രചന : പെരിങ്ങോം അരുൺ കുമാർ ✍
പതിവു പോലെ കൃത്യസമയത്ത് തന്നെ സൂര്യൻ ജനല്‍ കര്‍ട്ടന്‍റെ ഇടയിലൂടെ തന്‍റെ സ്വര്‍ണ്ണ വിരലാല്‍ എന്നെ തഴുകി ഉണര്‍ത്തി. ഹോ എന്തൊരു ചൂട്, അമ്മയുടെ കൈയ്യിലെ ചൂട് ചട്ടുകം പോലെ. ഞാന്‍ സമയം നോക്കി, എഴുന്നേല്‍ക്കാന്‍ ഏറെ വൈകിയിരിക്കുന്നു. സൂര്യന്‍ നേരത്തേ എണിറ്റ് പല്ലതേപ്പും കുളിയും കഴിഞ്ഞ് പണി തുടങ്ങിയിരിക്കുന്നു. ഞാന്‍ ജനല്‍ കര്‍ട്ടന്‍ നീക്കി ജനാലകള്‍ മലര്‍ക്കെ തുറന്നിട്ടു. പേരമരത്തിലിരുന്ന കാക്ക എന്നെ നോക്കി ഇളിമ്പ്യ ചിരിചിരിച്ച് പറന്നു പോയി.
“ഇന്ന് വൈകിയത് എന്‍റെ കുറ്റമല്ല അലാറം അടിക്കാഞ്ഞിട്ടല്ലേ” ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു. അത് പറഞ്ഞപ്പൊഴാണ് ഓര്‍ത്തത് അലാറം എവിടെ പോയി ? ഞാന്‍ അവിടെല്ലാം നോക്കി. അതാ ചുവരിനടുത്ത് അലാറം തകര്‍ന്ന് കിടക്കുന്നു. ഉറക്കത്തില്‍ ശല്യം ചെയ്താല്‍ ഞാന്‍ ഇതല്ല ഇതിലപ്പുറവും ചെയ്തു പോകും. ബ്രഷിന്‍റെ മുഖത്ത് പേസറ്റ് വാരിത്തേച്ച് ഞാൻ അടുക്കള മുറ്റത്തേക്കിറങ്ങി.
“ഇന്നും അലാറം പൊളിച്ചു അല്ലേ” എന്നെ കണ്ടതും അമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു. അതെ ഈ അലാറം എറിഞ്ഞു പൊളിക്കൽ നിത്യസംഭവമാണ്. പാത്രം കഴുകി കൊണ്ടിരുന്ന ചേച്ചി ചില്ലു പാത്രം താഴെ വീഴുന്ന പോലെ ചിരിച്ചു. ഞാന്‍ രണ്ടാളേയും ഗൗനിക്കാതെ കിണറ്റിന്‍ കരയിലേക്ക് നടന്നു. കിണറിനരികിലെ അലക്കു കല്ലിലിരുന്ന ചക്കിപ്പൂച്ച എന്നെ നോക്കി കരഞ്ഞു “ങ്യാവ്യു”
“നീയും അവരുടെ സൈഡാ അല്ലേ കുറിഞ്ഞി, എനിക്കറിയാ” ഞാന്‍ പറഞ്ഞു. അതു കേട്ടതും അവള്‍ പിണങ്ങി അലക്കുകല്ലില്‍ നിന്നിറങ്ങിപ്പോയി. എല്ലാ ദേഷ്യവും ബ്രഷിൽ ആവാഹിച്ച് ഞാൻ നിമിഷ നേരം കൊണ്ട് പല്ലു തേപ്പ് അവസാനിപ്പിച്ചു, ഒരു ബക്കറ്റ് വെള്ളത്തില്‍ വായും മുഖവും കഴുകി.
