രചന : ശിവൻ മണ്ണയം✍

അയ്യോ ബോംബേ … ബോംബേ …
അന്നാദ്യമായി അമ്മായിയമ്മയുടെ അനുവാദമില്ലാതെ ദേവു ഉച്ചത്തിൽ അലറിപ്പോയി.
സോഫയിൽ ടീ വി സീരിയൽ കണ്ട് കണ്ണീരൊഴുക്കിയിരുന്ന അമ്മായിയമ്മ മിസ് സരസ്വതി അമ്മ ഞെട്ടലേറ്റ് വിറച്ച് ചാടിയെണീറ്റു. ഭവതി മരുമകളുടെ അടുത്തേക്ക് തൻ്റെ വലിയ ശരീരവും ചുമന്നുകൊണ്ടോടി.


വലിയ ഭാരവുമെടുത്തോടി കിതച്ച് പരുവമായ സരസ്വതി അമ്മ തൻ്റെ വലിയ വായാൽ ഉത്ഘോഷിച്ചു:എന്തെര് ബോംബയാ… എവിട കാണട്ട്, ഞാൻ ബോംബകണ്ടിറ്റില്ല.. ബോംബ ഇങ്ങോട്ട് വന്നാ … അൽഭുതം! പപ്പനാവന്റെ ലീലാവിലാസം തന്ന ഇവിട നടക്കണത്..
തൊട്ടടുത്ത് നിന്ന ,ദേവുവിൻ്റെ ആത്മ ഫ്രണ്ടി ലത, ദേവുവിനോട് കുശുകുശുത്തു:ദേവൂ നീ കിടന്ന് ബഹളം വയ്ക്കാതെ.. സമാധാൻ.. സമാധാൻ..


അതു കേട്ട സരസ്വതി ഉവാച:അത് തന്ന എന്റേം അവിപ്രായം.. സവാധാനം.. സവാധാനം..എന്തിന് കെടന്ന് തൊള്ളതൊറക്കണ..? ബോംബെ നമ്മള പിടിച്ച് തിന്നേന്നും ഇല്ലല്ലാ..
ദേവു അരിശത്തോടെ സരസ്വതിയോട് പറഞ്ഞു: അമ്മ ഒന്ന് മിണ്ടാതിരിക്ക്.. മനുഷ്യനിവിടെ തീ തിന്ന് നിക്കുമ്പോഴാ.. ബോംബെയല്ല ബോംബ്… പൊട്ടുന്ന സാധനം..
ലത ക്ലാരിറ്റി വരുത്തി: ബോംബ്.. പൊട്ടുന്ന ബോംബ്.. നിലവിളിക്കുമ്പോ ബോംബേ .. ബോംബേ .. ഗ്രാമറൊന്നും അറിഞ്ഞൂടല്ലേ അമ്മച്ചീ ..


അമ്മച്ചി നിൻ്റെ… സരസ്വതി അമ്മ പല്ലിറുമ്മി .ഞാനിപ്പോഴും സ്ട്രോങ്ങാടീ സ്ട്രോങ്ങ്..! സരസ്വതി അമ്മ പല്ലിറുമ്മിയ ശബ്ദം ചുറ്റുപാടുമുള്ള എല്ലാവർക്കും ശ്രവ്യസാധ്യമായിരുന്നു. ഒരു കിലോമീറ്ററിനകത്തുള്ള എല്ലാവരും പകച്ചു എന്ന് തന്നെ പറയാം.
എല്ലാവർക്കും പേടിയാണ് സരസ്വതി അമ്മയെ. നാക്ക് കൊണ്ട് കഴുത്തറക്കും.പ്രവർത്തി കൊണ്ട് കുലം മുടിക്കും. സിംഹത്തിൻ്റെ ദേഷ്യം. ആനയുടെ പക.വല്ലാത്തൊരു വനിതാ തീവ്രവാദി!


