രചന : റെജികുമാർ ചോറ്റാനിക്കര ✍

പെരുമകൾ പേറുന്ന പേരെഴും ഭാരതം
പുകൾപെറ്റ പുണ്യമാം ദേശമല്ലോ..
ശാന്തി, സമാധാന, സത്കർമ്മ ലക്ഷ്യമോ –
ടേവരും സോദരത്വേന വാഴ്‌വൂ..
ഈ മഹത്ഭൂവിൽ പിറന്നൂ മഹാരഥർ
ഇവിടെപ്പിറന്നൂ മഹത്ചരിതം..
കടലുകടന്നുവന്നെത്തിയോരീ ഭൂവി-
ന്നധിപരായ് മാറുകയായിരുന്നൂ..
നാടിന്റെ സമ്പന്ന പൈതൃകമൊക്കെയും
അന്നാ വിദേശികൾ കൈക്കലാക്കീ..
നാടിനെ വെട്ടിമുറിച്ചവർ തീർത്തതോ
നാട്ടിലനൈക്യമായ് മാറിയല്ലോ..
ഗാന്ധി തന്നാത്മസ്സമർപ്പണത്തിൽ നാടും
നാട്ടാരുമൊന്നിച്ചുണർന്നിടുന്നൂ..
അന്നാകെ വീശിയടിച്ച കൊടുങ്കാറ്റി –
ലാകേ വിറച്ചു വിദേശശക്തി..
ഗാന്ധിയും നെഹ്‌റുവും പട്ടേൽ, അംബേദ്കറും
ധീരയോദ്ധാക്കൾക്കുണർവ്വു നൽകി..
ഭാരതം കെട്ടിപ്പടുക്കുവാനെത്നിച്ച –
വീരരാം മക്കൾ തൻ ഗർജ്ജനത്തിൽ..
ജ്വാലയായ് കത്തിപ്പടർന്ന രോഷത്തിന്റെ
തീച്ചുടിലന്നവർ ചാമ്പലായീ..
സ്വാതന്ത്ര്യമെന്ന മൂന്നക്ഷരം നമ്മില-
ന്നൊരു കുളിർക്കാറ്റായ് പെയ്തിറങ്ങീ..
വിശ്വത്തിൻ മുന്നിലഹിംസതൻ യുദ്ധത്തിൻ
വീരേതിഹാസം രചിച്ചവർ നാം..
കാത്തുസൂക്ഷിക്കാമിനിഭാരതാംബതൻ
മാർത്തടം ചേർന്നു നാമേകരായീ…

റെജികുമാർ ചോറ്റാനിക്കര

By ivayana