രചന : മധു മാവില✍
അന്ന് മീറ്റിങ്ങിന് ഇടയിലെ ഒച്ചപ്പാടിനിടക്ക് വാക്കുകൾ ആരോ കീറിയെടുത്ത് ഓടിക്കളഞ്ഞു… വാക്കിൻ്റെ ചോരയുറ്റുന്ന നാവുമായ് ചരിത്രം മാവിലപ്പാടത്തിലൂടെ
വെളിച്ചത്തിലേക്ക് നടന്നു….
ഏച്ചൂർ ഊട്ട് ഉത്സവത്തിന് നാടകം കാണാൻ പോയവൻ തിടപ്പള്ളിയിൽ ഉറങ്ങി.പിറ്റേന്നും നാടകം കാണാൻ പോയി.. പാടത്തിന് അക്കരയും ഇക്കരയുള്ള കാവുകളിൽ തെയ്യങ്ങൾ ഉറഞ്ഞ് തുള്ളി.
ഗുണം വരണം…
ഗുണംവരണം
ഊരാളൻമാരെ..
രജത ജൂബിലിക്ക് ചട്ടിപൊട്ടിക്കൽ മത്സരം നടന്ന വയലിൽ ഫുട്ബോൾ കളിക്കാനും ടപ്പ കളിക്കാനും ആള് കൂടി.
കമ്പവലിയിൽ കരുത്തുള്ളവർ ഗംഗാട്ടൻ്റെ മുന്നിൽ നിന്ന്
ആഞ്ഞ് വലിച്ചു.
കമ്പമുറുകി…
കണ്ടു നിന്നവരും.
കാവിൻ്റടുത്തുള്ള സൈക്കിളഭ്യാസം കളിക്കുന്ന ചെറിയ മൈതാനത്തിൽ
രതീഷൻ ട്യൂബ് ലൈറ്റ് പൊട്ടിച് ചിലരുടെ ഹീറോ ആയി. പെൺവേഷം കെട്ടിയ ചെക്കനോടും ചിലർക് പ്രേമം തുടങ്ങി.
ഒരു മാസത്തെ സൈക്കിളഭ്യാസം..
ഗ്രാമോത്സവം..
കൈയ്യടിച്ചേ.. കയ്യടിച്ചേ..
നെഞ്ചത്ത് കൂടി കാർ കയറ്റുന്ന ദിവസം കാണാൻ പോയവരിൽ പലരും കണ്ണ് പൊത്തി…
സംഭാവന കൂബാരമായി.
വിരലുകൾക്കിടയിൽ നിന്ന് മുറിഞ്ഞ് പോയ വാക്കുകൾ മുറിച്ചെടുത്തവരെ ആർക്കും അറിയില്ല… സാക്ഷികളുണ്ട് അടയാളങ്ങളും. ഉപ്പിലിട്ട ഭരണിയിൽ വാക്ക് മുറിഞ്ഞവൻ്റെ ചോദ്യം വികലാംഗനാണ്. ചുറ്റുപാടുകൾ കൊടുത്ത സർട്ടിഫിക്കറ്റിൽ കാഴ്ചയുണ്ടങ്കിലും അന്ധരായിരുന്നു.. ശബ്ദങ്ങൾക്കുള്ളിൽ മൗനം വക്രിച്ച ചിരിയായ് സത്യം ഒലിച്ചിറങ്ങി.
പാലായനത്തിൻ്റെ ഇടക്ക് മരുഭൂമിയിൽ നെരൂദ കുധനോട് സ്വകാര്യം പറഞ്ഞു.
ധൈര്യം ആണ് സ്വാതന്ത്ര്യം.. സത്യം പറയണമെങ്കിൽ കാലിൽ ചുറ്റിയ ചങ്ങല പൊട്ടിക്കണം.
വായനശാലയിലേക്ക് കയറിയവനെ , ചുമരിൽ തൂക്കിയിട്ട ഗാന്ധിജിയുടെ ഫോട്ടോ അലോസരപ്പെടുത്തി ..
