മാത്യുക്കുട്ടി ഈശോ ✍

ന്യൂയോർക്ക്: അമേരിക്ക സന്ദർശിക്കാൻ എത്തിയ പെരുമ്പാവൂർ എം.എൽ.എ. അഡ്വ. എൽദോസ് കുന്നപ്പള്ളിക്ക് ന്യൂഹൈഡ് പാർക്കിൽ മലയാളീ സമൂഹം സ്വീകരണം നൽകി. കേരള നിയമസഭയിലേക്ക് രണ്ടാമത്തെ തവണയും പെരുമ്പാവൂർ നിയജക മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്സ് എം.എൽ.എ.-യാണ് കുന്നപ്പള്ളി. പ്രതിപക്ഷ അംഗമായി നിയമ സഭയിൽ സരസഭാഷയിലൂടെയും കവിതകളിലൂടെയും ഭരണ പക്ഷത്തെ നഖശിഖാന്തം വിമർശിക്കുന്ന ഏതാനും ചില സാമാചികരിൽ ഒരാളാണ് അഡ്വ. എൽദോസ് കുന്നപ്പള്ളി. 2010 മുതൽ 2015 വരെ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആയിരിക്കെ കേരളത്തിലെ ഏറ്റവും നല്ല ജില്ലാ പഞ്ചായത്തിനുള്ള അവാർഡ് നേടിക്കൊടുക്കുവാൻ കുന്നപ്പള്ളിയുടെ നേതൃത്വത്തിൽ സാധിച്ചു. അതിനു ശേഷം 2016-ലും 2021-ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ നിന്നും നിയമ സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

കോളേജ് വിദ്യാർഥി ആയിരുന്നപ്പോഴേ കെ.എസ്.യു. പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടു വച്ച തികഞ്ഞ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവർത്തകനാണ് കുന്നപ്പള്ളി. മുവാറ്റുപുഴ നിർമ്മലാ കോളേജിലെ മാഗസിൻ എഡിറ്റർ (1997-98), കോളേജ് യൂണിയൻ ചെയർമാൻ (1998-99), കോളേജ് ജനറൽ സെക്രട്ടറി (1999-2000), എം.ജി. യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് കൗൺസിൽ മെമ്പർ (2000-2001), കെ. എസ്.യു. സംസ്‌ഥാന ജനറൽ സെക്രട്ടറി (2006 -2007), എറണാകുളം ജില്ലാ യൂത്തു കോൺഗ്രസ്സ് പ്രസിഡൻറ് (2007-2010), മുവാറ്റുപുഴ ബാർ അസ്സോസ്സിയേഷൻ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

2010-2015 കാലഘട്ടത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആയിരിക്കെ ജില്ലാ പഞ്ചായത്ത് നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. നിർമ്മൽ ഗ്രാമ പുരസ്കാർ (2012 – 13), ഇന്ത്യാ ഗവണ്മെന്റിന്റെ ബെസ്ററ് ജില്ലാ പഞ്ചായത്ത് അവാർഡ് (2013), ആരോഗ്യ കേരളം പുരസ്‌കാരം (2013) കേരള സംസ്ഥാനത്തിന്റെ ഏറ്റവും നല്ല ജില്ലാ പഞ്ചായത്ത് അവാർഡ് (2014 – 15) തുടങ്ങിയ അവാർഡുകൾ എറണാകുളം ജില്ലാ പഞ്ചായത്തിന് നേടി കൊടുത്തത് കുന്നപ്പള്ളി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന കാലഘട്ടത്തിലാണ്. വാഷിംഗ്‌ടൺ ഡി.സി.യിൽ നടത്തപ്പെട്ട യു.എസ്. ഗവണ്മെന്റിന്റെ ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പിലേക്കു ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടു നേതാക്കളിൽ ഒരാളായിരുന്നു അഡ്വ. എൽദോസ് കുന്നപ്പള്ളി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (ഐ.ഓ.സി.) കേരളാ ചാപ്റ്റർ പ്രസിഡൻറ് ലീലാ മാരേട്ടിന്റെ നേതൃത്വത്തിലാണ് കുന്നപ്പള്ളിക്ക് ന്യൂ ഹൈഡ് പാർക്കിൽ സ്വീകരണം ക്രമീകരിച്ചത്. ഐ.ഓ.സി. നാഷണൽ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, ഫ്ലോറൽ പാർക്ക് മെർച്ചന്റ്സ് അസ്സോസ്സിയേഷൻ വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കോശി ഉമ്മൻ, മെർച്ചന്റ്സ് അസ്സോസ്സിയേഷൻ കമ്മറ്റി അംഗം വി. എം. ചാക്കോ, വേൾഡ് മലയാളീ കൗൺസിൽ (WMC) ന്യൂയോർക്ക് പ്രൊവിൻസ് പ്രസിഡൻറ് ഈപ്പൻ ജോർജ്, WMC വൈസ് പ്രസിഡൻറ് വർഗ്ഗീസ് എബ്രഹാം (രാജു), ഫോമാ മെട്രോ റീജിയൻ സെക്രട്ടറി ബിജു ചാക്കോ, സോഷ്യൽ വർക്കർ ജയകൃഷ്‌ണൻ, മോർട്ടഗേജ് ലോൺ ഓഫീസർ സജി തോമസ്, അഭിനേതാവ് ബിജോയ്, മാധ്യമ പ്രവർത്തകൻ മാത്യുക്കുട്ടി ഈശോ തുടങ്ങി നിരവധി മലയാളീ സുഹൃത്തുക്കൾ സ്വീകരണയോഗത്തിൽ പങ്കെടുത്തു. അമേരിക്കൻ മലയാളികളുടെ സ്നേഹാദരവുകൾക്കും സ്വീകരണം ക്രമീകരിച്ച ഏവർക്കും അഡ്വ. എൽദോസ് കുന്നപ്പള്ളി എം.എൽ.എ. നന്ദി രേഖപ്പെടുത്തി.

By ivayana