സരസ്വതി അമ്മയുടെ മരുമകൾ ദേവു രാവിലെ മുറ്റമടിച്ചു കൊണ്ട് നിക്കുമ്പോഴാണ്, തലയിൽ ഹെൽമറ്റും ചുമന്ന് ബൈക്കേൽ പോയ ഒരു അനോണി, വലിയ ഒരു ബാഗ് തങ്ങളുടെ വീട്ടുപറമ്പിലേക്ക് വലിച്ചെറിഞ്ഞ്, ബൈക്കോടി മറഞ്ഞത് കാണാനിടയായത്.
ബാഗ് ബോംബ്..!
ദേവു പത്രം വായിക്കും.ലോകമാകെ തീവ്രവാദികൾ, തലങ്ങും വിലങ്ങുംബോംബ് പൊട്ടിച്ച് ആളെ കൊന്ന് ,സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കുന്ന കാര്യം അങ്ങനെ ദേവു വിനറിയാം. അതാണ് ക്ഷണ വേഗത്തിൽ, ബൈക്ക് കാരൻ വലിച്ചെറിഞ്ഞ ബാഗിൽ ബോംബ് ആണെന്ന് കണ്ടെത്താൻ ദേവുവിനെ സഹായിച്ചത്.അപ്പോഴാണ് ദേവു അലറി നിലവിളിച്ചത്: ബോംബേ ..!


ബാഗില് നോക്കി സരസ്വതി അമ്മ ആർത്തലറി:എന്റെമ്മച്ചീ പടക്കോ… ഈ ബാഗിലാ ..യ്യോ.. എനിക്കതിന്റെ സമ്ണ്ട് പേടിയാണേ…
ദേവു ഓർമ്മിപ്പിച്ചു:സാധാരണ പടക്കമല്ല … അത് പൊട്ടിയാ ഈ പ്രദേശം മുഴുവൻ ചാമ്പലാകും ..
സരസ്വതി അമ്മയുടെ നാക്ക് തളളി. തള്ള പുലമ്പി:എന്റെ പപ്പനാവാ എന്തൊരൊക്കെയാണ് ഈ പെണ്ണ് പറേണത് … എന്നെ പേടിപ്പിക്കാനല്ലേ ടീ നീയീ പുളു പറേണത് ?
ദേവു :അല്ലമ്മേ, ആ മൈലാഞ്ചിച്ചെടിയുടെ മൂട്ടിൽ കിടക്കണ ബാഗ് കണ്ടോ..?
സര: എപ്പഴേ കണ്ട് ..!
ദേവു :അതില് ബോംബാണ്. ബൈക്കിൽ പോയ ഒരുത്തൻ മതിലുമുകളിലൂടെ അകത്തേക്ക് ഇട്ടതാ.. അത് പൊട്ടിയാ നമ്മളെല്ലാം കത്തിച്ചാമ്പലാകും ..
സര: അതില് പൊട്ടണ പടക്കാണോന്ന് നിന്നോടാര് പറഞ്ഞ്? നീ സ്വപ്നം കണ്ടാ..?
ദേവു :ലത പറഞ്ഞു..


സര: തന്നേ അപ്പീ…?
ലത :ശ്രീലങ്കയില് പള്ളീലൊക്കെ… ഭീകരൻമാര്… ഇതു പോലത്തെ ബാഗിലാ ബോംബ് കൊണ്ടുവന്ന് പൊട്ടിച്ച് പത്ത് മുന്നൂറ് പേരെ കൊന്നത്. തൃശൂർ പൂരത്തിന് ഇത്തരം ബാഗൊക്കെ നിരോധിച്ചിട്ടുണ്ട് .. കേരളത്തിലും ഇതു പൊട്ടുമെന്നുള്ള പ്രചാരണമൊക്കെ വരുന്നുണ്ട്.. അത് പേടിപ്പിക്കാനായിരിക്കാം.. എന്നാലും നമ്മളൊന്ന് കരുതിയിരിക്കുന്നത് നല്ലതല്ലേ.. നമ്മുടെ മതിലിനകത്തേക്ക് ഏതോ അപരിചിതൻവലിച്ചെറിഞ്ഞ ബാഗില് നമ്മള് സംശയിക്കണം അമ്മേ.. അല്ല ചേച്ചീ..
സര: നീ അമ്മേ എന്ന് തന്ന വിളിച്ചോ.. ഈ ആപത്തില് എന്തെര് ചേച്ചി എന്തെര് അമ്മ. വിളിക്കാൻ എളുപ്പോള്ളത് വിളി. അമ്മച്ചീ എന്ന് വിളിക്കാരുന്നാ മതി.. അല്ല പിന്ന!ഈ ബാഗ് പൊട്ടി നമ്മളല്ലാരും ചാവുന്നാണാ നീ പറയണത്.