അടയാളങ്ങളെ പേടിയായിരുന്നു…
ഒളിവ് കാലത്ത് ഒറ്റിയവരും പിന്നാലെയുണ്ടായിരുന്നു. സ്വാത(ന്ത്യത്തിൻ്റെ പ്രകാശം
തീണ്ടിയവർ നിരവധി ചങ്ങലകൾ പണിതു.
പച്ചമട്ടൽ അറ്റം മൂന്നായ് പിളർന്ന് അതിൻ്റെ കവിളിൽ പന്തം കത്തിച്ച് വയലിലൂടെ ജാഥ ഇരുട്ടു മുറിച്ച് നടന്നു പോയി. . ആ വെളിച്ചത്തിൽ കോളാമ്പിമൈക്ക് കെട്ടിയ സൈക്കിൾ ഉന്തി കൊണ്ട് വരമ്പിലൂടെ മാവിലപ്പാടം ആവേശഭരിതമായി.
പുതിയ പുലരികൾ
കാൽനട ജാഥയുടെ ആവേശം കൊഴക്കോട്ടടയും കല്ലിലെ കുന്നും കയറി മുണ്ടേരി പുഴക് അക്കരെ പ്രകാശം കണ്ടു..
ആരവം മായുന്നതിന് മുന്നെ വീണ്ടും വീണ്ടും തിരഞ്ഞെടുപ്പു വന്നു. മുദ്രാവാക്യവും ജാഥയും പതിവുപോലെയുണ്ടായി.. എല്ലാരോടും എന്നും ചിരിക്കുന്ന തൂർത്തു ചോദിച്ചു.
കെ കുഞ്ഞമ്പുവും മമ്മിക്കുട്ടി ഹാജിയും തോപ്പിച്ചതാരയാ….?
ചുകന്ന പട്ടുടുത്ത് കോമരം കാവിൻ്റെ മച്ചകത്തിരിക്കുകയായിരുന്നു.
കുംഭമാസം കമ്മറ്റിക്കാർ പടപടാ ന്ന് ഓടിക്കിതച്ചുവന്നു.
എന്താ കാര്യം മീശയില്ലാത്ത കോമരം…!
കണ്ണുകളില്ലാത്തവർ നാടിൻ്റെ നാവരിഞ്ഞു പോലും.
ആരും മിണ്ടിയില്ല..
സാക്ഷികളില്ല..
പൊട്ടിച്ചിരികൾ …
കൂക്കിവിളികൾ …
കൂലോത്ത് നിന്ന് കലശം വന്നു…
താലപ്പൊലി…
അടിപിടിയിൽ ടോർച്ച് പൊട്ടി..
തലയും.
ചട്ടികളിക്കുന്നവർ ചട്ടി വാരിയോടി..
പാതിരാക്ക് പോലീസ് വന്നപ്പോൾ വളച്ചന്തയിൽ
ബലൂൺ വിൽക്കുന്നയാളും ഓടാൻ കഴിയാത്ത കോങ്കാലൻ വാസുവാട്ടനും മാത്രം.
ക്ഷേത്ര കമ്മറ്റിക്ക് പണം കിട്ടിയില്ലന്ന് ഉത്സവക്കമ്മറ്റിയാണ് ഉറപ്പിച്ചത്.
കലശം തട്ട് പറിക്കുന്നതിനിടയിൽ അടി നടന്നു. തീയ്യരുടെ ഉത്സവമല്ലേ..
ഫ്യൂഡലിസ്റ്റ് പുച്ഛം
ജാതീയമായ എന്തോ ഒരു കുറവ് …
സോഷ്യലിസം വരണം.
ഫ്യൂഡലിസം തകർക്കണം…
ഈന്തുംകൊള്ളിയിൽ കെട്ടിയ കോത്തിരി ആളിക്കത്തി.. ദേവിക്ക് പൊള്ളലേറ്റന്ന് വെത്തില പ്രശ്നത്തിൽ കണ്ടു. മുറ്റത്ത്
മുറിഞ്ഞ് വീണ കളംപാട്ടുകളിൽ ചവുട്ടി
അശ്വമേഥത്തിൻ്റെ പോരാട്ടകഥകൾ പുളകം കൊണ്ടു.
