രചന : ജോസഫ് മഞ്ഞപ്ര✍
നീണ്ട പത്തുപതിനഞ്ചു ദിവസത്തെ തോരാത്ത മഴ
ഇവിടെ ഈ ഊഷ രഭൂമിയുടെ ഹൃദയത്തെ തണുപ്പിച്ചിരിക്കുന്നു, ഒപ്പം ഈ മഴ പലർക്കും ശാരീരിക വിഷമതകൾ വിതച്ചു.
പനി, ചുമ, അങ്ങിനെ വൈറലായ പല അസുഖങ്ങളും.
എന്റെ പനി വൈറലായകാര്യം ഞാൻ മുഖപുസ്തകത്തിൽ കുറിച്ചിരുന്നു.
പക്ഷേ ഈ മഴ മൊത്തത്തിൽ ഇവിടെ ആശ്വാസകരമാണ്.
പെയ്തു തീർന്ന മഴയുടെ സുഖകരമായ തണുപ്പും, വൈറലായ പനിയുടെ യാത്രമൊഴിയും ആസ്വദിച്ചു ഞാൻ മൂന്നാം നിലയുടെ ടെറസിലെ ചാരുകസേരയിൽ കിടക്കുന്നു.
സമയം രാത്രി 11മണിയായി.
ആകാശത്തു ഇനിയും മഴയായ് പെയ്യാൻ കൊതിക്കുന്ന കാർമേഘങ്ങൾക്കിടയിൽ പുറത്തു വരാൻ കൊതിക്കുന്ന നക്ഷത്രപ്പൂക്കളുടെ നിരാശനിറഞ്ഞ മുഖം.
പടിഞ്ഞാറ്‌നിന്ന് രാത്രിമാത്രം വിരിയാൻ വിധിക്കപ്പെട്ട നിശാഗാന്ധി പൂക്കളുടെ സുഗന്ധം പേറിയുള്ള ഇളം കാറ്റ്
ഒരു തൂവസ്പർശം പോലെതഴുകുന്നു.
താഴെ
ഹൈവേയിൽ കൂടി ഭാരം കയറ്റിപോകുന്ന ട്രക്കുകളുടെ ശബ്ദം.
കുറേ നാളായി എന്തെങ്കിലും കുത്തിക്കുറിച്ചിട്ട്.
ഒരു കഥ എഴുത്തിയാലോ?
Ok അതു അങ്ങിനെ ഫിക്സ് ചെയ്തു. ഒരു കഥയെഴുതാം.
എന്തിനെ ക്കുറിച്ചെഴുതും ??
ചിന്തകൾ വിഷയങ്ങൾ തേടി യാത്ര ചെയ്തു.
ഒടുവിൽ അവർ ഒന്നടങ്കം മൊഴിഞ്ഞു
“മാഷേ ഞങ്ങൾ പോയ ഇടങ്ങളിലെല്ലാം പ്രശ്നങ്ങളാണ്, രാഷ്ട്രീയം, മതം, വൈരാഗ്യം, ദാരിദ്ര്യം, കുടുംബ കലഹം അങ്ങിനെ..
പക്ഷെ ഒന്നിന് മാത്രം മാറ്റമില്ല.
“അതെന്താണ്??
ഞാൻ എന്റെ ചിന്തകളോട് ചോദിച്ചു.
അവർ പറഞ്ഞു.
“മാഷേ ലോകത്തു മാറ്റങ്ങൾക്കു വിധേയമല്ലാത്ത ഒന്ന് മാത്രമേയുള്ളു അതാണ് “പ്രണയം “
ഹോ ആശ്വാസമായി വിഷയം കിട്ടി. “പ്രണയം “
സർവചരാചരങ്ങളെയും നമുക്ക് പ്രണയിക്കാം.
ആലോചിച്ചിരുന്നു സമയം പോയി. സമയം 1:30രാത്രി.എഴുന്നേറ്റു സ്റ്റെപ്പിറങ്ങി മുറിയിലെത്തി
.ഭാര്യയും, മകനും ഉറക്കത്തിന്റെ സുഖസുഷു പ്തി യിൽ.
എഴുത്തുമേശക്കടുത്തേക്കു കസേര വലിച്ചിട്ടു
എപ്പോഴും റെഡിയായിട്ടുള്ള
ലെറ്റർ പാഡിൽ കുറിച്ചു
“”പ്രണയം “
ജോസഫ് മഞ്ഞപ്ര.
അടിയിൽ ഒരു നീണ്ട വരയും ഒരു കുത്തും.
അങ്ങിനെ ടൈ റ്റിലായി.
ഇനി എഴുതിതുടങ്ങാം.
മേശപ്പുറത്തിരുന്ന ഫ്ലാസ്കിൽ നിന്ന് അൽപ്പം ചുക്കുകാപ്പി കുടിച്ചു ഒന്ന് ഉഷാറായി. പേന കടലാസ്സിൽഅതിദ്രുതം ചലിച്ചു ഒരു കഥയുടെ പിറവി.
പെട്ടെന്നാണ് അത് സംഭവിച്ചത്!!
.ചുവരിലെ ക്ലോക്ക് സംഗീതത്മകമായി രണ്ട് പ്രാവശ്യം മുഴങ്ങി.
ഒപ്പം മുറിയിൽ ഇരുട്ട് നിറഞ്ഞു. അപ്പോഴാണ് ഞാൻ ഓർത്തത്‌പുലർച്ചെരണ്ട് മണി മുതൽ ആറുമണി വരെയുള്ള പവർ കട്ട്!!
പൂർത്തിയാക്കാത്ത എന്റെ പ്രണയ കഥയുടെ ദയനീയമായ അന്ത്യം!!