ലത :പൊട്ടിയാൽ ചാവും..
ദേവു :ഇത് പൊട്ടാതിരിക്കാൻ എന്ത് ചെയ്യണം?
ലത :അതെനിക്കറിയില്ല. ബോംബ് സ്ക്വാഡിനെ അറിയൂ….
സര :ഇതെപ്പഴ് പൊട്ടും?
ദേവു :എപ്പോൾ വേണോ പൊട്ടാം..
സര :എൻറ പപ്പനാവാ ഞാനിതാ വരുന്നേ..
ദേവു :നമുക്ക് വെളിയിലേക്കിറങ്ങി എങ്ങോട്ടേക്കെങ്കിലും ഓടാം ..
ലത :അതു ശരിയാ. ഇവിടെ നിന്നാൽ നമ്മൾ പൊട്ടിച്ചിതറും ..
സര: എനിക്കാണങ്കി ഓടാനും വയ്യ.. എന്തര് ചെയ്യോന്തോ.. പയങ്കര മുട്ടുവേദന… എന്നാലും ഞാൻ ശ്രമിക്കാം. ആയുസുകള് തീരണ കേസല്ലേ..
ലത :ആലോചിച്ചു നിക്കാതെ വാ ഓടാം .. പൊട്ടുന്നതിന് മുമ്പ് വെളിയിൽ ചാടിയാൽ രക്ഷപ്പെട്ടു…


ദേവു :നിക്ക്.. ഞാനെന്റെ സാധനങ്ങളൊക്കെ എടുത്തോട്ടെ… ബോംബ് പൊട്ടിയാൽ അതൊക്കെ നശിച്ചുപോകില്ലേ..
സര: ശരിയാ .. ടീവീം ബ്രിഡ്ജും വാഷിംഗ് മിഷീനുമൊക്ക എടുക്കണം.ടി വി ഞാൻ എടുക്കാം. ബ്രിഡ്ജ് ലത എടുക്കും.ദേവു എന്തെര് എടുക്കും..?
അവർ ചാടി ചെറിയൊരു ടീവിയും ചുമന്ന് നിന്നു.
ലതക്ക് ദേഷ്യം വന്നു:നിങ്ങക്ക് ജീവനാണോ വലുത് അതോ സാധനങ്ങളാണോ? ടീവിം ഫ്രിഡ്ജും എടുക്കുന്നോര് എടുത്തിട്ട് വാ.ഞാൻ ഓടാൻ പോണ്..
ദേവു കെഞ്ചി :എടീ എന്റെ ഫോണെങ്കിലും ..
ലത :നീ വാടീ ഇങ്ങോട്ട്…
ലത ദേവുവിൻ്റെ കൈയും പിടിച്ച്, കാലും തെറുപ്പിച്ച് വടക്കോട്ടോടി.
സരസ്വതി അമ്മ അമ്പരന്നലറി: നീങ്ങളെന്തെരിനെടീ അങ്ങോട്ട് ഓടണ..?
ലത ഓട്ടത്തിനിടയിൽ അലറി :അവിടയല്ലേ ഗേറ്റ്.. അതാ അങ്ങോട്ട് ഓടണത്.. അവിട ബോംബാണ്…!


