രചന : സജി കണ്ണമംഗലം✍
ഹിമശൈലമഹാശിരസ്കയാം
സുമധാരിണി ഭാരതാംബ,നിൻ
പദമാഴിതൻ സുധാ,ജല-
തരംഗത്തിലെന്നും കഴുകി നീ.
രജപുത്രരെശസ്വികൾ പുരാ
പണിതീർത്തൊരു കോട്ടകൊത്തളം;
അജപാലകരൊത്തുവാണതാം
പലമാതിരി ഗ്രാമമേഖല!
തരുജാലമതീവശോഭയാൽ
തവ ചാരുതയേറ്റി നില്ക്കവേ;
മരുഭൂമികൾ ജീവരന്ധ്രിയാം
ജലദങ്ങളുണങ്ങി നില്ക്കയായ്.
അതിനൂതന ജീവശൈലിയാൽ
മതികെട്ടവരുണ്ട് ചുറ്റിനും;
അതിദാരുണമായി ജീവിതം
കൊതികെട്ടവരുണ്ട് നോക്കിയാൽ.
പല ഭാഷകളീശ്വരപ്പരിഭാഷകൾ
പോലെ ശുഭ്രമായ്
പല പൂക്കൾ വിരിഞ്ഞ വൃക്ഷമോ
കലകൾ , പല വേഷഭൂഷകൾ!
പല ജാതിമതങ്ങൾ സർവ്വദാ
ഇല തങ്ങളിലുമ്മവച്ചിടും,
നിലയിൽ വൃക്ഷവിശാലസ്നേഹമോ-
ടുലയും വാടിക പോലെ നിർമ്മലം!
അതിനൊക്കെയുമുയരെ നില്ക്കയാ-
ണതിമോഹനമായൊരെൻ കൊടി
അകമാകെ നിറഞ്ഞ സ്നേഹമാ-
ണത് നെഞ്ചിലെത്തുടിപോലെയാകണം!