രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍

എനിക്കെൻ്റെ ജീവൻ തന്നൊരമ്മേ
നിനക്കെന്തു പകരം തരുവാൻ എനിക്കുണ്ടമ്മേ?

എനിക്കുള്ളതെല്ലാം വരദാനം
എൻ തനു ശ്വസിപ്പതും
നിന്നുള്ളിൻ മിടിപ്പുതാളം.

സ്വന്തമെന്നോതാൻ എന്തുണ്ടെന്നമ്മേ
നിൻ പ്രതിരൂപം പോലൊരു
നിഴൽ മാത്രമല്ലെ ഞാൻ?

അച്ഛൻ്റെ പ്രേമാഭിലാഷ രാഗം
മാതൃത്വഭാവമേകി
നിന്നുള്ളിലെന്നെ വളർത്തി.

അമ്മേ, ത്യാഗമയി,യെത്ര തീവ്ര
ഗർഭഭാര താപമേറ്റെൻ
പുണ്യജന്മമരുളി!

മാതൃസേവ ചെയ്തിടാതൊരുവൻ
മാതൃ പഞ്ചക കീർത്തനമെത്ര-
യാലപിക്കിലും,
സ്വർഗ്ഗമാർഗ്ഗം ദൃശ്യമാകില്ലെടോ
ശ്രീശങ്കരനദ്വൈതവാദി-
യാചാര്യനാകിലും!

നിൻ പാദധൂളികൾ ചന്ദനപ്പൊ-
ട്ടു പോലെൻ മുഖ ഫാലത്തിൽ
തൊട്ടു ഞാനെന്നും പാടും.

നിൻ കണ്ണിലമ്മേ, ഇരുൾ മൂടാതെ
കാവൽ തപാഗ്നിയിൽ
പുഞ്ചിരിതൂകിയെന്നും നിൽക്കും!

രാജശേഖരൻ ഗോപാലകൃഷ്ണൻ

By ivayana