വില്ലടിച്ചാംപാട്ട് സ്റ്റേജിൽ..
ഓം നമോ… നാരായണായ
രണ്ടാം ദിവസം നാടകമാണ്
ഉത്സവപ്പറമ്പത്ത് ഇരുട്ടായിരുന്നു.
മഴ പെയ്തപ്പോൾ ടൂബ് ലൈറ്റ് കത്തി.
നാടകം തുടങ്ങിയപ്പോൾ വെളിച്ചം കണ്ടു..
എല്ലാവരും കൂക്കി വിളിച്ചു.
അതാണ് പതിവ്….
വെളിച്ചം കണ്ടാൽ കൂക്കിവിളിക്കും.
അതൊരാചാരമാണ്.
ഇല്ലാത്തവൻ്റെ ആചാരം…
ഉള്ളിലേക്ക് വെളിച്ചം വന്നാൽ കലിപ്പാണ്.
വാരം ജനതയിലും മരക്കാർ കണ്ടി രാഗത്തിലും ലൈറ്റിട്ടാൽ വായിൽ വിരലിട്ട് വിസിലടിക്കും..
ചൂളം വിളി.
അതിന് പറ്റാത്തവർ കൂക്കും…
ചിലർ പുലഭ്യം പറയും.
ഇരുട്ടാണ് എല്ലാവർക്കും ഇഷ്ടം.
ഒന്നും കാണേണ്ടല്ലോ..
പാതി നാവില്ലാത്തവൻ്റെ വാക്കുകൾ ക്ഷേത്ര മുറ്റത്ത് തളക്കാൻ കഴിയാതെ പ്രതിധ്വനിച്ചു.. ഇന്നും അടയാളങ്ങൾ കൊടിമരത്തിൽ നിന്ന് പാറിക്കളിക്കുന്നു.
സത്യത്തിൻ്റെ കൊടി…
വെളിച്ചം മാറി മാറി വന്നു..
വാക്ക് മുറിച്ചെടുത്തവർ പരസ്പരം നോക്കി… ഞാനല്ലേ.. ഞാനുമല്ല..
പിന്നെയാരാ..
സാക്ഷികളില്ല…
വാരിയെടുത്തവർക് നുള്ളിത്തിന്നാൻ വിരലു ബാക്കിയുണ്ടല്ലോ ..
മുന്നിൽ ആകാശം കാണുന്നില്ലേ ….
കുധൻ ഇരുട്ടിലേക്കിറങ്ങി നടന്നു. എല്ലാരും കാണെ ദൈവദാസനും…
ഇറങ്ങി നടന്നവർ വലിയ ജാഥയായ്.. താലപ്പൊലിയായ്.
തിരിഞ്ഞ് നോക്കാത്ത ദൂരം മുദ്രാവാക്യങ്ങൾ..
വിളക്കും തറയിലേക്ക്.
അവിടെയിട്ടേച്ചു പോയ അടയാളങ്ങൾ..
നിറഞ്ഞു കത്തി..
പുനരുദ്ധാരണം നടത്തി
ആ അടയാളങ്ങളിൽ പലരും
ചവുട്ടി ഉരച്ചു..
തുപ്പി..
പുലഭ്യം പറഞ്ഞു.. കെട്ടിയാടിത്തളർന്നവരുടെ കളം മായ്ക്കൽ…
ഭരണിപ്പാട്ട്..
ആനപ്പുറത്തിരുന്ന് ചിലർ വീരത്വം വിളമ്പി.. കവാടത്തിനടുത്ത് കറുത്തവൻ്റെ
അടയാളം പേടിപ്പിക്കുന്നു.
വള്ളിക്കെട്ടിലെ പൂജക്ക് ഇരുട്ട് വേണം..
കോഴിയുടെ ചോരയും..
ചുകന്ന നിറം
ഉറക്കം നഷ്ടമായി.
ഭരണം നടത്തിയ
ബ്രിട്ടീഷ്കാർക്കു പോലും പേടിയായിരുന്നു.
കുലം മുടിയുമോ..?
