളിൽ
പൊത്തുകൾ കണ്ടുവെച്ചു .
കരിയിലകളും ചുള്ളിക്കമ്പുകളും
കൂട്ടിവെച്ചു .
എന്റെ പറക്കാത്ത പ്രേമത്തിന്റെ
അരക്ഷിതാവസ്ഥകളിലേക്ക്
അയാളെ മന:പൂർവ്വം വലിച്ചിഴച്ചു .
അയാൾ നെഞ്ചുപിടയ്ക്കുന്ന പക്ഷിവീഴ്ചകൾ
കണ്ടിട്ടില്ലെന്ന് ഇടയ്ക്കിടെ കുറ്റപ്പെടുത്തി .
പക്ഷികളെക്കുറിച്ചെന്നല്ല ,
ഒന്നിനെക്കുറച്ചും
അയാളൊരിക്കലും എഴുതില്ലെന്ന്
അയാളേക്കാൾ നന്നായി എനിക്കറിയാമായിരുന്നു .
എനിക്ക് സ്നേഹിക്കാനറിയില്ലെന്ന്
അയാൾ നടിക്കുന്നതു പോലെ
അയാൾക്ക് കവിതയറിയില്ലെന്ന്
ഞാനും നടിച്ചു .
എന്റെ ഏകാന്തതയെക്കുറിച്ച്
എന്താണ് പറയാനുള്ളതെന്ന്
ഞാനയാളോട് ചോദിച്ചു .
അയാളുടെ
കുടുക്ക് പൊട്ടിപ്പോയ കുപ്പായത്തിൽ
പുതിയൊരെണ്ണം തുന്നിപ്പിടിപ്പിക്കുകയായിരുന്നു ഞാൻ .
കുപ്പായത്തിൽ ,
കുടുക്ക് പൊട്ടിയാൽ അനാഥമാവുന്ന
ഒരേയൊരു തുളയേക്കാൾ
ഏകാന്തത
എനിക്കന്നേരം തോന്നിയിരുന്നു .
പറത്തങ്ങളെക്കുറിച്ചും
പറന്നുകൊണ്ടിരിക്കുന്ന
പക്ഷികളെക്കുറിച്ചും മാത്രമായിരുന്നു
അയാൾക്ക് പറയാനുണ്ടായിരുന്നത് .
ഞാനോ ,
തളർന്നിരിക്കുന്ന പക്ഷികളുടെ
ചിറകിന്നടിയിൽ ബാക്കിയാവുന്ന
നേർത്ത തുടിപ്പുകളെക്കുറിച്ചു മാത്രം
സംസാരിച്ചു .
പറക്കുന്നവർ ഏകാന്തരല്ലെന്നും
ഏകാന്തത ഇഷ്ടപ്പെടുത്തില്ലെന്നും
അയാൾ തറപ്പിച്ചു പറഞ്ഞു .
പക്ഷികളേക്കാൾ ഏകാന്തരായി
മനുഷ്യർ പോലുമില്ലെന്ന്
എനിക്കുറപ്പായിരുന്നു .
എവിടെയും ഇരിക്കാനോ
ചിറകടയാളങ്ങൾ ബാക്കിവെക്കാനോ
ആഗ്രഹിക്കാത്ത
പക്ഷിയെന്ന്
കുപ്പായത്തിന്റെ കുടുക്കിനടിയിൽ
അയാളറിയാതെ ഞാൻ
അടയാളം വെച്ചു .
ഇപ്പോൾ
കുടുക്ക് ഒരു വിധം തുന്നിപ്പിടിപ്പിച്ചിട്ടുണ്ട് .
തുന്നുമ്പോഴെല്ലാം സ്ഥാനം തെറ്റിപ്പോകുന്ന
കുടുക്കുകളെപ്പറ്റി കവിതയെഴുതുവാൻ
ഇന്നു രാത്രിയിൽ
ഒരുപക്ഷേ ഞാൻ
ഇരിക്കുമായിരിക്കും .