ബലിഷ്ഠമായ തന്റെ വലംകൈകൊണ്ട് പൂർണ്ണ വളർച്ചയെത്തിയ ഒരു കുറുന്തോട്ടിച്ചെടി പിഴുതെടുക്കാനുള്ള ശ്രമത്തിലാണയാൾ. വണ്ടിയുടെ ഭാരം ചുമന്ന് കല്ലുറപ്പിലേക്ക് ചേർന്നുപോയ റോഡിന്റെ ഇടതുഭാഗത്താണ് പൂർണ്ണ ആരോഗ്യമുള്ള കുറുന്തോട്ടി വിരിഞ്ഞു നിന്നത്.
കരിങ്കൽ ക്വാറിയിലേക്ക് ഇടതടവില്ലാതെ കുതിച്ചുപായുന്ന വണ്ടികളുടെ വയറുനിറയ്ക്കാൻ കരിങ്കൽ കൂടാരങ്ങളെ ഇടിച്ചു തകർത്ത് ചെറു കഷണങ്ങളാക്കുന്ന മനുഷ്യനായിരുന്നു അയാൾ. കൂറ്റൻ കൂന്നുകളുടെ മേൽക്കൂരയിലെ ചെറുമരങ്ങളും ചെടികളും പിഴുതുമാറ്റി മണ്ണിന്റെ മേലാടകൾ അഴിച്ചെടുത്ത് ഉരുളൻ കല്ലുകൾ ഇരുമ്പുപാരകൊണ്ട് തള്ളിമാറ്റി ക്വാറിയിൽ സ്ഫോടനങ്ങൾ സൃഷ്ടിച്ച് ശബ്ദായമാനമായ സർക്കസ് കൂടാരത്തിലെ ചാട്ടക്കാരനെപ്പോലെ ആ കുന്നിന്റെ ഗർഭത്തിലേക്ക് അയാൾ തുരന്നിറങ്ങി. മനുഷ്യനിർമ്മിതമായ കരിങ്കൽ കുന്നുകൾക്കരികെ വയറുനിറയാത്ത വണ്ടികൾ കഴുകൻമാരെപ്പോലെ പറന്നിറങ്ങി. ഉള്ളിലൊളിപ്പിച്ച ജലകുംഭങ്ങൾ ഓരോന്നായി ആ മലയുടലിൽ നിന്നും അടർന്നുവീണു. വയറുനിറഞ്ഞ വണ്ടികൾ ഉന്മാദരൂപിയായി കുതിച്ചുപാഞ്ഞു.
ക്വാറിയിലേക്കുള്ള റോഡ് ഭാരം ചുമന്ന് അമർന്നും കുഴിഞ്ഞും വടികുത്തിയ വൃദ്ധനിലേക്ക് പരിണാമപ്പെടുമ്പോഴേക്കും വാപിളർന്ന മലയിടുക്കുകൾ ഉള്ളിലെ കരിങ്കൽ ഭിത്തികൾ ചോർന്ന് നിരന്നുപോയിരുന്നു. മലചുമന്ന വണ്ടികൾ പതിയെ പിൻവാങ്ങി. പുതിയ ഇടങ്ങളിലേക്ക് എത്തിപ്പെടാനാവാതെ അയാൾ മുറിഞ്ഞു വീഴുന്ന മരം ചുമക്കുന്നവനിലേക്ക് പരിമിതപ്പെട്ടു.
വണ്ടികളെ ചുമന്ന റോഡുകൾ ഒറ്റയടിപ്പാതകളായി. പാതകൾക്ക് ഇരുവശത്തും കുറുന്തോട്ടിയും തൊട്ടാവാടിയും ശംഖുപുഷ്പവും മറ്റു കാട്ടുവള്ളികളും മുളച്ചുപൊന്തി.
റോഡിൽ നിന്നും വണ്ടികളില്ലാത്ത വീടുകളിലേക്ക് നടന്നുപോവാറുള്ള മനുഷ്യരുടെ വീതിയിൽ മൺരേഖകൾ മാത്രമായി. രണ്ടാൾ വലിപ്പമുള്ള മരത്തടികൾ അനായാസേന ചുമലിലേറ്റി നടക്കുന്ന ആ മനുഷ്യനെയാണ് കേവലമൊരു കുറുന്തോട്ടി കുരുക്കിട്ട് വീഴ്ത്തിയത്. അരിശം മൂത്ത് വലിച്ച് പിഴുതുകളയാൻ, ഇരുകൈയും ചേർത്ത് കുറുന്തോട്ടിയിലകളെ ചേർത്തൊതുക്കി തന്റെ കരുത്തുറ്റ വലംകൈയിലേക്ക് അമർത്തിപ്പിടിച്ചു. ഒറ്റവലി പത്തുവലിയിലേക്കെത്തിയിട്ടും കുറച്ച് ഇലകളൂർന്നതല്ലാതെ കുറുന്തോട്ടിയുടെ ഒരു വേരുപോലും ഇളകിയില്ല. പിന്നെ രണ്ടുകൈയും കൂട്ടി ആ ബലവാൻ പഠിച്ച പണി പലതും നോക്കിയിട്ടും ചെടിക്ക് ഒരു മാറ്റവുമുണ്ടായില്ല.അതിശക്തനെന്നു കരുതിയ അയാൾ വെറുമൊരു കുറുന്തോട്ടി പിഴുതെടുക്കാനാവാതെ ഇലവലിച്ചൂരിയ തന്റെ കൈവെള്ളകളെ നോക്കി നെടുവീർപ്പിട്ടു.
തോറ്റുകൊടുക്കാൻ മനസില്ലാതെ ആ കുറുന്തോട്ടിയെ രണ്ടായി വലിച്ചുചീന്തി മുമ്പ് മലതുരന്നു മുറിച്ചെടുത്ത കരിങ്കൽ ചീളുകൊണ്ടടിച്ച് മണ്ണിനുമീതെയുള്ള ചെടിയുടെ ആകാശക്കാഴ്ച്ചകളെ അടർത്തിമാറ്റി.
ഓരോ ദിവസം അതേ വഴി നടന്നുപോവുമ്പോൾ ഇടക്ക് തലനിവർത്തിനോക്കുന്ന കുറുന്തോട്ടിക്കിളിർപ്പുകളെ കാലുകൊണ്ട് ചവിട്ടിയരച്ച് ഒരിക്കൽ വീണുപോയതിന്റെ, വീഴ്ത്തിയതിന്റെ അരിശം തീർത്ത് നടന്നുനീങ്ങും.
*****************
സ്വന്തം വീഴ്ച്ചകൾ തിരിച്ചറിയാതെ എത്രയെത്ര മിത്രങ്ങളെയാണ് ഓരോ ദിവസവും നമ്മൾ കണ്ടിട്ടും കാണാത്തപോലെ നടിച്ച് മറികടന്നുപോവുന്നത്….