നാവിൽ നിന്നുറ്റിയ വാക്കുകൾ തുപ്പല് കൊണ്ട് മായ്ച് കളയാൻ ആരോ ഇളംനീരിൽ മദ്യം കൊടുത്തു.
വെള്ളിയാഴ്ചകളിൽ പൈങ്കുറ്റിവെച്ചു..
മുത്തപ്പൻ കൂടെയുണ്ട്..
എന്നിട്ടും ഉറക്കം വന്നില്ല.
മൂന്ന് ഷാപ്പിലും മാറി മാറിക്കയറി ഒറ്റക്കിരിക്കുന്നവർ കള്ളും കുപ്പിയോട് സങ്കടം പറഞ്ഞു…. മട്ടാണല്ലേ….!
വാക്കുകൾ അലഞ്ഞു നടന്ന പാടത്ത് കൂക്കിവിളിച്ചോടുന്നവർ വീര്യം കൂട്ടാൻ
അണ്ടീമാങ്ങയെ കുപ്പിയിൽ ഒളിപ്പിച്ചു.
വീര്യം കൂടിയിട്ടും
ഉറക്കം വന്നില്ല..
ശാപം.
എന്തിനാ നിങ്ങൾ ഇരുട്ടത്ത് ഒളിക്കുന്നത്
വായനശാലയിൽ വരൂ പാറപ്പുറത്തിരുന്നവരെ എം ടി വിളിച്ചു. ചിതലിന് പോലും വേണ്ടാത്ത പ്രഭാത് ബുക്സിൻ്റെ നിറഞ്ഞ ഗർഭപാത്രം തുറക്കൂ.. പുറംചട്ടകൾ ഉടുക്കാത്ത പമ്മനെയും പുത്തൂരിനെയും ഒളിഞ്ഞു നോക്കിയവർ മുട്ടത്ത് വർക്കിയെ കണ്ട് നാണിച്ചു…
പട്ടം പറപ്പിക്കുന്ന കുരങ്ങൻ കോമരം ഉത്തക്കനോട് വായനശാലയുടെ ചരിത്രം പറഞ്ഞു കൊടുത്തു…
നാലുകെട്ടിലെ ..അസുരവിത്ത്…
കോട്ടയം പുഷ്പനാഥും ബാറ്റൺ ബോസും വിളിച്ചു.
ധൈര്യത്തോടെ നമ്മുടെ കൂടെ വരൂ. ഇരുട്ടത്താണ് ലോകം.
ഡ്രാക്കുളക് പേടിയായ് ..
സെക്കൻ്റ്ഷോക് പോകാം..
രാത്രിയാണ് പകലിനേക്കാൾ സുന്ദരം.. കൊക്കച്ചി പറമ്പു മുതലിങ്ങോട്ട് എല്ലാ എശമാൻ്റെയും പറമ്പിലെ
ഇളനീർ പറിക്കുക …
ഇല്ലത്തെ പത്തായം പൊളിച്ച വിപ്ലവം .. തേങ്ങയും പൊതിക്കുക അവില്കൊഴച്ച് തിന്നിട്ട് ഏമ്പക്കം വിട്ടും ഫ്യൂഡലിസത്തിനെതിരെ പോരാടാം.
ഇല്ലാത്തവന് ഉള്ളവനോടുള്ള പുച്ഛമാണ്
സോഷ്യലിസത്തിൻ്റെ തുടക്കം..
പിന്നെ സ്വപ്നം…
റഷ്യൻ നാടോടിക്കഥകൾക് ആവശ്യക്കാർ വായനശാലക്ക് പുറത്ത് ‘ക്യൂ നിന്നു…
വെളിച്ചം കണ്ടാൽ
കൂക്കിവിളിക്കുന്ന നാവിലേക്ക്
ചിതൽ തിന്ന ബാക്കി വിപ്ലവത്തിൻ്റെ പല്ലിമുട്ടകൾ എടുത്ത് ഭദ്രമായ് സൂക്ഷിക്കുക …
നാളെ അത് വിരിഞ്ഞാൽ
ചുകന്ന സൂര്യനുദിക്കും..