“ഞാന്‍ കോരി വെച്ച വെള്ളമാണത്” ചേച്ചി മുഖം കറുപ്പിച്ചുകൊണ്ട് അവിടേക്ക് വന്നു. അത് കാര്യമാക്കാതെ നടക്കാനൊരുങ്ങി.
“ഒരു ബക്ക്റ്റ് വെള്ളം കോരി കൊടുത്തിട്ട് പോടാ” അച്ഛന്‍റെ കനത്ത ശബ്ദം.
“അച്ഛനൊരു മോട്ടൊറു വാങ്ങിക്കൂടെ”.
ഒന്നും മിണ്ടാതെ അച്ഛന്‍ നനഞ്ഞ തോര്‍ത്തും ചുമലിലിട്ട് വീട്ടിനകത്തേക്ക് പോയി.
ഞാന്‍ തൊട്ടിയും കയറും കിണറ്റിലേക്കിട്ടു, ‘കിരികിരാ’ കരഞ്ഞുകൊണ്ട് കപ്പി പമ്പരം കറങ്ങി.കയറും തൊട്ടിയും തേഴേക്ക് പാഞ്ഞു. ‘ഡും’ കിണറ്റില്‍ നിന്നും തൊട്ടി വെള്ളത്തില്‍ മുട്ടിയ ശബ്ദം. വെള്ളത്തിനായി അക്ഷമയോടെ കാത്തു നിക്കുന്ന ചേച്ചിയുടെ മുഖത്തേക്ക് ഞാന്‍ നോക്കി ഗൗരവത്തില്‍ തന്നെ.
“നോക്കി നിക്കാണ്ട് വേഗം വെള്ളംങ്കോര് ” വെള്ളം നിറഞ്ഞ് കനം വെച്ച തൊട്ടി ഞാന്‍ ഊക്കോടെ വലിച്ച് കയറ്റി.
“ഒരു തൊട്ടി കോരിയില്ലേ ബാക്കി ചേച്ചി കോരിക്കൊ” ഞാന്‍ തൊട്ടി ചേച്ചിയേ ഏല്‍പ്പിച്ച് വീടിനകത്തേക്ക് ഒറ്റ ഓട്ടം വെച്ചു കൊടുത്തു.
” ചേച്ചിയേ കൊണ്ട് കുളിക്കാനുള്ള വെള്ളം കൂടി കോരിക്കണം” ഞാന്‍ മനസില്‍ ചിന്തിച്ചു.
അങ്ങനെ ചേച്ചിയെ സോപ്പിട്ട് വെള്ളം കോരിച്ച് കുളി ഒക്കെ കഴിഞ്ഞ് യൂണിഫോമൊക്കെയിട്ട് ഭക്ഷണത്തിന് മുന്നില്‍ ചെന്നിരുന്നു. അച്ഛന്‍ ഭക്ഷണം കഴിച്ച് നേരത്തേ പോയിരുന്നു.
ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടിരിക്കേ ചേച്ചി പറഞ്ഞു.
“ഇന്ന് സമരമാണെന്ന് പത്രത്തില്‍ കണ്ടു ” കുറച്ച് ദിവസമായി വൈകി ഉണരുന്നത് കൊണ്ട് പത്രം വായിക്കാറില്ല. ഈ പത്രം വായന സമരം ഉണ്ടോ എന്ന് നോക്കാന്‍ മാത്രമാണെന്നത് എനിക്ക് മാത്രം അറിയുന്ന സത്യം, ഭക്ഷണം പെട്ടന്ന് കഴിച്ച് പത്രം മറിച്ചു നോക്കി. സമരം തന്നെ എസ്.എഫ്.ഐയുടേതാണ്.
“ഇന്നിനി സ്കൂളില്‍ പോകേണ്ട സമരം ഉറപ്പാണ്”. മനസ്സിൽ പറഞ്ഞുകൊണ്ട് യൂണിഫോം അഴിച്ചെറിഞ്ഞ് വീട്ടിൽ ഇടുന്ന കുപ്പായം എടുത്തുടുത്തു.
