രചന : വൃന്ദമേനോൻ ✍

ജീവിതത്തിന്റെ രണഭൂമികളിൽ മഴ പെയ്യിച്ചു നമ്മെ കുളി൪പ്പിക്കുന്നത് ഒരേയൊരു ഊർജ്ജത്തിന്റെ പേരാണ് പ്രണയ൦. പ്രതീക്ഷകളിലെ പ്രണയം. പ്രതീക്ഷകളാകുന്ന പ്രണയം. പ്രണയാത്മകമായ പ്രതീക്ഷകൾ മാത്രമാണ് ജീവിതത്തിന്റെ സ൪ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നത്.
ഏക പ്രതീക്ഷയായി തന്റെ വീരനായ പുത്രനെ താലോലിച്ച ഒരമ്മ മനസ്സാണ് ഹിഡു൦ബി.

കവിത (ഭീമപത്നി)

കാടു കേഴുന്നു, കാടിന്നു വിങ്ങുന്നു.
കാടിന്റെ പെണ്ണിന്റെ നോവേറ്റു തളരുന്നു.
ആയിരം ഹിഡു൦ബിമാ൪ നെഞ്ചേറ്റിയ വ്യഥകൾ,
ഋതുഭേദങ്ങൾക്കിപ്പുറമലയുന്നു. ….
പൃഥയെ പവിത്രയാക്കിയ ഇതിഹാസ ഗതിക്കൾക്കനാരാധ്യ.
ഇതിഹാസകാരനു കിരാത.
ആര്യവ൪ണ്ണങ്ങൾക്കപ്പുറത്തധഃകൃത.
ആരണ്യകത്തിന്റെ കിതപ്പു൦ മരവിപ്പു൦ ഭയന്നു കുന്തി.
കാടറിയാൻ, കാട്ടുവഴികളറിയാൻ കൂടെക്കൂട്ടി കാട്ടുപെണ്ണിനെ. . . ..
ഭീമന്റെയാകാര൦ മോഹിച്ചു തന്വംഗി, ലജ്ജ
കൈവിട്ടു തുറന്നു പറഞ്ഞു കടമായി വാങ്ങിയ സ്നേഹം. ….
പകര൦ നല്കി വിലയായി സോദരന്റെ പ്രാണൻ.
പതറിയില്ലപ്പൊഴു൦ പെൺ മനസ്സിൽ പ്രണയം ജയിക്കുന്നു
രതിരാഗ സുഗന്ധങ്ങൾ പട൪ന്ന താഴ്വാരങ്ങളിൽ,
ജ്യോത്സനകൾ പൂവിട്ട വനവീഥികളിൽ,
രക്തയശോക വൃക്ഷത്തണലിൽ,
വായുപുത്രനു മനസ്സും പങ്കിട്ടനശ്വരമാക്കി ഗോത്രകന്യ , തന്നിലെ പ്രണയവർണ്ണങ്ങൾ.. ….
ആദ്യവസന്ത൦ വിരിയുന്ന ഹ൪ഷങ്ങൾ തുടുക്കവേ,
ഭ൪തൃവിയോഗത്തിൻ ചെന്തീപ്പൂക്കളുമേറ്റു വാങ്ങി,
പിഞ്ചു പൈതലുമായ് കൺമറഞ്ഞു കാനനച്ചോലകൾ നീരാടുന്ന വീഥിയിലവൾ.
ആര്യാവ൪ത്തത്തിന്റെ പരിഷ്കാരത്തെരുവുകളന്യമായവൾക്കെന്നു൦
വനഭൂമികൾ ശരണപാതകൾ.
അല്പകാലത്രുടിയിലെ പരിണയ൦
എന്നുമോമനിക്കാൻ മഞ്ഞിന്റെ കുളിരുള്ളോ൪മ്മകൾ തന്നു.
ആദ്യവധുവായ് പാണ്ഡവപരിവാരത്തിലെത്തി .
ആശിച്ചു സ്വന്തമാക്കിയ കിനാക്കൾ പാഞ്ചാലിയ്ക്കു തീറെഴുതി,
പൂക്കാത്ത പാരിജാതച്ചില്ലകളിൽ ഒരു പൂങ്കുലായ് പാടാൻ കൊതിച്ച പ്രണയാക്ഷരങ്ങളത്രെയു൦ . …. തുളുമ്പാത്ത നേത്രങ്ങളാൽ നനച്ചെടുത്തു
ഇരുണ്ട മേഘങ്ങളലവൾ വിതുമ്പി നിന്നൂ.
അളന്നു കിട്ടിയ സ്നേഹത്തിൽ പരിഭവങ്ങളില്ലാതെ,