കൊടികൾ മാറ്റിക്കെട്ടണം …
ഇനിയും ഉയരത്തിൽ..
ഇത് ഭൂമിയാണ്..
K T മുഹമ്മദ് പറഞ്ഞു.
സാമ്രാജ്യത്വം തകർന്നത് , കിട്ടാട്ടൻ്റെ പട്ട ഷാപ്പിൻ്റടുത്തുള്ള ബാർബർ സുരാട്ടൻ്റെ തിരിയുന്ന കസേരയിലാണ്.. മേനോൻ പറമ്പിൻ്റെ മുതലാളിയും തൊഴിലാളിയും വെള്ളത്തുണി പുതച്ച് തല കാട്ടികൊടുത്തു.
ചൂണ്ട് വിരലിലെ നീട്ടിയ നഖം പൊട്ടി പോകരുത്. നാളെയും മൂട് കുത്തി വാലിൽ കെട്ടേണ്ടതാണ്… റോസ് കളറുള്ള കെട്ട്നൂല് ചുറ്റിയ തകരപ്പാട്ടയും മുട്ടി കാൽനട ജാഥകൾ പലതും കടന്നു പോയി..
ചാപ്പ മരവിച്ചു നിന്നു..
അടയാളങ്ങളും….
മാവിലപ്പാടത്തിൻ്റെ നാലും കൂടിയ പെരിയവരമ്പുകളിൽ മുണ്ടപ്പുല്ല് വളർന്നു. വയർ നിറയെ എച്ചിലുതിന്നിട്ട് ,
അലഞ്ഞ് നടന്ന നായകൾ മുണ്ടപ്പുല്ലിൽ തൂറിയിട്ടു.. കുറുക്കനും അതേ പുല്ലിൽ രാത്രി മത്സരിച്ചു.
കാട്കയറിയ വഴികളിൽ മുൾചെടികൾ ഒറ്റയാനായ് നടന്നു പോകുന്നവരെ തോട്ടിയിട്ട് കുത്തി വലിച്ചു.
പിന്നെയും വേനൽ വന്നു.
കള്ള് വാറ്റിയവരെ കള്ള് കിട്ടാത്തവർ ഒറ്റിക്കൊടുത്തു. ജയാരവത്തോടെ
തലയിൽ പാനിയും വെച്ച് ട്രൌസറിട്ട പോലീസ് കാമാട്ടനെ നടത്തിക്കൊണ്ടുപ്പോയത് കണ്ടു നിന്ന പെണ്ണുങ്ങളും ഒറ്റിയവരും മറന്നു.
വെള്ളം കയറിയിറങ്ങിയ പാടത്ത് കൈനാട്ടിയിൽ നിന്ന് നാട്ടിപ്പണിക്ക് വന്ന പെണ്ണുങ്ങൾ ചായ കുടിക്കാൻ കൈത്തലപ്പിടികയിലേക്ക് നടന്നു. തണുത്ത കാറ്റിനൊപ്പം അവിലും അണ്ണാച്ചിമിക്ചറും ചൂടാറിയ ചായയും കുഞ്ഞപ്പ നായർ കൊടുത്തു.
കയ്പ്പാട്ടിലെ പോട്ടപ്പുല്ലുകൾ എരുമക്കാർ കൊണ്ടു പോകുന്നത് നാട്ടിലെ പശുക്കൾക്കും പോത്തുകൾക്കും പിടിച്ചില്ല..
അധിനിവേശം …
പെണ്ണുങ്ങൾ അതിരാവിലെ പുഴക്കരയിലേക്ക് കത്തിയും വല്ലവും കയറും എടുത്ത് ഓടി..
പോട്ടപ്പുല്ലിൻ്റെ പച്ച നിറം പശുവിൻ്റെ പാലിനൊപ്പം
വെള്ളത്തിൻ്റെ അളവും കൂട്ടി.
ചായപ്പീടികക്കാരൻ മുറുമുറുത്തപ്പോൾ സൊസൈറ്റി വന്നു…
പിന്നെയാർക്കും പരാതിയുണ്ടായില്ല.
