രചന : എൻ.കെ.അജിത്ത്✍

” കുഞ്ഞിൻ്റച്ഛനിവിടില്ലേ
കുഞ്ഞിൻ്റമ്മയിവിടില്ലേ
അവർ മേല്പാടം പാടത്ത്
കൊയ്ത്തിന്നു പോയേ ……”
അച്ഛനും അമ്മയും പുലരുംമുന്നേ പാടത്ത് പണിക്കുപോകുമ്പോൾ, പാടത്തിൻകരയിലെ മാവിൻകൊമ്പിലെ കീറത്തുണിത്തൊട്ടിലിൽ വിശന്നുകരയുന്ന നവജാതശിശുവിനായി നാലുവയസ്സുകാരി ചേച്ചി പാടിപ്പറയുന്ന പാട്ടാണ് മുകളിലെ നാലുവരികൾ.

ഏതാനും ദിവസങ്ങൾമുമ്പ് പിറന്ന കുഞ്ഞ് പാലു കിട്ടാതെ ചെഞ്ചോരി ച്ചുണ്ടുണങ്ങി വിണ്ടുകീറിക്കരയുമ്പോൾ കൂടപ്പിറപ്പായ കൊച്ചു കുഞ്ഞിന് ആശ്വസിപ്പിക്കാൻ വൃഥാ ഈ പാട്ടു മാത്രം. ഒടുവിൽ അവളും വിശന്നു തളർന്നുറങ്ങുമ്പോൾ തൊട്ടിലിലെ കുഞ്ഞ് ഉറുമ്പുകടിയേറ്റ് ദാഹിച്ച് വിശന്ന് ചത്തുപോകുകയാണ്. മുലകൊടുക്കേണ്ട അമ്മ മാറ് വിങ്ങി പാടത്ത് പണിയിലാണ്. അവൾക്ക് അന്തിക്കു മുന്നേ കരയിലെത്താനോ കുഞ്ഞിനു പാലുകൊടുക്കാനോ സ്വാതന്ത്ര്യമില്ല.

ജന്മിത്തത്തിൻ്റെ കടുത്ത നുകംപേറി ജീവിക്കേണ്ടിവന്ന ആ പിഞ്ചു കുഞ്ഞിൻ്റെ പിന്മുറക്കാരിൽ പലരും മുലപ്പാൽ രുചിച്ചിട്ടല്ല വളർന്നത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ സമരങ്ങളുടെ ഏടുകളിൽ ഇങ്ങനെ കുറിക്കപ്പെടാതെപോയ അസ്വാതന്ത്ര്യങ്ങളുടെ ഒരുപാടു ചിത്രങ്ങളുണ്ട്.


സ്വതന്ത്രമായി വഴിനടക്കാൻ, ദൈവങ്ങളെവിളിച്ചു കരയാൻ, ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ, വെളള വസ്ത്രം ഉടുക്കാൻ, സ്വന്തമായി പേരിടാൻ, വിദ്യ അഭ്യസിക്കാൻ, പൊതു ഇടങ്ങളിൽ നിന്നും വെള്ളംകുടിക്കാൻ, ജനിപ്പിച്ച തന്തയെ അച്ഛായെന്നു വിളിക്കാൻ അനുവാദമില്ലാതിരുന്നാൽ, ഭർത്താവ് മരിച്ചാൽ ആ ചിതയിൽച്ചാടി ജീവനൊടുക്കേണ്ടിയിരുന്ന ഹതഭാഗ്യകൾ ജീവിച്ചിരുന്ന, ദേവദാസീ സമ്പ്രദായത്തിലൂടെ പിതാവില്ലാത്ത മക്കളെ പ്രസവിക്കേണ്ടിവന്നിരുന്ന, തൊഴിലിനു കൂലി തല്ലും കരിക്കാടിയുമായിരുന്ന, ജാതീയമായ ഉച്ചനീചത്വങ്ങൾ കൊടികെട്ടിവാണിരുന്ന, മൃഗങ്ങൾക്കൊപ്പം പിരിച്ചുകെട്ടി നിലം ഉഴുതിരുന്ന, വണ്ടിവലിച്ച് കുരച്ചുചാകുന്ന, ചക്കാട്ടാൻ മൃഗതുല്യമായി ചക്കുലയ്ക്കുന്നവരായി, മുടിവെട്ടാനോ, രോഗ ചികിത്സയ്ക്കോ അവകാശമില്ലാതിരുന്ന ഒന്നിനും സ്വാതന്ത്ര്യമില്ലാതിരുന്ന അടിമകൾ വാണിരുന്ന നാടായിരുന്നു നമ്മുടെ ഭാരതം. നമ്മുടെ കേരളം.