“എന്താ സ്കൂളില്‍ പോകുന്നില്ലേ”
ചേച്ചി യൂണിഫോമിട്ട് സ്കൂളിൽ പോകാൻ തയ്യാറായി വന്നു കൊണ്ട് ചോദിച്ചു.
“ഇന്ന് എസ്.എഫ്. ഐയുടെ സമരമാണ് പഠിപ്പ് മുടക്ക് സമരം. ഞാൻ എസ് എഫ് ഐ ആണ്. ഞാൻ സമരത്തെ അനുകൂലിച്ച് പഠിപ്പ് മുടക്കി. ഇന്നീ സമരം സൂചന മാത്രം, സൂചന കണ്ട് പഠിച്ചില്ലെങ്കിൽ നാളെ സമരം ആളി കത്തും.” സ്കൂളിൽ പോകുന്നില്ലെന്ന് ഞാൻ തീർച്ചപ്പെടുത്തി.
“ചിലപ്പോൾ ക്ലാസ് ഉണ്ടായെങ്കിലോ? ” ചേച്ചി വിടാനുള്ള ഉദ്ദേശമില്ല. അവൾ ഒമ്പതാം ക്ലാസിലും ഞാൻ അഞ്ചാം ക്ലാസിലും ആയിരുന്നു പഠിക്കുന്നത്.
ഞാൻ മുറ്റത്തേക്ക് ഇറങ്ങി ചെവിയോർത്തു. വീടിൻറെ അടുത്തു തന്നെയാണ് ഞങ്ങളുടെ സ്കൂൾ. പെരിങ്ങോം ഗവൺമെന്റ് ഹൈസ്കൂളിലാണ് ഞങ്ങൾ പഠിക്കുന്നത്. അഞ്ച് മിനിറ്റ് പോലും നടക്കണ്ട സ്കൂളിലേക്ക്. മുദ്രാവാക്യം വിളി വ്യക്തമായി കേൾക്കാം. എന്തായാലും പോയി നോക്കാം സമരവും കാണാമല്ലോ. യൂണിഫോം വീണ്ടും വലിച്ചു കയറ്റി. ബാഗിൽ ഒരു പുസ്തകം മാത്രം എടുത്തു വെച്ച് ചേച്ചിയുടെ കൂടെ സന്തോഷത്തോടെ സ്കൂളിലേക്ക് യാത്രതിരിച്ചു. വീട്ടിൽ നിന്നും റോഡ് വഴി നടന്നു പോയാൽ ചുറ്റി വളഞ്ഞ് പത്ത് മിനിറ്റ് എടുക്കും സ്കൂളിൽ എത്താൻ. ഇടവഴി കയറി പറമ്പ് മുറിച്ച് കടന്ന് ചില വീടിൻറെ മുറ്റത്ത് കൂടിയൊക്കെ കയറി പോയാൽ സ്കൂളിൽ പെട്ടെന്ന് എത്താം. ആ വഴി തന്നെ ഞാൻ ചേച്ചിയെ നയിച്ചു.

സ്കൂളിൽ എത്തിയപ്പോൾ മുദ്രാവാക്യം വിളിച്ചു കൊണ്ട് കുട്ടികൾ വരാന്തയിലൂടെ നടന്നു പോകുന്നുണ്ട്. ഇടയ്ക്ക് ചിലർ ക്ലാസുകളിൽ കയറി കുട്ടികളോട് സമരത്തിന് ഇറങ്ങാനായി ആഹ്വാനം ചെയ്യുന്നുണ്ട്.
ഞാൻ ബാഗ് ക്ലാസ്സിൽ വെച്ച് സമരത്തിൽ ചേരാം എന്ന് കരുതി അഞ്ചാം ക്ലാസ് ലക്ഷ്യം വെച്ച് നടന്നു. ക്ലാസ്സിൽ ഭാർഗവൻ മാഷ് ക്ലാസ്സെടുക്കുന്നുണ്ടായിരുന്നു. മാഷ് എന്നെ ക്ലാസിലേക്ക് സ്വാഗതം ചെയ്തു.
