രചന : മംഗളൻ എസ്✍
വാണിഭക്കാരായി ഭാരതം പൂകിയ
വക്ര ബുദ്ധികളോ ഭരണക്കാരായ്!
വാണിഭക്കാരോട് സന്ധിചെയ്തെന്തേ
വലിയ പ്രമാണിമാരൊറ്റുകാരായ് ?!
ഏഴരപ്പതിറ്റാണ്ട് മുമ്പുനാമീമണ്ണിൽ
നേടിയ സൗഭാഗ്യം നാടിന്റെ മോചനം
ഏഴകൾക്കിനിയും മോചനമേകണം
നേടിയ സ്വാതന്ത്ര്യം സമ്പൂർണ്ണമാകണം.
നൂറ്റാണ്ടുകൾ നമ്മെയടക്കി ഭരിച്ചവർ
നൂതനയടിമത്തം നാട്ടിൽ നടത്തിയോർ
നൂറും പാലുമവർക്കേകി ദ്രോഹികൾ
നൂറ് തലയുള്ള നാഗത്തെപ്പോറ്റിയോർ.
നാട്ടുരാജാക്കന്മാർ തങ്ങളിൽ ശത്രുത
നാട്ടിലെ ജാതി ജന്മിക്കോപ്രായങ്ങൾ
നാട്ടുപ്രമാണിമാർ മാടമ്പിത്തമ്പ്രാക്കൾ
നാട്ടിൽ വിദേശികൾക്കാധിപത്യമേകി.
ഒറ്റുകാരുള്ളൊരു നാടിന്റെ സ്വാതന്ത്യം
ഒട്ടും വയറുകൾക്കന്യമായ് മാറാതെ
ഒന്നായണിനിരന്നുള്ള പോരാട്ടത്തിൽ
ഒട്ടല്ല ജീവൻ പൊലിഞ്ഞതീസമരത്തിൽ.
ഭാരതമാതാവിൻ സ്വാതന്ത്ര്യം നേടുവാൻ
ഭാരത മക്കൾതൻ ത്യാഗവും സഹനവും
ഭാരതീയരുടെ അഭിമാന ബോധവും
ഭാരതീയന്റെ സ്വാതന്ത്ര്യ വാഞ്ഛയും..
ഒടുവിൽ വിദേശികളിന്ത്യവിട്ടോടിപ്പോയ്
ഒരുവലിയ സ്വപ്നത്തിൻ സാഫല്യമായ്
ഒരുനല്ല ജനത സ്വതന്ത്രരായ് മാറവേ..
ഒരു നല്ല രാഷ്ട്രം പിറവിയെടുക്കയായ്!
എഴുപത്തിയഞ്ചാം പിറന്നാളിലീമണ്ണ്
എഴുതുന്നു പുതിയ ചരിത്രമീലോകത്ത്
ഏറ്റവുമുൽകൃഷ്ട രാജ്യമായ് മാറുംനാം
ഏഴകളേന്തിടും മൂവർണ്ണക്കൊടി സത്യം.
ദേശഭക്തിയുടെ മൂവർണ്ണക്കൊടിയിത്
ദേശസ്നേഹികളുയർത്തുന്ന നാളിത്
ദേശീയ സ്വാതന്ത്ര്യ ദിനമാണീപതിനഞ്ച്
ദേശത്തിന്നഭിമാനം ആഗസ്റ്റ് പതിനഞ്ച്.