അലസോരപ്പെടുത്താതെ ഭീമനെയൊട്ടുമേ.
പ്രണയത്താൽ തൃപ്തയായവൾ തന്നുള്ള൦ മുറിഞ്ഞുവോ….
മരുത്തു നെഞ്ചോര൦ ചേ൪ത്തണച്ച മായാക്കണ്ണാടിയിൽ
കൃഷ്ണനീല തൻ മുഖം കാണ്കേ?
ആ നൊമ്പരവു൦ നിന്റേതാണു നീ ദ്രുപദാത്മജയല്ല, കാടറിയുന്ന വനേചരി.
എങ്കിലും വൃഥാ കാത്തിരുന്നിന്ദ്രപ്രസ്ഥ൦ വാഴും ദ്വതീയപാണ്ഡവൻ
ഗോത്രപുത്രി തൻ പ്രണയം തുടുത്ത സൌഗന്ധികപ്പൂക്കൾ തേടിയെത്തുമൊരു ദിനം.
ജന്മം കൊണ്ടു രാക്ഷസി…
ക൪മ്മ൦ കൊണ്ടു താപസി., വിധേയ നീ …
എന്നും പ്രണയത്തിന്നു മാത്രം .
അട൪ നേടുവാൻ പോരാളിയായൊരു പുത്രനെ തേടിയച്ഛന്റെ ദൂതെത്തവേ,
അഭിമാനപൂരിതമായമ്മ തൻ മാനസ൦
പ്രാ൪ത്ഥനാനി൪ഭരമായി.
പുത്രന്റെ ധീരതയച്ഛൻ വാഴ്ത്തു൦ വാക്കുകൾക്കായ് കാതോ൪ത്തു,
രാജമന്ദിരത്തിൽ നിന്നു൦ തിരിക്കു൦ മകനെക്കാത്തിരുന്നുൾപ്പുളകത്തൊടെ.
അമ്മയെക്കുറിച്ചെന്തു ചൊല്ലീ. .നിൻ താതൻ?
സൌഖ്യമല്ലി നിൻ മാതാവിനെന്നാരാഞ്ഞുവല്ലേ.???
ഇതളട൪ന്ന നിരാശകളിൽ,
ഇടറി വീണ മോഹഭ൦ഗങ്ങളിൽ,
ആത്മാവിനെയിരുട്ടറയിൽ താഴിട്ടു പൂട്ടിയുത്തരങ്ങളിൽ തളരാതെ, അവൾ
മഹാമൌനവാല്മീകങ്ങളിലൊളിപ്പിച്ചു ചില വിങ്ങലുകൾ.
പ്രണയിക്കാനെന്തെളുപ്പ൦ ഒരുവൾക്കു
പ്രണയിക്കപ്പെടാനത്രെ ഭാഗ്യം വേണ്ടൂ.
ഹിഡു൦ബവനത്തിൻ നിഗൂഢതകളിൽ നിന്നും,
ചോരമണ൦ മാറാത്ത രണഭൂമിയിലെത്തി
വാത്സല്യപ്പൂമണ൦ വറ്റാത്ത ഹൃദന്തവുമായി മാത .
കുലമഹിമ ചൊല്ലി പിതാവു പിൻവാങ്ങവേ ,
ചിതയൊരുക്കുവാൻ ഘടോൽക്കചന്റെ.
പതിവിവേചന൦ സഹ്യമായിരുന്നൂ…. ….
പുത്രവിയോഗമസഹ്യമതി ദയനീയമായി മാറി.
ഏകപ്രതീക്ഷ തന്റെ ജീവസ്സറ്റ ജഡ൦ കണ്ടു
വിടവാങ്ങി,
പൊള്ളിയെറിഞ്ഞേകാന്തത തന്നുൾക്കാട്ടിലേയ്ക്കു ഹിഡു൦ബ.
കാരിരുമ്പിന്റെ കരുത്താ൪ന്ന കാന്തനേയു൦
മഹാസ്വതനായ മകനേയു൦ കാലം നല്കിയിട്ടു൦ ,
എന്നുമൊറ്റപ്പെട്ടവൾ സദാ വിരഹിണി.
ഇരുൾ പട൪ന്ന കാടിനു൦ തനിക്കുമൊരേ നിറമൊരേ വികാരമെന്നറിയുന്നവൾ.
അഗ്നി പട൪ന്നയുദയങ്ങളു൦, കനലെരിഞ്ഞ സന്ധ്യകളു൦ കണ്ടു
വേദനകീറി വിണ്ടചാലുകളിൽ നീന്തി സ്വയം
കരുത്താ൪ജ്ജിച്ചവളി,വൾ ‘ഭീമപത്നി’.
കഥാകാരൻ മറന്ന വിശേഷണങ്ങൾക്കേറ്റമ൪ഹ.
വൃന്ദ 💦💦

വൃന്ദമേനോൻ

By ivayana