മുതലാളിമാർ വലിച്ച 555 സിഗരറ്റിൻ്റെ പിന്നാലെ പാചകക്കാരുടെ ചിരിയും ഒളിച്ചോടി..സേവാ സംഘത്തിൻ്റെ മുളവടിയും പഴയ പ്ലേറ്റും ലേലം വിളിച്ചു കൊടുത്തു. നീലത്തുണികൾ കലവറ കെട്ടാൻ ഫ്രീയായ് കൊടുത്തിട്ടും പാത്രങ്ങൾ വാടകക്ക് ആരും വാങ്ങിയില്ല.. തൊഴിലില്ലായ്മക്കെതിരെ മന്ത്രിയെ തടഞ്ഞവരോട് ചെമ്പ് പാത്രത്തിന്
ഈയം പൂശാൻ വന്നവൻ ന്യായം പറഞ്ഞു. കൂലി കൂടുതലാണ്.. ബൂർഷ്വകളും ചൂഷകരും പല വേഷങ്ങളിലും വരുമെന്ന്
ഹെൻറിക് ഇബ്സൻ നാടകം എഴുതിയത്
മുതലാളിയോട് ആരോ പറഞ്ഞു…
ആരും വാങ്ങാതെ തുരുമ്പെടുത്ത വട്ടചെമ്പിന് കൊട്ടാരം പണിതത് എന്തിനെന്ന് ആരും ചോദിച്ചില്ല.
ചോദ്യങ്ങളുടെ മുറിഞ്ഞ നാവ് കൊടിമരത്തിൽ പാറിക്കളിച്ചു.
അവിലും തേങ്ങയും കൊഴച്ച് മുതലാളിത്തത്തിനെതിരെ കട്ടൻ കാപ്പി ഊതി കുടിച്ചു. റോഡിനക്കരെ സമത്വം വന്നപ്പോൾ ജാഥയിൽ കണാരൻ മാത്രം.
പിന്നിൽ വന്നവരെവിടെ.
പകൽ രാത്രിയായി.
കണാരനും മുതലാളിയായപ്പോൾ എല്ലാം ഒറ്റലോറിയിൽ വന്നു. രാത്രി കാലത്ത് കുന്നിൽക്കയറി നിന്ന് കാളത്തിലൂടെ
പറയുന്നവരുടെ ശബ്ദം നനഞ്ഞു തുടങ്ങിയതന്നാണ്.
ഓണത്തിന് ഫ്രീ കിട്ടിയപ്പോൾ കുപ്പിഗ്ലാസുകൾ പിടികവരാന്തയിൽ കൂട്ടിമുട്ടിപ്പൊളിഞ്ഞു…
പീടിക ക്കോലായ്ൽ ശീട്ടുകളിക്കുന്നവർ
രാത്രി കാലത്ത് കുളത്തിൻ കരയിൽ ചാമുണ്ടിയെ കണ്ടുതുടങ്ങി.
നേരത്തെ പീടിക പൂട്ടി..
പാലയും കാഞ്ഞിരവും മുറിച്ചു കെളയോട് ചേർന്ന് നിന്ന കാവൂക്കാൻ്റെ പറമ്പിലെ മാവ് വിധവയായി..
ഷെൽട്ടർ സാക്ഷിയാണ്.
സാക്ഷികൾ സത്യം പറയരുത്.
ഒരു പാട് കാൽനട ജാഥ നടത്തിയവർ
നാവു മുറിച്ച് ഊമയായി.
സാക്ഷികൾ ഇല്ലാതാവണം…
പുതിയ ശബ്ദങ്ങൾ പ്രളയം പോലെ പെയ്തിറങ്ങിയപ്പോൾ ദാഹം മാറി. കത്തിപ്പോയ ഷെൽട്ടറിൽ നിന്ന് മരത്തിൻ്റെ മുകളിൽ എന്നേക്കുമായ് അഭയം പ്രാപിച്ചവൻ ചെമ്പകച്ചോട്ടിലെ
കൊടിമരത്തിൽ നക്ഷത്രമായ് ചിതറി…
.