ദേവു ഠപ്പേന്ന് നിന്നു.എന്നിട്ട് ലതയോട് പറഞ്ഞു :ശരിയാ ലതേ, ഗേറ്റിനടുത്തുള്ള മൈലാഞ്ചി ചെടിയുടെ അടുത്തല്ലേ ബാഗ് കിടക്കുന്നത് ..
സരസ്വതി അറി :എവളുടെ പെറകെ ഓടിചെന്ന് കേറിക്കൊടുത്തങ്കി ബോംബ് പൊട്ടിചത്തന…
ദേവു പറഞ്ഞു :നമുക്ക് വീടിന്റെ പുറക് വശംവഴി പോകാം ലതേ ..
ലത പറഞ്ഞു :എങ്കിൽ വാ വേഗമാകട്ടെ.. ലത ദേവുവിൻ്റെ കൈയും പിടിച്ച് തിരിച്ചോടി.
സരസ്വതി ശരീരവും കുലുക്കി പിന്നാലെ പായുന്നതിനിടയിൽ നിലവിളിച്ചു: ഞാനും വരുന്ന് പെണ്ണുങ്ങളേ പതുക്ക ഓട്…!
ഓടുന്നതിനിടയിൽ ലത പയ്യാരം വിളമ്പി :ഹോ.. ഈ സാരി.. ഇതു കാരണം വേഗത്തിലോടാൻ പറ്റുന്നില്ല ..


സരസ്വതി ഓടുന്നതിനിടയിൽ പ്രതിവചിച്ചു: എങ്കി നീ കക്കോടി കേറ്റിക്കെട്ടി ഓട്…
പ്ധും!ഒരു വലിയ ശബ്ദം ലതയും ദേവുവും കേട്ടു .
ദേവു അലറി നിലവിളിച്ചു :അയ്യോ ബോംബ് പൊട്ടി … !ഞാനിനിയെന്റെ പ്രകാശേട്ടനെ എങ്ങനെ കാണും..യ്യോ.. |
പിറകിൽ നിന്ന് സരസ്വതിയമ്മയുടെ ശബ്ദം അവരുടെ അടുത്തേക്കെത്തി: ബോംബന്നും പൊട്ടിയതല്ലടീ .. ഞാൻ ഒന്ന് വീണേണ്.. ബോംബല്ല എന്റ താടിയാണ് പൊട്ടിയത്.. അയ്യോ ചോരേക്കവരണ് … എന്റെ പപ്പനാവാ നീ എന്നെ എന്തിനിങ്ങനയിട്ട് പരീക്ഷിക്കണ്…
ദേവു നടി സരസ്വതിയമ്മയുടെ അടുത്തെത്തി :സാരമില്ല.. എഴുന്നേല്ക്ക് അമ്മേ.. ഇവിടെ ഇങ്ങനെ കിടന്നാൽ ജീവൻ അപകടത്തിലാകും….
ലത ധൃതികൂട്ടി :ശരിയാ വേഗം വാ..


സരസ്വതി അമ്മ ശക്തിഹീനയായി പുലമ്പി: ഞാൻ വരേന്ന… നിങ്ങള ജീവൻ നിങ്ങള് നോക്ക്. പോയീ..
ലത അപ്പഴാണ് ഓർത്തത് :അയ്യോ പുറക് വശത്ത് ഗേറ്റൊന്നും ഇല്ലല്ലോ .. എങ്ങനെ പുറത്തിറങ്ങും?
ദേവു അപ്പോ പറഞ്ഞു :ഇവിടെയൊരു കൊച്ച് ഗേറ്റുണ്ടായിരുന്നതാ.. ഇതിലൂടെ എന്റെ കാമുകൻ കയറി വരുമെന്നും പറഞ്ഞ് ഈ അമ്മയാ അതെടുത്ത് കളയിപ്പിച്ചത് ..!
സരസ്വതി അമ്മ അപ്പോഴും ഉറപ്പിച്ച് പറഞ്ഞു:വീട്ടിന്റെ പെറക് വശത്ത് ഗേറ്റുണ്ടങ്കി കാമുകൻ വരും.. ഒറപ്പാ.. സരസൊതി ജീവിതം കൊറേ കണ്ടതാ ..!
ലത ദേഷ്യം അടക്കിക്കൊണ്ട് പറഞ്ഞു :എങ്കിൽ മതില് ചാടിക്കോ..
സരസ്വതി അമ്മ പകച്ചു: അയ്യയ്യോ.. ഞാനീവയസാംകാലത്ത്.. എങ്ങനപ്പീ …?