ചക്കികുത്തുകയും, പത്തായം പെറുകയും, കല്പനകൾ കല്ലേപ്പിളർക്കുകയും ചെയ്തിരുന്ന ഭൂതകാലത്ത് ബ്രിട്ടീഷ് ആധിപത്യത്തോട് വിധേയത്തമുണ്ടായിരുന്ന ,ജന്മി, മാടമ്പി, നാടുവാഴിത്തമ്പുരാക്കൾക്ക് എന്തിനും സ്വാതന്ത്ര്യം അന്നുമുണ്ടായിരുന്നു. അവർ അടിമകളെക്കൊണ്ട് ഉല്പാദനം നടത്തുന്ന കങ്കാണിമാരായി വിലസി. അവർ സാധാരണക്കാരെ ഒറ്റുകൊടുത്തു തടിച്ചുകൊഴുത്തു. മണ്ണും ഭൂമിയും അളന്നു തിട്ടപ്പെടുത്തുന്ന കാലം വന്നപ്പോൾ മണ്ണും ഭൂമിയും അവരുടേതായി. അടിസ്ഥാനവർഗ്ഗങ്ങൾ അടിസ്ഥാനമറ്റവരായി. അവർ അസ്പൃശ്യരായി. അടിമകളായി. അധ:കൃതരായി.


ഈയൊരു ഭൂമികയിൽ ഇവിടെ പല പരിവർത്തനങ്ങളും നടന്നു. അയ്യൻകാളിയുടെ, ശ്രീനാരായണ ഗുരുവിൻ്റെ, മന്നത്തുപത്മനാഭൻ്റെ, T. K മാധവൻ്റെ, ടി.എം.വർഗ്ഗീസിൻ്റെ, കെ.കേളപ്പൻ്റെ, AKG യുടെ E. M. S ൻ്റെ, വക്കം അബ്ദുൾഖാദറിൻ്റെ , കാവാരികുളം കണ്ടൻ കുമാരൻ്റെയൊക്കെ നേതൃത്വത്തിൽ അതാതു വിഭാഗങ്ങളിലെ അടിമത്തമനുഭവിച്ചിരുന്ന ജനം അടിമനുകത്തിൽ നിന്നും കുതറിമാറിത്തുടങ്ങി. കവികൾ സ്വാതന്ത്ര്യ ഗീതികൾ എഴുതി, ഗായകർ പാടി, ജനം മുദ്രാവാക്യങ്ങളായി അവ ഏറ്റുപാടി.


