രചന : എൻ .കെ. ഹരിഹരൻ✍

മേലെയാകാശവും
താഴത്തെ ഭൂമിയും
നീലിമ തന്നെയാ
ണച്ഛനെന്നും !

നീലക്കടലിൻ്റെ
കാവലാൾ എങ്കിലും
വർഷത്തിലൊരുദിനം
വീട്ടിലെത്തും !

ഏറെനാൾ വിശ്രമം
ഇല്ലെൻ്റെയച്ഛന്
പിന്നെയും കടലിലേ
ക്കുൾവലിയും !

കടലിൻ്റെയാഴങ്ങൾ
നീലപ്പരപ്പുകൾ
നീലപുതച്ചൊരാ
ആകാശവും ;

അച്ഛന്ന് ശ്രദ്ധയോ
ടെന്നും നിരീക്ഷിക്കാൻ
കൂട്ടിനായ് വേറെയും
കൂട്ടരുണ്ട് !

രാജ്യത്തെ കാക്കുന്ന
വൻപടയ്ക്കുള്ളിലെ
പോരാളിയാണെൻ്റെ
സ്വന്തം അച്ഛൻ !

ഇന്നു വരുമെന്നു
കേട്ടു ഞാൻ അപ്പൊഴേ
ഊണില്ലുറക്കവും
കാത്തിരിപ്പൂ.

ഒരുപാടുപേർ ഇതാ
വന്നിരിക്കുന്നു എൻ
അച്ഛനെ ശ്രേഷ്ഠനായ്
ആദരിക്കാൻ !


അച്ഛൻ്റെയേറ്റവും
ഇഷ്ടമാം സാരിയിൽ
അമ്മയെക്കാണുവാൻ
എന്തുഭംഗി !

കടലിൻ്റെ നീലിമ
പൂർണ്ണമായ് ഉൾക്കൊണ്ട
കരിനീലച്ചേലയിൽ
സുന്ദരാംഗി !

നാടിൻ്റെയാദരം
രാഷ്ട്രപതിയിൽനി
ന്നേറ്റുവാങ്ങുന്നതെ
ന്നമ്മയാണോ !


അച്ഛൻ വരുമെന്ന
പാഴ് വാക്കുകൊണ്ടെന്നെ
ആശയിൽ നിർത്തിയ
തെന്തിനമ്മേ !

ഭാരതമാതാവിൻ
പുത്രിയാണീ ഞാനും
അച്ഛൻ വളർത്തിയ
നന്മയല്ലേ !

അച്ഛൻ ഇല്ലെങ്കിലും
അമ്മയെ നോക്കുവാൻ
നോക്കുവാൻ ഭാരത
മാതാവിനെ !

ഞാനുമൊരംഗമായ്
മാറിടും നിശ്ചയം !
രാജ്യത്തെ രക്ഷിക്കാൻ
സേനയൊന്നിൽ !

അച്ഛൻ വളർത്തിയ
പാതയിൽ മുന്നിലേ
ക്കക്ഷമയോടെ ഞാൻ
കാലുവെക്കാം !

എൻ .കെ. ഹരിഹരൻ

By ivayana