ദേവു ആക്രോശിച്ചു:ജീവൻ വേണോ, എങ്കിൽ ചാട്…
സരസ്വതി അമ്മ ധൃഢനിശ്ചയം ചെയ്തു: ജീവനുകളാണല്ലാ വലുത് … ചാടാം… എന്നെയിത്തിരി എടുത്ത് പൊക്കിത്തരീ ചെല്ലക്കിളികളേ..
ദേവുവും ലതയും കൂടെ സരസ്വതിയെ എടുത്ത് പൊക്കാൻ ആരംഭിച്ചു. ഉയർത്തേണ്ടത് ഹിമാലയ പർവതത്തെ ആയിരുന്നു.


ദേവുവിൻ്റേം ലതേടേം നവദ്വാരങ്ങളിലൂടെ വെള്ളം പുറത്ത് ചാടി. കണ്ണിൽ നിന്നും ഒരു ലിറ്റർ വെള്ളം വന്നു .ദേവു അമർത്തിയ മറി:അയ്യോ എന്തൊരു കനം ..!
ഉയരത്തിലെത്തിയ സരസ്വതി അമ്മയോട് ലത അലറി: അമ്മേ അപ്പുറത്തേക്ക് ചാട്..!
ആ അമ്മ ചാടിയില്ല. ചെറിയൊരു പേടി.അപ്പ എന്താ ചെയ്ക?! ഒറ്റത്തഉള്! മരുമകൾ വക ചെറിയൊരു പ്രതികാരം!
മതിലിൻ്റെ അപ്പുറത്ത് പ്ധോ .. എന്ന്ഒരു ശബ്ദം. പിന്നാലെ ശ്രവ്യമധുരമാർന്ന നല്ലൊരു നിലവിളി !
ദേവു സഹതാപത്തോടെ പറഞ്ഞു :പാവം അമ്മ….. വീണ്ടും വീണു!
ലത :ജീവൻ രക്ഷിക്കാൻ വേണ്ടി രണ്ട് മൂന്ന് പ്രാവശ്യം വീഴുന്നതിൽ വല്യ കുഴപ്പമില്ല..
ഉവ്വ ! സത്യം!


ദേവു ചെവിയോർത്തിട്ട് പരിഭ്രാന്തിയോടെ പിറുപിറുത്തു :അപ്പുറത്ത് നിന്നും ശബ്ദമൊന്നും കേൾക്കുന്നില്ലല്ലോ .. അമ്മയെങ്ങാനും തട്ടിപ്പോയോ.?
ലത ദേവുവിൻ്റെ തലയിൽ കൈവച്ച് പറഞ്ഞു :എങ്കിൽ നിന്റെ ജീവിതം രക്ഷപെട്ടു..!
ദേവു ഓർമ്മിപ്പിച്ചു:നമ്മൾ രണ്ടു പേരും ജയിലിൽ കിടന്ന് ഉണ്ട തിന്നേണ്ടി വരും..
ലത ചിരിച്ചു : ഉണ്ട എനിക്കിഷ്ടമാണ് .. എങ്കിലും വാ.. നമുക്ക് നോക്കാം..
അതു കേട്ടുടനെ ദേവു മതിലിലേക്ക് വലിഞ്ഞ് കേറി.


ദേവു അപ്പുറത്തേക്ക് ചാടുന്നതിനിടയിൽ കൂവി: ഞാൻ ചാടീ.. നീയും വേഗം ചാട്..
ലതക്ക് ആവേശമായി : ഞാൻ അഞ്ജു ബേബി ജോർജ്ജിന്റെ ചേച്ചിയാണ് ചാട്ടത്തില്.. ഞാനിതാ എത്തി …! ഉയർന്ന് ചാടിയ ലത അപ്പുറത്ത് മൂടിടിച്ച് വീണു. ലത കാറി: യ്യോ.. എൻ്റെ മൂട് തലേലെത്തിയേ…!!
ദേവു പരിഹസിച്ചു:അഞ്ജു ബേബി ജോർജ്ജിന്റ ചേച്ചി വീണോ..?
ലത ചമ്മലോടെ പറഞ്ഞ്:ചെറുതായിട്ട്.. വീഴാത്ത ആരാ ഈ ലോകത്തുള്ളേ…?
അപ്പോ വീണ് കിടന്ന സരസ്വതി ഉണർത്തിച്ചു: ഞാൻ വലുതായിട്ടാണ് വീണ .. ചാടിയപ്പോ.. എല്ലാം തകർന്നു പോയി.. പക്ഷേ ബോംബ് ഇതുവര പൊട്ടീല.. പക്ഷേങ്കില് എന്റ ശരീരത്തില് ഇനി പൊട്ടാനൊരെടോം ബാക്കീല്ല… ഇതിനെക്കാലും നല്ല ബോംബ് പൊട്ടണതാര്ന്ന്…