ദേശീയതലത്തിൽ നടന്നുവന്നിരുന്ന സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളോട് ചേർന്നുകൊണ്ട് കേരളത്തിലും നവോത്ഥാനത്തിൻ്റെ അലയൊലികൾ എത്തപ്പെട്ടു. സംഘടിതമായ മതംമാറ്റം ഒരു പ്രഹേളികയെന്നപോൽ തുടങ്ങിയ കാലഘട്ടത്തിൽ ഇവിടെ ക്ഷേത്രപ്രവേശന വിളംബരമുണ്ടായി. മരുമക്കത്തായ സമ്പ്രദായം മാറി മക്കത്തായം നിലവിൽ വന്നു, തെക്കിനിയിലേക്കെത്തിനോക്കാൻ കഴിയാതിരുന്ന സ്ത്രീ ജന്മങ്ങൾക്ക് വിദ്യാഭ്യാസം കൈവന്നു. അയ്യൻകാളി കെട്ടിയ പള്ളിക്കൂടത്തിന് തീവച്ചവരുടെ മക്കളുടെകൂടെ, അയ്യൻകാളിയുടെ പിന്മുറക്കാർ പഠിച്ചുതുടങ്ങി. ഒരു ജാതി ഒരു മതം ഒരു ദൈവമെന്ന മനുഷ്യ വേദാന്തത്തിന് വേരോട്ടം കിട്ടി. ജനം പന്തിഭോജ്യത്തിലും, മിശ്രവിവാഹത്തിലുമേർപ്പെട്ടു. വിദ്യാഭ്യാസം, ചികിത്സ, പോസ്റ്റൽ, ബാങ്ക്, പൊതുനിരത്ത്, പൊതുവാഹനം അങ്ങനെ പൊതുവായ ഇടങ്ങൾ നമുക്കായി സൃഷ്ടിക്കപ്പെട്ടു.


നാം ഒന്ന്, ഒരൊറ്റ ജനതയെന്ന വികാരം മൂവർണ്ണക്കൊടിയുടെ കീഴിൽ നാം ആർജ്ജിച്ചവരായി. നമുക്ക് നമ്മുടെ നാനാത്വത്തിൽ ഏകത്വം കണ്ടെത്താൻ കഴിഞ്ഞിരുന്നു. മതങ്ങൾ സാഹോദര്യത്തെ മുൻനിർത്തി പ്രവർത്തിച്ചു പോന്നു. അവർ പരസ്പര പോരാട്ടം ഏതാണ്ട് നിർത്തിവച്ചു. നിസ്വാർത്ഥരായി സ്വാതന്ത്ര്യത്തിനായി സ്വന്തജീവിതങ്ങൾ ബലിയർപ്പിച്ച ആയിരങ്ങളുടെ നാടാണ് ഭാരതം . ആന്തരികവും, ബാഹ്യവുമായ അടിമത്തങ്ങളെ, അസ്വാതന്ത്ര്യങ്ങളെ എതിർത്തു തോല്പിക്കാൻ പഠിച്ചവരായി നാം. ഭാരതം സ്വാതന്ത്ര്യം നേടി. നമുക്ക് സ്വതന്ത്ര ഭരണഘടന നിലവിൽ വന്നു. ജനസംഘ്യാനുപാതത്തിൽ വിവിധ ജനവിഭാഗങ്ങൾ, അടിമവർഗ്ഗങ്ങൾ അധികാരശ്രേണിയുടെ ഭാഗമായിത്തുടങ്ങി. സ്വയംഭരണത്തിൻ്റെ സൗന്ദര്യം നാം ആസ്വദിച്ചു തുടങ്ങി.


വളക്കൂറുള്ള മണ്ണിൽ വളരുന്ന ചെടികൾക്ക് പുഴുക്കുത്ത് ധാരാളം എന്ന ചൊല്ല് സാർത്ഥകമാക്കുന്ന വിധിമായി നമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ പോക്ക് പിന്നീട്. ശാസ്ത്ര സാങ്കേതികതയെ പരിപോഷിപ്പിച്ചിരുന്ന നമ്മുടെ ദീർഘവീക്ഷണമുള്ള ഭരണകർത്താക്കൾ ഇരുന്ന കസേരകളിൽ സ്വർത്ഥ ചിന്താഗതിക്കാർ വന്നപ്പോൾ ശാസ്ത്രീയത മതത്തിൻ്റെ ലെൻസു വച്ച് അളക്കാൻ പഠിക്കുന്ന തലത്തിലേക്ക് നാം നയിക്കപ്പെടുന്നവരായി. ഇന്ദിരാഗാന്ധിയുടെ കാലത്ത് ബാങ്ക് ദേശസാല്ക്കരിക്കുകയും,പൊക്രാനിൽ ആദ്യ അണു പരീക്ഷണം നടത്തി നാം അശക്തരല്ലെന്ന സന്ദേശം ലോകത്തിന് നല്കുകയും, പിന്നീട് ഇന്ത്യാ പാക് യുദ്ധത്തിൽ ഒരുലക്ഷം വരുന്ന പാക്കിസ്ഥാൻ പട്ടാളത്തെ ആയുധംവച്ചു കീഴടക്കി തരംഗ ഉയരെപ്പറപ്പിക്കാൻ പഠിച്ചു.