ഞങ്ങളുടെ ക്ലാസ്സിന് മുന്നിൽ കൂടി സമരം പോകുമ്പോൾ സമരത്തിന് ഇറങ്ങാൻ വിളിക്കുമല്ലോ എന്ന് ചിന്തിച്ചു ഞാൻ ക്ഷമയോടെ കാത്തിരുന്നു. സമരം രണ്ട് തവണ ക്ലാസ്സിനു മുന്നിലൂടെ പോയി. സമരം അടുത്തടുത്ത് വരുമ്പോൾ മുദ്രാവാക്യം ഉച്ചത്തിൽ ആകും അപ്പോൾ മാഷിൻറെ ശബ്ദം നിലയ്ക്കും. സമരം അകന്ന് പോകുമ്പോൾ മാഷിൻറെ ശബ്ദം ഉച്ചസ്ഥായിയിൽ ആകും.
കുറച്ചു കഴിഞ്ഞപ്പോൾ സമരത്തിൻറെ ശബ്ദം ഒന്നും കേൾക്കുന്നില്ല. നീണ്ട മണിക്കായ് കാത്തിരുന്ന കാതുകളെ നിരാശരാക്കി കൊണ്ട് അടുത്ത പിരീഡ് തുടങ്ങാനുള്ള ഒറ്റ ബെൽ മാത്രം മുഴങ്ങി. എൻറെ ഹൃദയം മദ്ദളം കൊട്ടാൻ തുടങ്ങി. അടുത്ത പിരീഡ് ഇംഗ്ലീഷ് ആയിരുന്നു. ഞാനാകെ ഒരു പുസ്തകം മാത്രമേ എടുത്തിട്ടുണ്ടായിരുന്നുള്ളൂ, ഇംഗ്ലീഷ് ടെസ്റ്റ് ഇല്ലെങ്കിൽ സഹദേവൻ മാഷ് ചെവി നുള്ളി എടുക്കും എന്ന് കാര്യം ഉറപ്പായി. ചെണ്ടയുടേയും മൃദംഗത്തിൻറേയുമൊക്കെ ശബ്ദം പിന്നിലെ ബെഞ്ചിൽ നിന്നും കേട്ടപ്പോൾ ഞാൻ മാത്രമല്ല ഇംഗ്ലീഷ് ടെസ്റ്റ് എടുക്കാതെ വന്നതെന്ന് എനിക്ക് മനസ്സിലായി.
അതോടെ എനിക്ക് കുറച്ചു ആശ്വാസമായി.
പക്ഷേ സഹദേവൻ മാഷ് ആ പിരിയഡ് വന്നില്ല. രാവിലെ വരുമ്പോൾ മാഷേ കണ്ടതാണല്ലോ എന്ന് ഞാൻ ചിന്തിച്ചു.