ദേവു രക്ഷപ്പെടാൻ വെമ്പലോടെ പറഞ്ഞു :സംസാരിച്ച് നില്ക്കാൻ സമയമില്ല.. ബോംബ് എപ്പ വേണോ പൊട്ടി നമ്മളാകെ ചിതറിപ്പോയേക്കാം.. വാ നമുക്ക് ഈ ഇടവഴിയിലൂടെ ഓടി റോഡിൽ കേറാം ..
സരസ്വതി ആരാഞ്ഞു: എന്നിറ്റ് …?
ദേവു മറുപടി നൽകി :പിന്നേം ഓടാം …
ലത പറഞ്ഞു :എങ്കിൽ ഓടിക്കോ..

ലത ഫോൺ വിളിച്ചതിൻ പ്രകാരം പരിഭ്രാന്തിയോടെ ഓടിയെത്തിയതാണ് ശ്യാം.
ശ്യാം: എന്തിനാ ലതേ അത്യാവശ്യമായിട്ട് വരണമെന്ന് പറഞ്ഞത്?
ലത ആർത്തലറി :ബോംബ് ശ്യാമേ ബോംബ്..!
ശ്യാം: ബോംബ് ശ്യാമോ.. എനിക്ക് വട്ടപ്പേരൊക്കെ ഇട്ടോ..?
ശ്യാം ചിരിച്ചു.


ദേവു കാര്യം പറഞ്ഞു: തമാശകള ശ്യാമേ, വീട്ടില് ബോംബ് ..!
ശ്യാമിന് അവരുദ്യേശിച്ച വിധത്തിലുള്ള ഗൗരവമൊന്യം ഈ സംഭവത്തിൽ പുലർത്താനായില്ല. അയാൾ കളിയായി പറഞ്ഞു: ”വിട്ടില് ” ബോംബോ .. അതെന്ത് ബോംബ്. അങ്ങനെയൊക്കെ ബോംബുണ്ടോ? ആറ്റംബോംബെന്നൊക്കെ കേട്ടിട്ടുണ്ട് .. ശ്യാം ചിരിച്ചു .
ദേവു തിരുത്തി :വിട്ടില് അല്ല വീട്ടില് … ഞങ്ങളുടെ വീട്ടില് ബോംബ് …!
ശ്യാം പരിഭവിച്ചു: നിന്റെ വീട്ടില് ബോംബോ ?! ദേ.. ആളെ വിളിച്ചു വരുത്തി കളിയാക്കരുത് കേട്ടോ.


ദേവു തൻ്റെ സത്യസന്ധത ഉയർത്തി പ്രദർശിപ്പിച്ചു :കളിയാക്കിയതല്ല ശ്യാമേ, സത്യമായിട്ടും ഉള്ളതാ.. ഒരു ബാഗില് നെറച്ചും ബോംബ്. ഒരു ബൈക്കുകാരൻ ബേഗ് മതിലിനകത്തേക്ക് വലിച്ചെറിയുന്നത് ഞാൻ കണ്ടതാ ..
ശ്യാം ചോദിച്ചു: അതില് ബോംബാണെന്ന് നിന്നോടാര് പറഞ്ഞു?
ലതക്കത്’ ഇഷ്ടപ്പെട്ടില്ല :ശ്യാം പത്രമൊന്നും വായിക്കാറില്ല അല്ലേ.. ബാഗ് ബോംബാണ് ഇപ്പോഴത്തെ വില്ലൻ..