രാജ്യത്തിൻ്റെ ശൈശവദശയിൽ നേരെ ചൊവ്വേ ഒരു സൈനികശക്തി പോലുമായിട്ടില്ലാത്ത നാം ചൈനയോടു പരാജയപ്പെട്ടു. പിന്നീട് ചെറുതും വലുതുമായ നിരവധി യുദ്ധങ്ങളിൽ നാം ഏർപ്പെട്ടു. നമ്മൾ വിജയിച്ചു. നമ്മുടെ ധീരസൈനികർ രാജ്യത്തിനായി പൊരുതി നാടിൻ്റെ മാനം കാത്തു. ഇന്ന് രാഷ്ട്രീയ വല്ക്കരണത്തിൻ്റെ വിലകുറഞ്ഞ കരങ്ങൾ സൈന്യത്തിലേക്കും നീണ്ടു ചെല്ലുന്ന കാഴ്ച നാം കാണുകയാണ്.
വിദേശനാണ്യ നിക്ഷേപം തുലോം പരിമിതമായ കാലത്ത് ഗ്ലോബലൈസേഷനിലൂടെ നരസിംഹറാവുവും മൻമോഹൻ സിംഗും ആധുനിക ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾക്ക് അടിത്തറപാകി. രാജീവ് ഗാന്ധി കമ്പ്യുട്ടർ വല്ക്കരണത്തിന് നേതൃത്വം നല്കി, നമ്മൾ സാങ്കേതികമായി വേഗത്തിൽ മുന്നേറി. നമ്മൾ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് വിജയം വരിച്ചു. വാർത്താവിനിമയ രംഗത്ത് കുതിച്ചു ചാട്ടം നടത്തി. ചന്ദ്രയാനും, മംഗൾയാനുമായി നമ്മൾ അഭിമാനനേട്ടങ്ങൾകൊയ്തു കൊണ്ടിരിക്കുമ്പോഴും, ഇന്ന് നമ്മുടെ സാമുദായികമായ ഐറണി തകർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ബാബ്റി മസ്ജിദ് തകർത്തതിന്നു ശേഷം രാജ്യം രക്തച്ചൊരിച്ചിലുകൾ ധാരാളം കണ്ടു. രാജ്യം ഇന്ന് മതാധിഷ്ഠിത രാജ്യമെന്ന അപ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എന്നു തോന്നുംവിധം നീങ്ങിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് നമ്മുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്നത്.


ഒരു കാര്യത്തിൽ സന്തോഷമുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്നിന്നോളം പറഞ്ഞവരൊക്കെ ഇന്ന് വീടുവീടാന്തരം തിരംഗയുടെ ഭാഗമായിരിക്കുന്നു.
ഒരുപാട് കോട്ടങ്ങൾ കണ്ടെത്താമെങ്കിലും കൊറോണയെന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ ജനങ്ങളെ തള്ളക്കോഴി ചിറകിൻ കീഴിൽ എന്നപോലെ സംരക്ഷിക്കാനും സാക്ഷാൽ നരേന്ദ്രമോദി സർക്കാരിനായത് ഒരു ചെറിയ കാര്യമല്ല. സൈന്യത്തോട് എന്ന പോലെ, അന്നു നമ്മുടെ ആരോഗ്യരംഗത്തെ മാലാഖമാർക്കായി രാഷ്ട്രം വിളക്കു കൊളുത്തി. പാത്രം കൊട്ടിഐകദാർഢ്യത്തോടെ ഇന്ത്യയെന്ന ഒറ്റ ശബ്ദം ലോകത്തെ നാം കേൾപ്പിച്ചു. ഇപ്പോൾ എഴുപത്തിയഞ്ചാം വാർഷികത്തിലൂടെ നമ്മൾ തിരംഗയെ നെഞ്ചേറ്റി ഒരേ വികാരത്തിൽ ഊറ്റംകൊള്ളാനും പ്രധാനമന്ത്രി കാരണക്കാരനായി. എന്നാൽ അതു മാത്രം പോരെല്ലോ?


