രചന : ഒ കെ.ശൈലജ ടീച്ചർ✍

നമ്മുടെ രാജ്യം ഇന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കുകയാണ് ഭാരതീയരെല്ലാവരും ഒറ്റക്കെട്ടായി േചർന്നു നിന്നുകൊണ്ട് ആഘോഷിക്കുന്ന ദേശീയ ദിനമായ സുദിനം.


1947 ആഗസ്റ്റ് 15 നാണ് ഇന്ത്യ സ്വതന്ത്രയായത് രണ്ടു നൂറ്റാണ്ടിലേറെ നീണ്ടു നിന്ന വിദേശാധിപത്യത്തിൽ നിന്നും മോചിതമായ ഈ ദിവസം സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു.
“സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയേക്കാൾ ഭയാനകം” എന്ന മഹാകവി കുമാരനാശാന്റെ വരികളിൽ സ്വാതന്ത്ര്യത്തിന്റെ ജീവൻ ത്രസിച്ചു നിൽക്കുന്നു.


മതാന്ധതയ്ക്കെതിരെ പോരാടാനും മതനിരപേക്ഷതയുടെ കാവലാളാകാനും ഈ സ്വാതന്ത്ര്യ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.
ജന്മനാടിനു വേണ്ടി ജീവൻ ബലിയർപ്പിച്ച അനേകം സ്വാതന്ത്ര്യസമരസേനാനികൾ സ്വപ്നം കണ്ട സ്വതന്ത്ര ഭാരതം ഇന്നൊരു യാഥാർത്ഥ്യമാണ്.
പ്രാണനേക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗവും സഹനവും പോരാട്ടവും രക്തച്ചൊരിച്ചലുമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.


നാനാത്വത്തിലേകത്വം നിറഞ്ഞ നമ്മുടെ ഭാരതത്തിന്റെ അടിമത്തമില്ലാത്ത എല്ലാവരുടേയും . സ്വാതന്ത്ര്യം അംഗീകരിക്കപ്പെടുന്ന വിവേചന രഹിത കാഴ്ചപ്പാടുകളുമായി” ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത” എന്ന ലക്ഷ്യവുമായി നമുക്ക് മുന്നേറാം.
സ്വാതന്ത്ര്യവും ഉത്തരവാദിത്വവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. എല്ലാവർക്കും യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കണമെങ്കിൽ നാം നമ്മുടെ ഉത്തരവാദിത്വങ്ങളും നിർവ്വഹിച്ചേ മതിയാകൂ.


വിദേശാധിപത്യത്തിൽ നിന്നും ധീര ദേശാഭിമാനികൾ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നുവെങ്കിലും ഇന്ന് പുതിയ തലമുറയുടെ ഒരു വിഭാഗമെങ്കിലും ലഹരികളുടേയും . ഓൺലൈൻ ഗെയിമുകളുടേയും . സ്വയം വരുത്തി വെച്ച അടിമത്തത്തിലാണ്. ഇതിൽ നിന്നുള്ള മോചനം നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെ യേ സാധ്യമാകൂ.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അനുദിനം പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുമ്പോഴും സമീപകാലങ്ങളിൽ പ്രതിസന്ധികളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. പാരിസ്ഥിതിക പ്രശ്നങ്ങൾ . പ്രളയം. ഭീകരമായ വൈറസ് രോഗങ്ങൾ, തൊഴിലില്ലായ്മ, ജനപ്പെരുപ്പം, ഇന്ധന ക്ഷാമം അങ്ങനെ നിരവധി പ്രശ്നങ്ങളാൽ ചുറ്റി വളയപ്പെട്ടിരിക്കുകയാണ്. എന്നാൽ” ഈ കാലവും കടന്നുപോകും” എന്ന ശുഭപ്രതീക്ഷയോടെ എല്ലാറ്റിനേയും അതിജീവിക്കാനും ഉള്ള ശാസ്ത്ര സാങ്കേതിക വിദ്യയിലും, വിദ്യാഭ്യാസപരമായ തിരിച്ചറിവിലും നാം മുന്നേറിക്കൊണ്ടിരിക്കുന്നു.


