നീയെന്ന പരാവാരത്തിലലിയാൻ
വെമ്പിയാർത്തൊഴുകിയെത്തുമൊരു
പാവം കുഞ്ഞരുവിയല്ലോ ഞാൻ
നാം കണ്ടറിഞ്ഞ നാളതു മുതലിന്നു വരെ
നിന്നെ മാത്രമോർത്തു ജീവിച്ചിടുന്നീപാരിതിൽ
തുളസിക്കതിരിൻ വിശുദ്ധിയിൽ തുമ്പപ്പൂവിൻ
ചാരുതയോടെ നിന്നിടുമ്പോഴതാ തെളിയുന്നു
നിറദീപമായി നിന്മുഖമെന്നകതാരിൽ.
ഒരു മന്ദസമീരനായെൻ കുറുനിരകളെ തഴുകി
ത്തലോടി മറയുമ്പോളറിയുന്നു നിൻ സാന്ത്വന
ഭാവം.
പഞ്ചഭൂതങ്ങളായി പ്രകൃതിയാമ്മയെ തൊട്ടുഴി
ഞ്ഞു നിന്നീടുമ്പോളറിയുന്നുവല്ലോ നിൻ മാസ്മര
ഭാവം.
എങ്ങു തിരിഞ്ഞാലും കാണുന്നു നിൻ ചൈതന്യം
ഇരുളായി, വെളിച്ചമായി ,ചൂടും, തണുപ്പുമായി
കാറ്റായി, മഴയായി ,മഞ്ഞായി, പുഞ്ചിരി തൂവും
വർണ്ണപുഷ്പങ്ങളായി വിടർന്നു നില്ക്കുന്നു നീ.
കോടാനുകോടി ജീവജാലങ്ങളതിൻ ജീവശ്വാസവും നീ തന്നെയല്ലോ…
കൂരിരുൾ താഴ്വരയിലലഞ്ഞ വേളയിലും നീയെ
നരികിലെന്നതറിഞ്ഞതല്ലോ.
” ഭയപ്പെടേണ്ടാ ” എന്നോതിയെൻ കരം മുറുകെ
പിടിച്ചതും നീ മാത്രമല്ലോ .
ഇല്ലില്ലാ… നിന്നെ വിട്ടൊരു നാളുമകലാൻ വയ്യാ.
എന്നന്ത്യ വിധിക്കായി കാത്തിടുന്നീ വേളയിലും.
നിന്നോർമ്മകളൊരു വേണു നാദമായെന്നെ പുണർന്നു നിന്നീടുന്നു .
കണ്ണൻ, കർത്താവു്, അള്ളായെന്ന് പല നാമത്തി
ലാറാടി കോടാനുകോടി ഹൃത്തുകളിൽ നീ വസിച്ചിടുന്നു.
മാനസ ചോര നായി നീയെന്നിൽ വാഴുമ്പോഴെനി
ക്കെന്തു കുറയുണ്ടീ പാരിടമിതിൽ!
Shyla Nelson