തൊഴിൽ വേണം, വിലക്കയറ്റം നിയന്ത്രിക്കണം, കാർഷിക വൃത്തി ചെയ്യുന്നവർക്ക് നീതിവേണം, മതസ്വാതന്ത്ര്യം വേണം, വിദ്യാഭ്യാസ, ചികിത്സാ ചെലവ് കുറയണം, തൊഴിൽ നിയമങ്ങൾ വികലമാക്കിയത് പുനഃസ്ഥാപിതമാകണം, ജനത്തെ ശിബി മഹാരാജാവിനെപ്പോലെ കാണാൻ കഴിയണം.
ഉപരിപ്ലവതയുടെ മറവിൽക്കൂടി അമിത്ഷാമാർ പൗരന്മാരെ വേർതിരിക്കാൻ ശ്രമിക്കുന്നതിന് തടയിടണം. തീവ്രവാദികൾ അമർച്ച ചെയ്യപ്പെടണം. അഴിമതിയും കള്ളപ്പണവും ഒരു വിഭാഗക്കാർക്കായി തീറെഴുതിയ പോലുള്ള പ്രവർത്തനങ്ങൾ ഇല്ലാതെയാവണം, എതിർക്കുന്നവരെ തീവ്രവാദികൾ ആക്കുന്ന രാഷ്ട്രീയത്തിന് അറുതിവരണം, പ്രതി പക്ഷത്തെ ബഹുമാനിച്ച നെഹ്റു വിൻ്റെ രാഷ്ട്രീയ വീക്ഷണം ഉണ്ടാവണം മോദി ജി ടീമിന് .


അങ്ങനെ രാഷ്ട്രം ഉന്നതിയിലേക്ക് നയിക്കപ്പെടാനാവണം ഇന്നു നാം ഉയർത്തുന്ന തിരംഗയ്ക്ക് മുന്നിൽ നാം പ്രതിജ്ഞാബദ്ധരാവേണ്ടത്. തുല്യനീതി സർവ്വർക്കും എന്നതാവട്ടെ മുദ്രാവാക്യം.
നമ്മുടെ വീഴ്ചകളിൽ നിന്നും, സങ്കുചിതത്തിൽ നിന്നും രാഷ്ട്രമെന്ന ഏകശിലാശില്പത്തിന് കൊത്തുപണികൾ ചെയ്യുന്ന നവയുഗശില്പികളാവാൻ നമുക്കോരോരുത്തർക്കും കഴിയട്ടെ, നാം നേടിയ സ്വാതന്ത്ര്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ നമുക്ക് കാക്കാം. നാം പതിനേഴാം നൂറ്റാണ്ടിലേക്കല്ല നയിക്കപ്പെടുന്നത് എന്നുറപ്പോടെ ജാഗ്രതയോടെ കാവലിരിക്കാം, നമ്മെ ആ പഴയ കാലത്തിലേക്ക് നയിക്കാൻ ആരൊക്കെ മുതിരുന്നോ അവർക്കൊക്കെ മുന്നിൽ മതിലുകൾ പണിത് നാം നില്ക്കണം.


നമ്മുടെ തിരംഗ വാനിലുയർന്നുപറക്കട്ടെ
ആശംസകളോടെ,
എല്ലാവർക്കും എൻ്റെ സ്വാതന്ത്ര്യദിനാശംസകൾ…
ജയ് ഹിന്ദ്
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

എൻ.കെ.അജിത്ത്

By ivayana