രചന : രഘുനാഥൻ‍ കണ്ടോത്ത്✍

നാനാത്വമാകവേ
ഏകത്വമാർന്നൊരു
വൈരുദ്ധ്യവിസ്മയമെന്റെ ദേശം!

അസ്തമയങ്ങളി‐
ലസ്തമിക്കാത്തൊരു
അസ്തിത്വമാണെന്റെ ജന്മദേശം!

മൂന്നു സമുദ്രത്തിരക‐
ളരഞ്ഞാണം
ചാർത്തുന്ന ഭൂമിക‐
യെന്റെ ദേശം!

കളകളം പെയ്യുന്ന
പലമൊഴിപ്പക്ഷികൾ
ചേക്കേറും പൂവനമെന്റെ ദേശം!

യക്ഷന്റെ ഹംസമായ്
മേഘം നടകൊണ്ട
വിന്ധ്യസാനുക്കളു‐
മെന്റെ ദേശം!

അധിനിവേശം കണ്ട്
തീക്കനൽക്കണ്ണായ
സഹ്യതീരങ്ങളു‐
മെന്റെ ദേശം!

കലകളറുപതി‐
നായിരം വർണ്ണങ്ങൾ
സപ്തസ്വരങ്ങൾക്ക്
സഹസ്രരാഗം!

മാ നിഷാദാ! പാടി
നിഷാദനും കവിയായി
പാരിന്റെ വിസ്മയ‐
മെന്റെ ഭൂമി!

ലോകമേ തറവാട്
ജീവജാലങ്ങളോ
കൂടപ്പിറപ്പുകൾ!

സമസ്തരും സൗഖ്യമായ്
വാഴേണമെന്നതേ
സൈന്ധവം തന്നുടെ
പ്രാർത്ഥനാമന്ത്രണം!

ഉണ്ണിയോരോന്നുമേ‐
യമ്പാടിയുണ്ണിയെ‐
ന്നെണ്ണുവോരല്ലിയീയമ്മമാരും!

അതിരുകൾ മായിച്ച
സ്നേഹവസന്തത്തിൻ
കൂട്ടായ്മയായിരു‐
ന്നെന്റെ ദേശം!

നാലുണ്ടു തൂണുകൾ
ഇത്തറവാടിനെ
ത്താങ്ങിനിർത്തുന്ന
ശിലാസ്തൂപശക്തികൾ!

നാവായ തൂണിലോ
വെടിയേറ്റ പാടുകൾ
മൂന്നായനീതിതൻ
തൂണതു ഭിതിയിൽ
നീതിക്കു കേഴ്വതു‐
മെന്റെ ദേശം!

കാളിയ കാർക്കോ‐
ടകന്മാരൊടുങ്ങിടും
തീമഴ പെയ്യിക്കു‐
മെന്റെ ദേശം!

തെളിയുമീഗ്രഹണം
തിളങ്ങിടുമുച്ചത്തിൽ
വീണ്ടുമെൻ ദേശത്തിൻ
ധർമ്മസൂര്യൻ!!!

രഘുനാഥൻ‍ കണ്ടോത്ത്

By ivayana