ആ പിരിയഡ് കഴിഞ്ഞ് ഡബിൾ ബെല്ല് അടിച്ചപ്പോൾ ഒറ്റ ഓട്ടത്തിന് വീട്ടിലേക്കെത്തി ബുക്കുകളൊക്കെ എടുത്ത് സ്കൂളിലേക്ക് തിരിച്ചെത്തി. സ്കൂൾ ഗെയിറ്റിൽ കാലെടുത്തു വെച്ചതും ലോങ് ബെല്ല് മുഴങ്ങിയതും ഒരുമിച്ചായിരുന്നു. ബെല്ലിൻറെ താളത്തിൽ കുട്ടികൾ ഗെയിറ്റ് കടന്ന് സ്കൂളിന് പുറത്തേക്ക് ഓടി. സാധാരണ ലോങ്ങ് ബെല്ലിനേക്കാൾ ദൈർഘ്യമുണ്ടായിരുന്നു അന്നത്തെ ആ നീണ്ടമണിക്ക്. എല്ലാവരുടേയും കൂടെ ഞാനും വീട്ടിലേക്ക് ഓടി. പ്യൂൺ കണാരേട്ടനല്ല ആ നീണ്ടമണി അടിച്ചതെന്ന് പിന്നീട് ആണ് അറിഞ്ഞത്. സഹദേവൻ മാഷ് ക്ലാസ്സിൽ വരാതിരുന്നതിൻറെ കാരണം മാഷെ കഞ്ഞിപുരയുടെ സ്റ്റോർ റൂമിൽ ആരോ പൂട്ടിയിട്ടത് കൊണ്ടായിരുന്നു എന്നും പിന്നീടാണ് ഞാൻ അറിഞ്ഞത്.
സുധീഷും മനുവും പെരിങ്ങോം സ്കൂളിൽ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. അവർ ഒരുമിച്ചാണ് എപ്പോഴും സ്കൂളിൽ പോകാറ്. മനുവിൻറെ അലാറം തന്നെ സുധീഷാണ്.
“മനൂ ദേ സുധി വന്നു നീ എഴുന്നേറ്റേ വേഗം” എന്ന് അവൻറെ അമ്മ വിളിച്ചു പറയുന്നത് കേട്ടു കൊണ്ടാണ് എന്നും സുധീഷ് മനുവിന്റെ വീട്ടിലേക്ക് കയറി ചെല്ലുന്നത്. സുധീഷ് ആ വീട്ടിൽ ചെന്ന് കയറിയതിനു ശേഷമാണ് മനു കിടക്കപ്പായയിൽ നിന്ന് എഴുന്നേൽക്കുന്നതു പോലും. ധൃധിയിൽ പല്ല് തേപ്പ്, കുളി ഇത്യാദി പരിപാടികൾ കഴിഞ്ഞ് യൂണിഫോമിട്ട് മനു ഇറങ്ങുന്നതുവരെ ബാലരമയോ, ബാലമംഗളമോ ഒക്കെ എടുത്തു വായിക്കുന്നുണ്ടാകും സുധീഷ്.
അന്നും പതിവ് പോലെ സുധീഷ് മനുവിൻറെ വീട്ടിൽ രാവിലെ തന്നെ ഹാജരായി. മനുവിന്റെ അമ്മയുടെ സ്ഥിരം ഡയലോഗ് കേട്ട് കൊണ്ട് അവൻ ഉമ്മറത്തേക്ക് കയറി ഇരുന്നു. അവിടെ കിടന്ന പഴയൊരു ബാലരമ എടുത്തു വായിക്കാൻ തുടങ്ങി.
സമയം ഇഴഞ്ഞു നീങ്ങുമ്പോഴേക്കും മനു സ്കൂളിൽ പോകാൻ തയ്യാറായി പെട്ടെന്ന് ഇറങ്ങി വന്നു. സൂകൂളിലേക്ക് പത്തു ഇരുപത് മിനിറ്റ് നടക്കാൻ ഉണ്ട്. ഊട് വഴി കയറി ഓടി പിടച്ച് സ്കൂളിൽ എത്തുമ്പോഴേക്കും എന്നും ക്ലാസ് തുടങ്ങിയിട്ട് ഉണ്ടാകും. അന്ന് ഒമ്പതുമണിക്ക് സ്പെഷ്യൽ ക്ലാസ്സ് ഉണ്ടായിരുന്നതിനാൽ നേരത്തേ ഇറങ്ങാൻ അവർ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു. എന്നിട്ടും മനുവിൻറെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ഒമ്പത് മണിയായിട്ടുണ്ടായിരുന്നു.
