രചന : രഘുനാഥൻ കണ്ടോത്ത് ✍
മർത്ത്യനായ് മണ്ണിൽപ്പിറന്നു‐
നീ കണ്ണാ!
മാതൃമനസ്സുകൾക്കാരോമ‐
ലുണ്ണിയായ്!
ഉണ്ണിയായെന്നും‐
പിറന്നു നീയെത്തുന്നു
എങ്ങും നിൻ സ്മിതമല്ലോ‐
നിറയുന്നു കണ്ണാ!
കുട്ടികൾക്കുള്ളിൽ‐
കുസൃതിക്കുടുക്കയായ്
പൊട്ടിച്ചിരിപ്പതും‐
നീയല്ലോ കണ്ണാ!
തന്നെത്താൻ പങ്കിട്ടു‐
വീതിച്ചു നൽകിയും
ഗോപീമനങ്ങളിൽ
നർത്തനമാടി നീ!
പൊരുതുന്ന യൗവനേ‐
നിറയുന്ന പോരാട്ട‐
വീര്യവും തന്ത്രവും‐
നീതന്നെ കണ്ണാ!
ഏകാന്തജീവിത ‐
സായാഹ്ന വേളയിൽ
വേദാന്തമായ് പെയ്തിറങ്ങൂ
ദയാനിധേ!
ശിഷ്ടരെ കാക്കുവാൻ‐
യുദ്ധം നയിച്ചു നീ
ദുഷ്ടനിഗ്രഹം സാധിതമാക്കി നീ!
അവനും നീ,യിവനും നീ‐
അവനിയും നീയേ!
ആദിമധ്യാന്തവും സച്ചിദാനന്ദവും
നീ തന്നെ നീ തന്നെ കണ്ണാ!
നേർവഴിതന്നെ നയിച്ചീടുകെന്നും
ചപലരാം ഞങ്ങൾ‐
നയിക്കുന്ന തേരുകൾ!
തെറ്റുകുറ്റങ്ങൾ പൊറുക്കുക കണ്ണാ
വിറ്റുതിന്നാൻ പോലും
മടിയാതോർ ഞങ്ങൾ!!
അങ്ങയ്ക്കായ് കടിപിടി‐
തകൃതിയാണെങ്ങും,
അടിപിടിയാവാതെ
കാത്തുകൊള്ളേണമേ!!!