രചന : ജയചന്ദ്രൻ എം ✍
എഴുത്തിന്റെ ഭാഷ ശ്ലീലമോ അശ്ലീലമോ എന്ന് വേർതിരിക്കാൻ ആകുമോ. എനിക്കു എന്തായാലും ആകില്ല, കഴിയില്ല . മനസിലെ കഥാപാത്ര രൂപകല്പനയ്ക്ക് അതാവശ്യപ്പെടുന്ന ഭാഷ ആണ് അഭികാമ്യം. ഒ വി വിജയന്റെ ധർമപുരാണം പോലെ ഒരു കൃതിക്കുംആനന്ദിന്റെ മരുഭൂമികൾ ഉണ്ടാകുന്നതു എന്ന കൃതിക്കും,എന്റെ കഥയ്ക്കും(മാധവികുട്ടി )ഗുരുസാഗരം പോലെ ഒരു രചനാ ശൈലി എങ്ങനെ സൃഷ്ടി ക്കുവാൻ ആകും. അപ്പോൾ എഴുത്തുകാരന്റെ മനോനിലയ്ക്കും കഥാകാരന്റെ ബിംബങ്ങൾക്കും അനുയോജ്യമായ ഭാഷ സൃഷ്ടിക്കേണ്ടി വരും.
ടി പദ്മനാഭന്റെ കടയനല്ലൂരിലെ സ്ത്രീ വായിക്കുമ്പോൾ ഒരു മുട്ടത്തു വർക്കി സ്റ്റൈൽ തോന്നിയത് എനിക്കു മാത്രം ആകില്ല. എന്നാൽ അദ്ദേഹത്തിന്റെ മറ്റു രചനകളുടെ ഭാഷ നമ്മെ അതിശയിപ്പിക്കുന്നു. അദ്ദേഹം തന്റെ കഥയിലെ ഒരു വാക്കിന് വേണ്ടി ദിവസങ്ങൾ തന്നെ അലഞ്ഞ കഥ നമുക്ക് അറിയാമല്ലോ.
അനുഭങ്ങളുടെ മൂശ പലപ്പോഴും എഴുത്തിന്റെ ഭാഷയെ രൂപപ്പെടുത്തുന്നു എന്ന് ചുരുക്കം.
എഴുത്തിനു ജാതിയും അധികാരവും കല്പിച്ചതും,എഴുത്തുകാരന്റെ കുപ്പായം പീഡനശ്രെമമറയാക്കിയതും,റൂഷ്ദി യെ പോലെ ഒരു എഴുത്തുകാരനെ കുത്തി അധികാരം കാൽച്ചോട്ടിൽ ആക്കാൻ ശ്രെമിച്ചതും അടുത്ത കാലത്താണല്ലോ.ജനാധിപത്യ രാജ്യങ്ങൾ ഇതൊക്കെ കണ്ടു നിർവൃതി കൊള്ളുന്നുമുണ്ട്.അക്ഷരങ്ങൾ വഴി അറിയാതെ പാത വക്കിൽ പകച്ചു നിന്നതും നമ്മൾ കണ്ടു…
ഈയിടെ സമൂഹ മാധ്യമങ്ങളിൽ സജീവമായി “എഴുത്തിലെ ലൈoഗികത “ചർച്ചയാകുന്നത് കണ്ടു.അതും ഇതുപോലെ തന്നെയാണ്. പെണ്ണെഴുത്തിന്റെ മുറവിളി പോലെ തന്നെ തുറന്നെഴുത്തും ഒരു വിഷയമാണ്. നരന് ഉള്ളുകാട്ടുവാൻ തന്ന ഉപായങ്ങളിൽ ഒന്നായി ഇതിനെ കാണാം.. ഒന്നുമേ ഉപായമില്ല എന്ന വേവലാതി ഇപ്പോൾ മാറ്റി, അർഥശങ്ക ഇല്ലാതെ പൂർണമായി സൃഷ്ടാവിന്റെ ഉള്ളു കാട്ടുവാൻ ഉള്ള ഉപാധി ആണ് ഈ തുറന്നെഴുത്തും.
ഏകാന്തതയിൽ ഉള്ള വികാരങ്ങളുടെ കവിഞ്ഞൊഴുകൽ ആയി കവിതയെ കണ്ട വേർഡ്‌സ് വർത്തും, ഏകാന്തതയുടെ അമാവാസിനാളിൽ കയ്വന്ന മിന്നാമിന്നി വെളിച്ചമായി എഴുത്തിനെ കണ്ട ഒ എൻ വി കുറുപ്പും,അക്ഷരത്തെ അഗ്നിയായി കണ്ട കാറൽ മാർക്സും നമ്മുടെ ചിന്തകളിൽ തീ പടർത്തിയതിനൊപ്പം,പമ്മനും, മുട്ടത് വർക്കിയും ഉള്ളിൽ ചേക്കേറിയതും എഴുത്തിലെ ഈ വികാര തള്ളിച്ചകൾ കൊണ്ടാണ്.
സ്ത്രീകൾ ആയ എഴുത്തുകാർ എഴുതിയില്ലെങ്കിലും അശ്ലീലമില്ലെങ്കിലും പുസ്തകം വിറ്റു പോകും,വായനക്കാരും അതിനു ഉണ്ടാകും.അതിൽ നെല്ലും നിഴലും ഉണ്ടെങ്കിൽ. കന്യാസ്ത്രീ കൾ എഴുതിയില്ലേലും ലോകത്തു പല പുസ്തകങ്ങളും വിവാദവുംആയിട്ടുണ്ടല്ലോ.
അപ്പോൾഅശ്ലീലമെഴുത്തിയാലേ വിറ്റു പോകൂ എന്ന് ചിന്ത സമൂഹത്തിനു ഉണ്ടോ എന്ന് സംശയമാണ്. അല്പം ഒക്കെ കൊച്ചു പുസ്തകങ്ങൾ വായിക്കുന്ന ശീലം ചെറുതുമല്ലല്ലോ, അത് എന്നും ഉണ്ട് താനും.
അടൂർ ഗോപാലകൃഷ്ണന്റെ സിനിമയെക്കാൾ ഉല്ലു എന്ന ഒ ടി ടി യിൽ സിനിമ കാണുന്നവരും കുറവല്ലല്ലോ.
എഴുത്തുകാരന്റെ അസംസ്കൃത വസ്തു ആണ് ഭാഷ. അതിനു ലിംഗത്തിന്റെയും വചനത്തിന്റെയും ജാതിയുടെയും കൊടിയുടെയും നിറം പകരാതിരിക്കുക.ചിന്തകളിൽ, തലച്ചോറിൽ മരപ്പട്ടികൾ കടിക്കാതിരിക്കട്ടെ.
സർഗ്ഗ ചിന്തകളുടെ മേച്ചിൽ പുറങ്ങളിൽ നവ ഭാവനയുടെ കേളി കൊട്ട് ഉണരട്ടെ.
നവ സാഹിത്യം അണ പൊട്ടി നിളയായി ഒഴുകട്ടെ പോസ്റ്റ് മോഡേണിസത്തിന്റെ ഓട വക്കിൽ ഒരു അക്ഷരമായ പുല്ലെങ്കിലുംകിളർക്കട്ടെ 🌞