കെ.പി.നഗർ എത്തിയപ്പോൾ അവരുടെ അതേ സ്കൂളിൽ പഠിക്കുന്ന രണ്ടു പിള്ളേരെ കണ്ടു മുട്ടി.
“തിരുവനന്തപുരത്ത് ഒരു കെ.എസ്.യുകാരൻ എസ്.എഫ്.ഐകാരനെ അടിച്ചു. ഇന്ന് സമരമാണ്” അവരിൽ ഒരുത്തൻ പറഞ്ഞു.
“ശെരിക്കും, സത്യായിട്ടും?” സുധീഷ് ചോദിച്ചു.
“അതെ ചങ്ങായി, എല്ലാ പത്രത്തിലും ഉണ്ട്” മറ്റെവൻ നിസംശയം പറഞ്ഞു.
“ടപേ”
സുധീഷ് മനുവിനിട്ട് ഒന്ന് കൊടുത്തു. മറ്റു രണ്ടുപേരും അത് കണ്ട് ഞെട്ടി.
“അല്ലെങ്കിലും ഈ കെ.എസ്. യൂ കാർക്കൊക്കെ എസ്.എഫ്.ഐകാരെ കാണുമ്പോൾ ഒരു ചൊറിച്ചിൽ എപ്പോഴും ഉണ്ട്”
“ടപേ”
മനുവിനിട്ട് സുധീഷ് വീണ്ടും ഒന്ന് കൂടി കൊടുത്തു. മറ്റവൻമാർ അത് കണ്ട് ഏതോ വഴിയെ ഓടി. സംഭവം എന്താണെന്ന് വെച്ചാൽ മനു ഒരു കെ.എസ്.യൂകാരനും സുധീഷ് എസ്.എഫ്.ഐകാരനുമാണ്. അവർ തമ്മിൽ എത്ര വലീയ കൂട്ടാണെങ്കിലും എസ്.എഫ്.ഐകാരനെ കെഎസ്.യൂകാരൻ തല്ലിയാൽ സുധീഷ് മനുവിനെ തല്ലും. തിരിച്ചാണ് കിട്ടുന്നതെങ്കിൽ മനു സുധീഷിനെ തല്ലും, പിന്നെ അങ്ങോട്ട് പൊരിഞ്ഞ അടിയാണ് രണ്ടും കൂടി,അതൊരു നിത്യസംഭവമാണ്.
എന്നത്തേയും പോലെ അന്നും പൊരിഞ്ഞ അടി തുടങ്ങി. റോഡ് സൈഡിൽ വെച്ചാണ് അടി നടക്കുന്നത്. ബാഗൊക്കെ സൈഡിലേക്ക് വലിച്ചെറിഞ്ഞ് പോരുകോഴികളെ പോലെ അവർ പരസ്പരം അടിക്കുകയാണ്.
പെട്ടെന്ന് തന്നെ നാട്ടുകാരൊക്കെ കൂടി രണ്ടെണ്ണത്തിനേയും പിടിച്ചു മാറ്റി. അടികൂടതെ നേരെ സ്കൂളിലേക്ക് പോകണമെന്ന് പറഞ്ഞ് നാട്ടുകാർ അവരെ സ്കൂളിലേക്ക് പറഞ്ഞു വിട്ടു.
ബാഗൊക്കെ എടുത്ത് കൂച്ചുംകെട്ടി ( തോളോട് തോൾചേർന്ന്) രണ്ടും സ്കൂളിലേക്ക് വെച്ചു പിടിച്ചു.
“ങെ, ഇവമ്മാരല്ലേ ഇപ്പൊ തല്ല് കൂടിയത്” എന്നും പറഞ്ഞ് നാട്ടുകാർ മൂക്കത്ത് വിരൽ വെച്ച് അവരുടെ വഴിക്ക് പോയി.

