സുകൃതമീ മണ്ണിൽ മർത്യനായി
പിറന്നതെന്നോർക്കാതെ പാപത്തിൻ
കൂടാരം തേടി അലയാതെ നീ..
ഈ മണ്ണിന്റെ പുണ്യമായി മാറിടേണം
ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് –
എന്നരുൾ ചെയ്ത മഹാഗുരുവിന്റെ
മണ്ണിൽ വിരിഞ്ഞൊരു നന്ത്യാർവട്ട
പൂക്കൾ നമ്മളെന്നോർക്കുക !
മണ്ണിൻ മനസ്സും പങ്കിലമായീടിൽ
പുണ്യങ്ങളെല്ലാം നമുക്കന്യമാകും..
സ്നേഹത്തിൻ കിരണങ്ങൾ മങ്ങിടാതെ
കാരുണ്യ പൂനിലാവായി നാം മാറിടേണം !
ഹിമശൈലങ്ങളിൽ തപം ചെയ്ത്
ധർമ്മത്തിൻ മർമ്മം അറിഞ്ഞവർ,
കാലത്തിൻ ഉലയിൽ ഉരുകി
തെളിഞ്ഞൊരു പൊന്മുത്തുകൾ
ഉള്ളിൽ എരിയുന്ന കനൽ ചിന്തുകൾ
കെടുത്തുവാൻ, ആയിരം പ്രാർത്ഥനാ മന്ത്രമുരുവിട്ടവർ, യാത്രാ മൊഴിചൊല്ലുമോ.?
മിഴികളിൽ നിഴലുകൾ മായുന്നുവോ?
കാരുണ്യ പൂക്കൾ ഹൃത്തിൽ നിറച്ചവർ,
മൃത്യുവിൻ മടിയിൽ മയങ്ങിതുടങ്ങുമ്പോൾ
കണ്ണും, കരളും പകുത്തു നല്കുംl
മണ്ണിൽ മറ്റൊരുയിരിന്നുദയമാകും !
തുടിക്കും ഹൃദയവും പകുത്തു നല്കി
പുതിയൊരുഷസ്സിൻ വെളിച്ചമാകും…
ഉച്ചക്കസ്തമിച്ച സൂര്യ തേജസ്സേ
നിന്നെ വണങ്ങാതെ ജന്മ മോക്ഷമില്ല
ശിശിരത്തിലും നിന്നോർമ്മകൾ തളിരണിയും
നിളയുടെ പുളിനങ്ങളിൽ കുളിരായി നിറയും !
നീ മുകിലിൻ മടിയിലിരുന്ന് മന്ദഹാസ
പൂക്കളായി പിന്നെയും പെയ്തിറങ്ങും..
മനസ്സിലെ മതിലുകൾ തകർന്നു വീഴും
ചുമലിലെ മാറാപ്പും വലിച്ചെറിഞ്ഞാ –
പുഴയിൽ മുങ്ങി കുളിച്ചു പോരൂ..
മനസ്സിലെ നന്മവിളക്കിൽ തിരി തെളിക്കൂ..
അന്ത്യമാം നിമിഷങ്ങളെ അർച്ചനാ പുഷ്പങ്ങളാക്കി കടന്നു പോകുന്നവർ.
അവർക്കൊരു സ്മാരകം വേറെ വേണ്ടാ
അവരുടെ സ്മാരകം നമ്മളല്ലോ !
കാലങ്ങളൊക്കെ കടന്ന് പോകുമെങ്കിലും
വരും കാലങ്ങളൊന്നും മറക്കുകില്ലാ..
അവരുടെ ജീവിത പന്ഥാവിലെ
പുൽക്കൊടിയാകുവാൻ മോഹിച്ചിടാം… !