രചന : ദിവ്യ എം കെ ✍

വർഷങ്ങളോളം
വഴിതെറ്റി വരുന്നൊരു
പ്രണയത്തിനായ്
അവൾ കാത്തിരുന്നു…..
നീലവിരിയിട്ട
ജാലകങ്ങളുള്ള
മഞ്ഞ നിറമടിച്ച
വീടിന്റെ ചുവരുകളിൽ
അവൾ
പ്രണയമെന്ന് എഴുതിവെച്ചു…..
ഉമ്മറത്ത് എഴുതിരിയിട്ട
ഒരു നിലവിളക്ക്
അവൾ അണയാതെ
കത്തിച്ചു വെച്ചു….
ഇടവഴിയിൽ
ഗുൽമോഹറുകൾ
ആർത്തിയോടെ
പൂക്കുമ്പോൾ….
ചെമ്പകവും അരളിയും
നിഴൽ വിരിച്ച
മുറ്റത്ത്
പ്രണയദാഹിയായ്
അവൾ
അലഞ്ഞിരുന്നു…….
കിളികളോടും
പൂക്കളോടും
വെയിലിനോടും
മഴയോടും
വരാത്തൊരാളെ
ചൊല്ലി അവൾ
കലഹിച്ചിരുന്നു…….
രാവെളുപ്പോളം
പൂർണ്ണമാവാത്ത
പാട്ടുകൾക്കായ്
കാതോർത്തിരുന്നു…..
ചിലങ്കകൾ കെട്ടി
ആർക്കോവേണ്ടി
ഉന്മാദനൃത്തം
നടത്തിയിരുന്നു…,…..
ആരും തുറന്നുവരാത്ത
അവളുടെ
ഹൃദയജാലകങ്ങളിൽ
നീലമിഴിയുള്ളൊരു
പക്ഷിയായ്‌
പ്രണയം കുടിച്ചു
വിരഹിയായ്
അവൾ എന്നും
ചിറകടിച്ചു കരഞ്ഞിരുന്നു……
അരുത്….
ഇനി ഇവിടെ
കിടക്കുന്ന അവളുടെ
മൃതശരീരത്തിനരികിലേക്ക്
നിങ്ങളാരും വരരുത്…..
അവളുടെ കണ്ണുകളിലേക്ക്
നോക്കരുത്….
പ്രണയത്താൽ തിളങ്ങുന്ന
ഉജ്വലനക്ഷത്രങ്ങൾ
ഇനി ആ മരവിച്ച
മിഴികളിലില്ല………
കാണാൻ കൊതിച്ചൊരാൾ
വരുമ്പോൾ
അവളുടെ
കവിളുകളിലിനി
മഴവില്ലിൻ വർണ്ണങ്ങൾ
തെളിയുകില്ല……
നാണത്താൽ
മുഖം കുനിച്ച്
ഉമ്മറവാതിൽക്കലോളം
നിങ്ങളെ തിരഞ്ഞാ
ഹൃദയതാളങ്ങൾ
എത്തുകില്ല…….
കാർമേഘം തോൽക്കുന്ന
മുടിയിഴയിൽ
ചൂടാനിനി
മുല്ലമൊട്ടുകൾ
കോർക്കേണ്ടതില്ല……
നിങ്ങളെ ഇങ്ങനെ
കോർത്തുപിടിക്കാൻ
കൊതിച്ച
ആ വിരലുകളിനി
നിങ്ങളുടെ നേർക്ക്
നീളുകയില്ല…..
ആ ചുണ്ടുകളിൽ
ഇനി ചുംബിക്കേണ്ടതില്ല…
പാടാൻ കൊതിച്ച
മധുരഗാനങ്ങളിനി
അവൾ നിങ്ങൾക്കായ്
പാടുകയില്ല…..
ശംഖ്‌ തോൽക്കുമവളുടെ
കഴുത്തിലേക്കിനി
നോക്കാതിരിക്കുക….
നിങ്ങളണിയിക്കുന്നൊരു
ചിത്രപതങ്ക താലിക്കായ്
വർഷങ്ങൾ കാത്തിരുന്ന
അവ എന്നേക്കുമായ്‌
ചേതനയറ്റിരിക്കുന്നു…….
നിറുകയിൽ കുങ്കുമമോ
വരമഞ്ഞൾ
പ്രസാദമോ…..
കിലുങ്ങുന്ന കുപ്പിവളകളോ
കൊലുസുകളോ
ഇനി വേണ്ട…..
അവൾക്കിനി
വിധവയുടെ
വേഷംമാത്രം മതി….
ആരും കൊതിക്കുന്ന
അവളുടെ
കാൽവിരലുകളിലേക്ക്
നിങ്ങളുടെ മിഴികൾ
എത്തരുത്……
ആ പാദങ്ങൾ
നഗ്നമായ്‌
നിങ്ങളുടെ
പ്രണയത്തിനായ്
അലഞ്ഞു നടന്നവയാണ്…..
ഇനി വേണ്ടത്
ഇത്രമാത്രം….
ചിതയിലേക്കെടുക്കും മുമ്പ്
ഒരാൾക്കും
കേൾക്കാനാവാത്ത
വിധത്തിൽ
പതുക്കെ
അവളുടെ ചെവിയിൽ
പറഞ്ഞേക്കുക……
ഞാൻ നിന്നെ
പ്രണയിച്ചിരുന്നു
പെണ്ണേ എന്ന്……
പ്രണയദാഹത്താൽ
അവളുടെ
ആത്മാവെങ്കിലും
അലഞ്ഞുതിരിയാതിരിക്കട്ടെ……

ദിവ്യ എം കെ

By ivayana