ശ്യാം ചോദിച്ചു: ബൈക്കിൽ പോയ ആളെകണ്ടോ..?
ദേവു പറഞ്ഞു :ഇല്ല. അയാള് ഹെൽമറ്റ് വച്ചിരുന്നു….!
ശ്യാം: നിന്നേം പ്രകാശനേം ബോംബ് വച്ച് കൊന്നിട്ട് അവനെന്ത് കിട്ടാനാ? ദേവൂ..?
ലത ഇടക്ക് കയറി പറഞ്ഞു :പോലീസിനെ കണ്ടപ്പോ കൈയിലിരുന്ന ബാഗ് ദേവൂന്റെ വീട്ടിലേക്ക് വലിച്ചെറിഞ്ഞതായിക്കൂടേ..?
ശ്യാം: അപ്പോ അത് ബോംബ് തന്നെയാണെന്ന് ലതക്ക് ഉറപ്പാണ്…!


ലത :ഉറപ്പ്…
ശ്യാം: നിൻ്റെ മാപ്പോടയൻ പ്രകാശൻ എവിടെ? ശ്യാം ദേവുവിനോട് ചോദിച്ചു ‘
ദേവു :കോഫീ ഷോപ്പിൽ പോയി ..
ശ്യാം :ദേവൂന്റെ അമ്മായിയോ?
ദേവു :ഹോസ്പിറ്റലിലേക്ക് പോയി..
ശ്യാം: എന്തിന്?
ദേവു :ഓടുന്നതിനിടയിൽ അമ്മ ഒന്ന് വീണു, താടി പൊട്ടി. മതില് ചാടുന്നതിനിടയിൽ അമ്മ രണ്ടാമതും ഒന്ന് വീണു, മുട്ട് പൊട്ടി. അതു കൊണ്ടാ ഹോസ്പിറ്റലിലേക്ക് വിട്ടത്… പാവം അമ്മ, മരിച്ചു പോകുമോ എന്തോ!
ശ്യാം: നിന്റെ ആഗ്രഹമൊക്കെ കൊള്ളാം.പക്ഷേ നടക്കില്ല. ദുഷ്ടൻമാർക്ക് ആയുസ് കൂടുതലാ. വീടിന്റെ വാതിലൊക്കെ പൂട്ടിയിട്ടാണോ നിങ്ങൾ ഇറങ്ങി ഓടിയത്?
ലത :പോ ശ്യാമേ, ജീവനും വാരിയെടുത്ത് ഓടുമ്പോ വാതിലൊക്കെ പൂട്ടാൻ എവിടെ സമയം?


ശ്യാം: വാതിലൊക്കെ തുറന്നിട്ടിട്ടാണോ നിങ്ങൾ ഒന്നരക്കിലോമീറ്ററകലെ ഇങ്ങനെ മാറി നിൽക്കുന്നത് ? കള്ളൻമാർ കയറി എല്ലാം എടുത്തോണ്ട് പോകില്ലേ?
ദേവു :ശ്യാമേ ഞങ്ങൾ അവിടെ പോയി നിന്നാൽ ബോംബ് പൊട്ടി ചാകില്ലേ..
ശ്യാം: അവിടെ ബോംബുള്ള കാര്യം കള്ളനറിയില്ലല്ലോ … വാ നമുക്കങ്ങോട്ട് ചെന്ന് ബോംബ് പൊട്ടിയോ എന്ന് നോക്കാം..
ദേവു : ഞാൻ വരുന്നില്ല. ചാകാൻ ഞാനില്ല..


ലത :ശ്യാമേ പോലീസിനെ വിളിക്ക്.അവര് നോക്കിക്കൊള്ളും. ചുമ്മാ അപകടത്തിലേക്ക് ചെന്ന് ചാടണ്ട. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നമ്മൾ റിസ്കെടുക്കാതെ പോലീസിലറിയിക്കുകയാണ് വേണ്ടത്..
ശ്യാം: ശരി എങ്കിൽ അങ്ങനെ ആകട്ടെ .. പോലീസ് വരട്ടെ…