അവർ സ്കൂളിൽ എത്തുമ്പോൾ ഒമ്പതേകാൽ ആയിട്ടുണ്ടായിരുന്നു. സമരത്തിൻറെ ഒരു ശബ്ദവും കേൾക്കുന്നില്ല. സ്റ്റാഫ് റൂമിന് മുന്നിൽ കുറച്ചു കുട്ടികൾ കൂട്ടം കൂടി നിൽപുണ്ട്. മനുവിൻറെ കൈയ്യിൽ തൻറെ ബാഗ് കൊടുത്തു വിട്ട് സുധീഷ് അങ്ങോട്ട് വെച്ചു പിടിച്ചു.
“എന്താടാ വിവേകേ സമരം തുടങ്ങാത്തെ”കൂട്ടം കൂടി നിൽക്കുന്ന കൂട്ടികളുടെ ഇടയിൽ നിന്നും തൻറെ അതേ ക്ലാസ്സിൽ പഠിക്കുന്ന വിവേകിനോടായി ചോദിച്ചു.
“ഹെഡ് മാഷ് സമരത്തിന് അനുമതി തരുന്നില്ലടാ, രതീഷേട്ടനൊക്കെ വീണ്ടും ചോദിക്കാൻ പോയിട്ട് ഉണ്ട്.” വിവേക് നിരാശയോടെ പറഞ്ഞു.
അത് കേട്ടപ്പോൾ സുധീഷിന് ദേഷ്യം ഇരച്ചു കയറി.
“വിവേകേ നീ പോയി നമ്മുടെ പിള്ളേരെ ഒക്കെ വിളിച്ചോണ്ട് വാ” അത് കേട്ടതും വിവേക് ഒമ്പത് ഡി ക്ലാസിലേക്ക് ഓടി.
രതീഷും ഷാഫിയും ഓഫീസിൽ നിന്നും ഇറങ്ങി വന്നപ്പോഴേക്കും ഒമ്പത് ഡിയിലെ നാലഞ്ചു പിള്ളേരുമായി വിവേക് എത്തിയിട്ടുണ്ടായിരുന്നു.
“കിട്ടിയോ?”
സുധീഷ് മുന്നോട്ട് വന്നു ചോദിച്ചു.
“ഇല്ലഡാ” നിരാശയോടെയുള്ള രതീഷിൻറെ മറുപടി കേട്ടതും സുധീഷിൻറെ മുഖം ചുവന്നു.
രതീഷിൻറെ കൈയ്യിലുള്ള കടലാസ് വാങ്ങി അവൻ ഓഫീസ് മുറിയിലേക്ക് കയറി. പിന്നാലെ വിവേകും ഒമ്പത് ഡിയിലെ മറ്റ് കുട്ടികളും.
ഹെഡ്മാഷ് അവരുടെ വരവ് കണ്ട് ദേഷ്യത്തോടെ എഴുന്നേറ്റു.
“കെ.എസ്.യൂ സമരം ആണെങ്കിൽ മാഷ് ഒപ്പിടുമല്ലോ, ഈ കസേരയിൽ ഇരുന്ന് രാഷ്ട്രീയം കളിക്കരുത്. ഞങ്ങൾ കുറച്ചു കുട്ടിസഖാക്കൾ മാത്രമല്ല എസ്.എഫ്.ഐ എന്ന പ്രസ്ഥാനം പടർന്നു പന്തലിച്ച ഒരു വലീയ മരമാണത്. മാഷിന് ഇതിൽ ഒപ്പിടാൻ പറ്റില്ലെങ്കിൽ അതൊരു പേപ്പറിൽ എഴുതി തരാമോ? അത് കിട്ടിയാൽ ഞാങ്ങൾ സമരം ചെയ്യാതെ ക്ലാസ്സിൽ പോയി ഇരുന്നൊളാം. ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടി ആണെന്ന കാര്യം മാഷ് മറക്കരുത്. ഈ സ്കൂളിന് പുറത്ത് ഒരു ലോകമുണ്ട്” അതും പറഞ്ഞു കൊണ്ട് അവൻ ആ കടലാസ് മേശപ്പുറത്തേക്ക് വെച്ചു.
