രചന : നെവിൻ രാജൻ ✍
പ്രിയപ്പെട്ട റുഷ്ദീ;
ഞാൻ സോക്രട്ടീസെന്നും,
നീയെന്നെ അറിയപ്പെടും.
അല്ലാ;
അറിവു്,
അതുതന്നെയായിരുന്നെല്ലോ
ഞാനും നീയും
ഇതുവരെ നിർമ്മിക്കപ്പെട്ട വഴികളുടെ
തൂക്കുവിളക്കുകൾ.
ഇവിടെ ഇരുട്ടിൽ തപ്പുന്നവർക്കു
വഴിവിളക്കുകൾ
അപ്രാപ്യമാം വിധം
പിന്നിലേക്കു പിന്നിലേക്കോടി മറയും..!!
അല്ലാ,
വഴിവിളക്കുകളെ കടന്നവർ
മുന്നേറുകയാണ്.
അണയാത്ത വിളക്കുകളായവ
അവിടെത്തന്നെയുണ്ട്.
റുഷ്ദീ,
എനിക്കും നിനക്കുമിടയിൽ,
കാലം കുരുക്കിട്ട
ചങ്ങലക്കെട്ടുകൾക്കുള്ളിൽ,
അവർ കുടുങ്ങിക്കിടക്കരുതു്.
നീ പ്രകാശം ചൊരിയുക.
ഞാൻ
നിന്നിൽനിന്നും
ഏറെ അകലെയല്ലാതെ,
ഈ വഴിയോരത്തൊന്നുരണ്ടടി
പിന്നിലായുണ്ട്…