ശ്യാം ദേഷ്യപ്പെട്ട് അലറി: പോലീസുകാരുടെ വായിലിരുന്നത് മുഴുവൻ കേട്ടപ്പോ എല്ലാർക്കും സമാധാനമായല്ലോ.. ഏതോ ഒരുത്തൻ വേസ്റ്റ് നിറച്ച ഒരു പഴയ ബാഗ് മതിലിനകത്തേക്ക് വലിച്ചെറിഞ്ഞപ്പോ ബോംബേ എന്ന് കാറി വിളിച്ച് മതില് ചാടി ഓടിയ പേടിത്തൂറികള്… മാലിന്യം അന്യന്റെ പറമ്പിലേക്ക് വലിച്ചെറിയുന്നത് മലയാളികളുടെ പുതിയൊരു കലാരൂപമാണല്ലോ.. പോലീസുകാർ ബോംബിന് പകരം വേസ്റ്റ് കണ്ടെടുത്തപ്പോ ഞാൻ നിന്ന് ഉരുകിപ്പോയി.ഞാനാണല്ലോ ഫോൺ വിളിച്ചത്…
ലത :അല്ല ശ്യാമേ ശ്രീലങ്കേലൊക്കെ പൊട്ടിയല്ലോ, ആ പേടീല്….


ശ്യാം: അതെ ശ്രീലങ്കയിൽ പൊട്ടി. അതിന് നമ്മളെന്തിനാ പരിഭ്രാന്തരാകുന്നത്? ഏത് മതത്തിൽ പെട്ട തീവ്രവാദിയായാലും ഈ മണ്ണിൽ കാലു കുത്താൻ ഒന്ന് മടിക്കും. ഒരുത്തനും ഒരു പൊട്ടാസു പോലും ഇവിടെ പൊട്ടിക്കാനും പറ്റില്ല. ഇത് കേരളമാണ്. ദൈവത്തിന്റെ സ്വന്തം നാട് .ഇവിടെ നമ്മൾ സുരക്ഷിതരാണ്. അമിത ഉത്കണ്ഠയും അകാരണ ഭയവും നമ്മുടെ സമാധാനം കെടുത്തും. സോഷ്യൽ മീഡിയകളിൽ വ്യാജ ബോംബുകൾ പൊട്ടും. അതൊക്കെ വിശ്വസിച്ചാൽ പിന്നെ രക്ഷയില്ല, അതൊക്കെ അവഗണിക്കുക, ശാന്തമായി ജീവിക്കുക. അതാണ് വേണ്ടത്.
ദേവു :ശ്ശോ.. ബോംബ് പൊട്ടിയിരുന്നെങ്കി പൊളിച്ചേനെ.. ചാനലുകാര് വരുമ്പോ കരഞ്ഞോണ്ട് നിക്കാമായിരുന്നു, ഇന്റർവ്യുവൊക്കെ കൊടുക്കാരുന്നു, മിസായിപ്പോയി..!


ലത :ശ്ശെടീ … ഇവളുടെ സംസാരം കേട്ടിട്ട്, ഇവളുടെ വീട് ഇവൾ തന്നെബോംബ് വച്ച് തകർക്കുമോന്നാ എന്റെയൊരു പേടി…
ശ്യാം: അബദ്ധമൊന്നും കാണിക്കല്ലേ ദേവൂ ..
ദേവു :എന്തായാലും വ്യാജബോംബ് കൊണ്ട് ഒരു ഉപകാരം ഉണ്ടായി.. സരസ്വതിയമ്മയെ വീടിന് ചുറ്റും ഓടിക്കാനും താഴെ വീഴ്ത്താനും പറ്റി. ഇനി രണ്ട് മൂന്നാഴ്ച അമ്മയുടെ നാക്ക് അധികം പൊങ്ങില്ല, താടിയൊക്കെ പൊട്ടിയിരിക്കുകയല്ലേ..
ലത :അവരുടെ മുറിവൊക്കെ ഉണങ്ങുമ്പോ, വേറൊരു പഴയ ബാഗ് വീട്ടിൽ കൊണ്ട് വച്ചിട്ട്, ബോംബെന്നും പറഞ്ഞ് നമുക്കിനിയും ഓടിച്ച് തള്ളിയിടണം ആ തള്ളയെ ..
ശ്യാം: ഹും.. യഥാർത്ഥ ബോംബ് കൊണ്ട് വച്ചാലും സരസ്വതിയമ്മ ഇനി ഓടില്ല ..
എല്ലാവരും ചിരിച്ചു.
പക്ഷേ തുടരും.

ശിവൻ മണ്ണയം.

By ivayana