ഹെഡ് മാഷ് പെട്ടെന്ന് ഒരു പേന എടുത്തു ആ കടലാസിൽ ഒപ്പിട്ടു. വിജയശ്രീലാളിതനായി സുധീഷ് ഓഫിസിൽ നിന്ന് ഇറങ്ങി വന്നു. ഹെഡ് മാഷ് ഒപ്പിട്ട കടലാസ് ഉയർത്തി പിടിച്ചു കൊണ്ട് അവൻ മുദ്രാവാക്യം വിളിച്ചു കൊണ്ട് നടന്നു.
“ഇൻക്വിലാബ് സിന്ദാബാദ്
എസ്.എഫ്.ഐ സിന്ദാബാദ്
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ്.
രക്തസാക്ഷികൾ അമരമാരവർ അനശ്വരമാർ ധീരൻമാർ
രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ.“
സുധീഷ് ഉറക്കെ മുദ്രാവാക്യം വിളിച്ചു കൊടുത്തു. മറ്റു കുട്ടികൾ അത് അതിലും ഉറക്കെ ഏറ്റുവിളിച്ചു.
“ഈ കഥയൊക്കെ ചേച്ചി എങ്ങനെ ഇത്ര വിശദമായി അറിഞ്ഞു?” ഞാൻ ചേച്ചിയോട് ആകാംക്ഷയോടെ ചോദിച്ചു. വീട്ടിലെ ഒരു മുറിയിൽ പഠിക്കാനായി ഒരു മേശയ്ക്ക് ഇരുവശവും ഇരിക്കുകയാണ് ഞങ്ങൾ. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലാണ് ഞങ്ങളുടെ പഠനം.
“ഒമ്പത് സിയും, ഒമ്പത് ഡീയും തമ്മിൽ ഒരു ചുവരിൻറെ വേർതിരിവ് മാത്രമല്ലേ ഉള്ളൂ. പിന്നെ അവിടെ നടക്കുന്നതെല്ലാം നമ്മുടെ സ്കൂളിൽ മൊത്തം പാട്ടല്ലേ” ചേച്ചി പറഞ്ഞു.
“എന്നിട്ട് സഹദേവൻ മാഷെ ആരാ കഞ്ഞിപുരയുടെ സ്റ്റോറൂമിൽ പൂട്ടിയിട്ടത്? അത് പറ”
കഥയുടെ ബാക്കി കേൾക്കാൻ എനിക്ക് തിരക്കായി.
“രണ്ടും കൂടി വർത്താനം പറഞ്ഞിരിക്കാ പഠിക്കാതെ”
അപ്പൊഴാണ് അമ്മ അങ്ങോട്ട് വന്നത്.
“അല്ലമ്മേ പഠിക്ക്യാ” ഞങ്ങൾ രണ്ടാളും ഒരേ സമയം പറഞ്ഞു.
“അവിടുന്ന് എണീറ്റ് രണ്ടാളും വന്ന് ചോറ് കഴിച്ചേ” അതും പറഞ്ഞു അമ്മ പോയി. ബാക്കി പിന്നീട് പറയാം എന്ന് പറഞ്ഞ് ചേച്ചിയും എഴുന്നേറ്റ് പോയി. പിന്നാലെ ഞാനും അടുക്കള ലക്ഷ്യമാക്കി നടന്നു.
കഥയും കഥാപാത്രങ്ങളും സന്ദർഭങ്ങളും സാങ്കൽപികം മാത്രം. മരിച്ചവരുമായോ ജീവിച്ചിരിക്കുന്നവരുമായോ ഈ കഥയ്ക്ക് യാതൊരുരു ബന്ധവുമില്ല. ആരുടെയെങ്കിലും ജീവിതവുമായി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രം.