അഹിംസയിലൂന്നി സഹന സമരത്തിലൂടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ ഗാന്ധിജി . വിപ്ലവ ചിന്തയിലൂടെ ബ്രിട്ടീഷ് ഭരണത്തിന്റെ പേടിസ്വപ്നമായ ഭഗത് സിംഗ് രാജ്യ സ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഉദ്ബോധിപ്പിച്ച് സ്വസമുദായത്തെ സമരരംഗത്തേക്ക് െകാണ്ടുവന്ന അബ്ദുൽ കലാം ആസാദ് . സ്വാതന്ത്ര്യം തോക്കിൻ കുഴലിലൂടെ എന്ന തീക്ഷ്ണ ചിന്ത യുവാക്കളിലേക്ക് ആവാഹിച്ച സുഭാഷ് ചന്ദ്രബോസ് തുടങ്ങി എണ്ണമറ്റ നേതാക്കളുടേയും ധീര ദേശാഭിമാനികളുടേയും, സാധാരണക്കാരായ തൊഴിലാളികളുടേയും, കർഷകരുടയും ത്യാഗത്തിന്റെയും, സഹനത്തിന്റെയും പോരാട്ടത്തിന്റെയും ഫലമാണ് ഈ സ്വാതന്ത്ര്യം.


ഇന്ന് ന്യൂ ഡെൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാകയുയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രസംഗിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും എല്ലാ സംസ്ഥാനങ്ങളിലും . നമ്മുടെ ത്രിവർണ്ണ പതാക വാനിലുയർന്നു പാറിക്കളിക്കുന്നു.
മാതൃരാജ്യത്തിന്റെ ത്രിവർണ്ണ പതാകയുയരുമ്പോൾ ഭാഷയുടേയും വേഷത്തിന്റെ വൈവിധ്യവും മറന്ന് ഓരോ ഭാരതീയനും അഭിമാനത്തിന്റെ കൊടുമുടിയിലെത്തുന്നു. ദേശീയ പതാകയെ ആദരവോടെ സല്യൂട്ട് ചെയ്യുന്നു.


വ്യക്തികളുടെ പുരോഗതിയാണ് രാജ്യത്തിന്റെ പുരോഗതി. രാജ്യ പുരോഗതിക്കായും, അഖണ്ഡത നിലനിർത്തുന്നതിനായും പ്രയത്നിക്കാം. വിദേശാധിപത്യത്തിന് ഇനിയൊരിക്കലും വഴങ്ങിക്കൊടുക്കില്ലെന്ന് പ്രതിജ്ഞയെടുക്കാം.
പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട് കാർഷിക സമ്പത്ത് വർദ്ധിപ്പിക്കാം.
രാജ്യത്തിന്റെ പരമാധികാരത്തിന്റെയും. ചരിത്രത്തിന്റെയും. സംസ്ക്കാരത്തിന്റെയും പ്രതീകമാണ് നമ്മുടെ മൂവർണക്കൊടി.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ ജീവത്യാഗം ചെയ്തവർക്കായി ആ ഭരാഞ്ജലികളർപ്പിക്കാം.


സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരെപ്പോലും മുട്ടുമടക്കിച്ച നിശ്ചയദാർഡ്യ.ത്തോടെ ആത്മവീര്യത്തോടെ പേരാടിയ ധീര ദേശാഭിമാനികളായ പൂർവ്വികരെ സ്മരിച്ചു കൊണ്ട് ആദരാഞ്ജലികളർപ്പിക്കുന്ന ദിനം കൂടിയാണിന്ന്. ആ പൂർവ്വികരുടെ പിന്തുടർന്ന് രാജ്യത്തെ കാത്തു സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ട് അഭിമാനത്തോടെ ആഹ്ലാദത്തോടെ ഈ സുദിനം നമുക്കൊന്നായി ആഘോഷിക്കാം.
ജയ്ഹിന്ദ്

ഒ കെ.ശൈലജ ടീച്ചർ

By ivayana